തിരുവനന്തപുരം കോവളത്ത് ഗൃഹനാഥനെ തലയ്‌ക്കടിച്ച് കൊന്ന ശേഷം ഭാര്യയെ പീഡിപ്പിച്ച് ആഭരണം കവർന്ന പ്രതിയുടെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി...

തിരുവനന്തപുരം കോവളത്ത് ഗൃഹനാഥനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭാര്യയെ പീഡിപ്പിച്ച് ആഭരണം കവർന്ന പ്രതിയുടെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. പകരം പരോളില്ലാതെ 30 വർഷം കഠിന തടവ് അനുഭവിക്കേണ്ടതാണ്. കോവളം കോളിയൂർ ചാനൽകര പുത്തൻവീട്ടിൽ മരിയാദാസ് കൊലക്കേസിലാണ് തമിഴ്‌നാട് കാശിനാഥപുരത്ത് താമസിച്ചിരുന്ന വെമ്പായം തൊട്ടരികത്തു വീട്ടിൽ അനിൽകുമാറിനെ (കൊലുസ് ബിനു-41) ശിക്ഷിച്ചത്.
രണ്ടാം പ്രതി തമിഴ്‌നാട് ശാന്തമേട് സ്വദേശി ചന്ദ്രശേഖരന്റെ (ചന്ദ്രൻ-41) ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരിവച്ചു. കുറ്റകൃത്യം അപൂർവങ്ങളിൽ അത്യപൂർവമായി കണക്കാക്കാനാകില്ലെന്ന് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിലയിരുത്തി.
എന്നാൽ പ്രതി മാനസാന്തരപ്പെടാനുള്ള സാദ്ധ്യത കോടതി കണക്കിലെടുത്തു. 30 വർഷത്തെ തടവുജീവിതം ഉചിതമായ ശിക്ഷയാണെന്ന് വ്യക്തമാക്കിയാണ് അനിൽകുമാറിന്റെ വധശിക്ഷ ഒഴിവാക്കിയത്. പ്രതികളുടെ അപ്പീലും ഒന്നാംപ്രതിയുടെ വധശിക്ഷ നടപ്പാക്കാൻ അനുമതി തേടി സർക്കാർ നൽകിയ ഹർജിയുമാണ് പരിഗണിച്ചത്.
"https://www.facebook.com/Malayalivartha