പശുവിനെ മേയ്ക്കുന്നതിനിടെ മരിച്ച വീട്ടമ്മയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

പശുവിനെ മേയ്ക്കുന്നതിനിടെ മരിച്ച വീട്ടമ്മയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. പശുക്കടവ് കോങ്ങാട് മല ചൂളപ്പറമ്പില്‍ ഷിജുവിന്റെ ഭാര്യ ബോബിയെ (40) ആണ് വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പശുവിനെയും വനത്തിനുള്ളില്‍ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. ഇരുവരുടെയും മരണം വൈദ്യുതാഘാതമേറ്റെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ബോബിയുടെ ശരീരത്തില്‍ പരിക്കേറ്റ പാടുകളില്ലായിരുന്നു. പശുവിന്റെ ശരീരത്തിലും പരിക്കുകള്‍ ഉണ്ടായിരുന്നില്ല.
ബോബിയുടെ മൃതദേഹം കിടന്നതിന് പരിസരത്തുനിന്ന് വൈദ്യുതി കെണിയുടേതെന്ന് സംശയിക്കുന്ന വസ്തുക്കള്‍ കണ്ടെത്തി. കൊക്കോ തോട്ടത്തില്‍ പിവിസി പൈപ്പിന്റെ ഭാഗങ്ങളാണ് കണ്ടെത്തിയത്. കൊക്കോ മരത്തില്‍ വൈദ്യുതി കമ്പി കുടുക്കാന്‍ ശ്രമിച്ചതിന്റെയും സൂചനകളുണ്ട്. മൃതദേഹം കിടന്നതിന് സമീപത്തായി വൈദ്യുതി ലൈന്‍ കടന്നുപോകുന്നുണ്ട്. ബോബിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പഞ്ചായത്തംഗം ബാബുരാജ് ആരോപിച്ചു. പ്രദേശത്ത് കൂടുതല്‍ പരിശോധന നടത്താനുള്ള ഒരുക്കത്തിലാണ് വനംവകുപ്പ്.
ബോബിയെ ഇന്നലെ ഉച്ചതിരിഞ്ഞായിരുന്നു കാണാതായത്. മേയാന്‍ വിട്ട വളര്‍ത്തുപശു തിരികെ എത്താത്തതിനെത്തുടര്‍ന്ന് ബോബി അന്വേഷിച്ചിറങ്ങിയതായി മക്കളാണ് പിതാവ് ഷിജുവിനെ അറിയിച്ചത്. രാത്രിയായിട്ടും ബോബി മടങ്ങിയെത്താതായതോടെ വനംവകുപ്പും പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും കുറ്റിയാടി ജനകീയ ദുരന്തനിവാരണ സേനാ പ്രവര്‍ത്തകരും സംയുക്തമായി തെരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെയാണ് രാത്രി 12 മണിയോടെ ആളൊഴിഞ്ഞ പറമ്പില്‍ മൃതദേഹം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha

























