
അറബിക്കടലിൽ എംഎസ് സി എൽസ-3 കപ്പൽ മുങ്ങിയ സംഭവം, കേരളത്തെ കുറച്ചു ദിവസം മുൾമുനയിൽ നിർത്തിയിരിക്കുകയാണ് ,
അറബിക്കടലിൽ എംഎസ് സി എൽസ-3 കപ്പൽ മുങ്ങിയ സംഭവത്തിൽ 1,227 കോടി രൂപ കരുതൽ ധനമായി കെട്ടിവയ്‌ക്കണമെന്ന് ഹൈക്കോടതി. നേരത്തെ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ഭേദഗതി ചെയ്തുകൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്.ദുരന്തത്തിൽപെട്ട് കപ്പലിൽ ഉണ്ടായിരുന്ന 399 കണ്ടെയ്നറുകൾ നഷ്ടപ്പെട്ടിരുന്നു. ഈ കണ്ടെയ്നറുകളുടെ ഉടമസ്ഥരായ വിവിധ കമ്പനികൾ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. നഷ്ടപരിഹാരമായി സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട തുക കെട്ടിവയ്‌ക്കുന്നത് വരെ കപ്പൽ മോചിപിക്കരുതെന്ന ഇടക്കാല ഉത്തരവ് ഭേദഗതി ചെയ്താണ് ഹൈക്കോടതി നിർദേശം.
ഹൈക്കോടതി നിർദേശിച്ച തുക കെട്ടിവച്ചതിന് ശേഷം കപ്പൽ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി. കപ്പൽ മുങ്ങിയ സംഭവത്തിൽ നിരവധി വിഷയങ്ങൾ ഉൾപ്പെടെ ഈ മാസം 30-ന് കോടതി വീണ്ടും പരിഗണിക്കും.കപ്പൽ മുങ്ങിയതിനെ തുടർന്നുണ്ടായ പരിസ്ഥിതിനാശം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാർ 9,531 കോടി രൂപ ആവശ്യപ്പെട്ടത്. എന്നാൽ പണം നൽകാൻ കപ്പൽ കമ്പനി വിസമ്മതിക്കുകയായിരുന്നു.
133 കോടി രൂപ മാത്രമേ സർക്കാരിന് നൽകുകയുള്ളൂവെന്നാണ് കമ്പനയുടെ വാദം.എന്നാല്‍, സര്‍ക്കാര്‍ ആവശ്യപ്പെടുന്ന തുക യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ലെന്ന വാദമാണ് കപ്പല്‍ കമ്പനി ഉന്നയിച്ചത്. അപകടം നടന്നിട്ടുള്ളത് സംസ്ഥാന സമുദ്രാതിര്‍ത്തിയില്‍നിന്ന് 14.5 നോട്ടിക്കല്‍ മൈല്‍ അകലെയായതിനാല്‍ കേരള സര്‍ക്കാരിന് അഡ്മിറാലിറ്റി സ്യൂട്ട് നല്‍കാന്‍ അധികാരമില്ലെന്നും അവര്‍ വാദിച്ചിരുന്നു.
കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ മെയ് 24നാണ് ചരക്കുകപ്പല്‍ ചരിഞ്ഞത്. ചരിവ് നിവര്‍ത്താനുള്ള ശ്രമം നടത്തിയെങ്കിലും പൂര്‍ണമായും മുങ്ങുകയായിരുന്നു. കപ്പലില്‍നിന്ന് വീണ കണ്ടെയ്നറുകളും വിനാശകാരികളായ പ്ലാസ്റ്റിക് അവശിഷ്ടങ്ങളും സമുദ്രപരിസ്ഥിതിയില്‍ പ്രത്യാഘാതം സൃഷ്ടിച്ചിരുന്നു. 184 മീറ്റര്‍ നീളവും 26 മീറ്റര്‍ വീതിയുമാണ് കപ്പലിനുള്ളത്.
https://www.facebook.com/Malayalivartha