രാഹുൽ മാങ്കൂട്ടത്തെ കുരുക്കിയത് ഷാഫി പറമ്പിലിന് പാലക്കാട്ടേക്കുള്ള വഴിയൊരുക്കാനോ?

ഒരു കോൺഗ്രസ്എം.പിയുടെ മകളുമായുള്ള മാങ്കൂട്ടത്തിന്റെ വഴിവിട്ട ബന്ധം ഉൾപ്പെടെ പരസ്യമാക്കിയത് ഷാഫി പറമ്പിലിന്റെ ക്യാമ്പാണെന്ന വാർത്തകൾ അന്തരീക്ഷത്തിൽ സജീവമായിരിക്കെയാണ് ആരെയും രക്ഷിക്കാൻ നിൽക്കാതെ ഷാഫി ബിഹാറിലേക്ക് മുങ്ങിയത്. രാഹുൽ മാങ്കൂട്ടം ആവർത്തിച്ച് വിളിച്ചിട്ടും ഷാഫി ഫോണെടുത്തില്ലെന്നാണ് മനസിലാക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണവും യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാജിയും കോൺഗ്രസിലെ യൂത്ത് ബ്രിഗേഡിനും ക്ഷീണമുണ്ടാക്കി സമീപ കാലത്തു പാർട്ടിയിൽ യുവസംഘത്തിനു ലഭിച്ചുപോന്ന പരിഗണന പുനഃപരിശോധിക്കാനും നിരീക്ഷിക്കാനും മുതിർന്ന നേതൃനിര നിർബന്ധിതരാവുകയാണ്. പാർട്ടിയിൽ രാഹുലിന്റെ ‘മെന്റർ’ എന്ന വിശേഷണമുള്ള ഷാഫി പറമ്പിലിനെക്കൂടി ബാധിക്കുന്നതാണു രാഹുലിനുണ്ടായ പതനം. നിയമസഭയിലും പുറത്തും മികച്ചൊരു യുവനിരയെ വളർത്തിക്കൊണ്ടുവരാൻ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ വി.ഡി.സതീശനും കെപിസിസി പ്രസിഡന്റ് ആയിരിക്കെ കെ.സുധാകരനും ശ്രദ്ധ ചെലുത്തിയിരുന്നു. ഇതിന്റെ പരിണിത ഫലമാണ് ഇവർ അനുഭവിക്കുന്നത്.
2026 ൽ പാർട്ടിയെ മടക്കി കൊണ്ടുവരാൻ നിയുക്തരായിരുന്നു ഇവർ. നിയമസഭയിൽ പി.സി.വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, റോജി എം.ജോൺ, മാത്യു കുഴൽനാടൻ, അൻവർ സാദത്ത്, സി. ആർ.മഹേഷ് തുടങ്ങിയവർ സർക്കാരിനെതിരെ കോൺഗ്രസിന്റെ ഫയർ ബ്രിഗേഡുകളായിരുന്നു . പിന്നീട് ചാണ്ടി ഉമ്മനുമെത്തി. അതിനു പിന്നാലെ ഷാഫിക്കു പകരമെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ സഭയ്ക്കുള്ളിൽ ആ നിരയിലേക്ക് ഉയരാനുള്ള പരിശ്രമത്തിലായിരുന്നു. രാഹുലിനു യൂത്ത് കോൺഗ്രസിലും പാർലമെന്ററി രംഗത്തും മികച്ച പരിഗണന കിട്ടിയതിനു പിന്നിൽ ഷാഫിയുടെ ഇടപെടലും യുവാക്കൾക്കു കൂടുതൽ പ്രാതിനിധ്യം നൽകണമെന്ന പാർട്ടി നേതൃത്വത്തിന്റെ തീരുമാനവുമുണ്ടായിരുന്നു .
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ഗ്രൂപ്പ് തിരിഞ്ഞായിരുന്നു മത്സരമെങ്കിലും രാഹുലിനെതിരെ വ്യാജ വോട്ടർ പട്ടിക വിവാദമുയർന്നപ്പോൾ സംരക്ഷിക്കാനാണു പാർട്ടി നേതാക്കളെല്ലാം ശ്രമിച്ചത്. അടുത്തയിടെ വയനാട്ടിലെ ഫണ്ട് ക്രമക്കേട് ആരോപണത്തിലും ആ സംരക്ഷണം തുടർന്നു. എന്നാൽ പാർലമെന്ററി രംഗത്തേക്കുള്ള രാഹുലിന്റെ വരവിൽ പൊട്ടലും ചീറ്റലുമുണ്ടായി. രാഹുലിനെ പാലക്കാട്ടു തനിക്കു പകരക്കാരനാക്കണമെന്ന ഷാഫിയുടെ നിർബന്ധത്തിനു നേതൃത്വം വഴങ്ങിയപ്പോൾ പി.സരിൻ പാർട്ടിക്കു പുറത്തുപോയി. പാലക്കാട്ടെ മിന്നുന്ന ഉപതിരഞ്ഞെടുപ്പു വിജയത്തോടെ ഷാഫിയും രാഹുലും ഉൾപ്പെടുന്ന യുവനിരയ്ക്കു പാർട്ടിയിൽ വലിയ പ്രാമുഖ്യം ലഭിച്ചു. കെപിസിസി വർക്കിങ് പ്രസിഡന്റായി ഷാഫി വന്നു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ യൂത്ത് ബ്രിഗേഡിനൊപ്പം പി.കെ.ഫിറോസും പി.കെ.നവാസും സന്ദീപ് വാരിയരുമെല്ലാം ചേർന്നതോടെ അതൊരു യുഡിഎഫ് യൂത്ത് ബ്രിഗേഡായി. യുവനിരയുടെ രീതികളിലും ഇടപെടലുകളിലും മുതിർന്ന നേതാക്കളിൽ പലർക്കും അമർഷമുണ്ടായിരുന്നെങ്കിലും പുതിയകാലത്തെ ‘വൈബ്’ ആയി കണ്ടു വിട്ടുകളഞ്ഞു. ഇനിയിപ്പോൾ യൂത്ത് ബ്രിഗേഡിന്റെ രീതികൾ ചോദ്യം ചെയ്യപ്പെടും. നിയമസഭാ സമ്മേളനം അടുത്തമാസം ചേരാനിരിക്കുകയാണ്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിജയത്തിനുശേഷമുള്ള ആദ്യ സമ്മേളനമെന്ന നിലയ്ക്കു വിജയഭേരി മുഴക്കാനിരുന്ന കോൺഗ്രസ് രാഹുൽ വിഷയത്തിൽ പ്രതിരോധത്തിലാകും. രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കുന്നില്ലെങ്കിലും അടുത്ത തിരഞ്ഞെടുപ്പിൽ പാലക്കാട് സീറ്റിൽ കോൺഗ്രസിനു നല്ല പണിയെടുക്കേണ്ടിവരുമെന്ന വിലയിരുത്തൽ നേതാക്കൾക്കുണ്ട്.
യുവതികൾ ഉയർത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വീട്ടിൽ തുടരുന്നു. ഷാഫിയുടെ പിന്നണി പ്രവർത്തനം രാഹുലിന് അറിയാമെങ്കിലും അദ്ദേഹം സമ്മതിക്കാൻ അശക്തനാണ് . പുറത്തേയ്ക്ക് ഇറങ്ങാതെ വീട്ടിൽ തന്നെ തുടരുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ . നേരത്തെ നിശ്ചയിച്ച പൊതുപരിപാടികൾ പുതിയ സാഹചര്യത്തിൽ റദ്ദാക്കി. അടൂർ നെല്ലിമുകളിലുള്ള വീട്ടിലാണ് നിലവിൽ രാഹുലുള്ളത്. മണ്ഡലത്തിലെ പരിപാടികളിലോ മറ്റു പരിപാടികളിലോ രാഹുൽ പങ്കെടുക്കുന്നില്ല. ഇന്നലെയാണ് പാലക്കാട് നിന്നും കുടുംബവുമായി രാഹുൽ മാങ്കൂട്ടത്തിൽ അടൂരിലുള്ള വീട്ടിലെത്തിയത്. ചില സ്വകാര്യ ചടങ്ങുകളിൽ പങ്കെടുക്കാനാണ് എത്തിയതെങ്കിലും ആരോപണവുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉയർന്നതോടെ ചടങ്ങുകളിൽ നിന്ന് വിട്ടുനിന്നു. പിന്നീട് മാധ്യമങ്ങളോട് പ്രതികരിക്കാൻ മാത്രമാണ് എത്തിയത്. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചതായി രാഹുൽ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. വീടിൻ്റെ മുറ്റത്ത് വരെ ഡിവൈഎഫ്ഐ പ്രവർത്തകർ ഇന്നലെ പ്രതിഷേധവുമായി എത്തിയിരുന്നു. പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് കണക്കിലെടുത്ത് വീടിന് മുന്നിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. വീടിന് മുന്നിൽ പൊലീസ് ബാരിക്കേഡ് വെച്ച് തടസ്സം സൃഷ്ടിച്ചിട്ടുണ്ട്. നിലവിൽ ഇന്നലെ വീടിന് മുന്നിലാരും പ്രതിഷേധിച്ചിട്ടില്ല. അടൂരിൽ ഇന്ന് ഡിവൈഎഫ്ഐ പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. ചില പാർട്ടി പ്രവർത്തകരും സുഹൃത്തുക്കളും നേതാക്കളും മാത്രമാണ് വീട്ടിലെത്തുന്നത്. ഇവരെ പരിശോധിച്ചുമാത്രമാണ് പൊലീസ് വീട്ടിലേക്ക് കയറ്റിവിടുന്നത്.
https://www.facebook.com/Malayalivartha