ഭിന്നശേഷി അദ്ധ്യാപക നിയമനം ഹൈക്കോടതിയും സുപ്രീംകോടതിയും പുറപ്പെടുവിച്ച ഉത്തരവുകളുടെ അടിസ്ഥാനത്തിലെന്ന് മന്ത്രി

ഹൈക്കോടതിയും സുപ്രീംകോടതിയും പുറപ്പെടുവിച്ച ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് ആര്‍.പി.ഡബ്ല്യൂ.ഡി. ആക്ടിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായി സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷി വിഭാഗത്തിലുള്ളവരെ നിയമിക്കുന്നത് സംബന്ധിച്ചു സര്‍ക്കാര്‍ തുടര്‍മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി. എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനം സംബന്ധിച്ച് വിവിധ എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷനുകളുമായി പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയതായി മന്ത്രി പറഞ്ഞു. ഭിന്നശേഷി വിഭാഗത്തിലുള്ള ഉദ്യോഗാര്‍ഥികളുടെ നിയമനംമൂലം മറ്റുനിയമനങ്ങള്‍ തടസം കൂടാതെ നടത്തുന്നതിനുള്ള നടപടികളും ഹൈക്കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
'സംസ്ഥാനത്തെ ഓരോ എയ്ഡഡ് സ്‌കൂളിലും ഭിന്നശേഷി നിയമനം പൂര്‍ണമായും പാലിക്കപ്പെടുന്നതുവരെ 2018 നവംബര്‍ 18നും 2021 നവംബര്‍ എട്ടിനും ഇടയിലെ ഒഴിവുകളില്‍ നിയമിക്കപ്പെട്ട ജീവനക്കാര്‍ക്ക് ശമ്പള സ്‌കെയിലില്‍ പ്രൊവിഷണലായും 2021 നവംബര്‍ എട്ടിന് ശേഷമുണ്ടായ ഒഴിവുകളില്‍ നിയമിക്കപ്പെട്ടവര്‍ക്ക് ദിവസവേതന അടിസ്ഥാനത്തിലും നിയമനം നല്‍കുന്നതിനുമാണ് കോടതി നിര്‍ദേശിച്ചത്.
ഭിന്നശേഷി വിഭാഗം ഉദ്യോഗാര്‍ത്ഥിയെ ലഭ്യമാക്കി ബാക്ക്‌ലോഗ് പരിഹരിച്ച് മാനേജര്‍ നിയമിക്കുകയും, ഈ ഉദ്യോഗാര്‍ത്ഥിക്ക് അംഗീകാരം ലഭിക്കുകയും ചെയ്യുന്ന മുറയ്‌ക്കോ, ആര്‍.പി.ഡബ്ല്യൂ.ഡി ആക്ട് രണ്ടായിരത്തി പതിനാറ് സെക്ഷന്‍ മുപ്പത്തി നാലില്‍ രണ്ട് പ്രകാരം നടപടികള്‍ പൂര്‍ത്തീകരിക്കുന്ന മുറയ്‌ക്കോ പ്രസ്തുത കാറ്റഗറിയില്‍ പ്രൊവിഷണലായി തുടരുന്ന മറ്റ് നിയമനങ്ങള്‍, നിയമന തീയതി മുതല്‍ വിദ്യാഭ്യാസ ഓഫീസര്‍ പരിശോധിച്ച് റഗുലറൈസ് ചെയ്യാവുന്നതാണ്. ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിച്ച ജീവനക്കാര്‍ക്ക് ചട്ടപ്രകാരം സാദ്ധ്യമായ എല്ലാ ആനുകൂല്യങ്ങളും നല്‍കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.
പ്രൊവിഷണലായി ശമ്പള സ്‌കെയിലില്‍ നിയമനാംഗീകാരം ലഭിച്ച ജിവനക്കാര്‍ക്ക് പെന്‍ നമ്പര്‍ അനുവദിക്കുന്നതിനും, കെ.എസ്.ഇ.പി.എഫ്. അംഗത്വം, ഗ്രൂപ്പ് ഇന്‍ഷുറന്‍സില്‍ അംഗത്വം എന്നിവ നല്‍കുന്നതിനും 2024 ഏപ്രില്‍ മൂന്നിന് ഉത്തരവായിട്ടുണ്ട്. താത്കാലിക നിയമന ലഭിച്ച ജീവനക്കാര്‍ക്ക് അതേ മാനേജ്‌മെന്റിന് കീഴിലുള്ള മറ്റു സ്‌കൂളുകളിലെ വ്യവസ്ഥാപിത ഒഴിവുകളിലേക്ക് നിലവിലുള്ള രീതിയില്‍ തന്നെ തുടരുമെന്ന വ്യവസ്ഥയില്‍ സ്ഥലംമാറ്റം അനുവദിക്കാവുന്നതാണ് എന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്' മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha