സംവിധായകന്‍ രഞ്ജിത്തിനെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി

സംവിധായകന്‍ രഞ്ജിത്തിനെതിരെ എടുത്ത ലൈംഗികാതിക്രമ കേസ് ഹൈക്കോടതി റദ്ദാക്കി. ബംഗാളി നടിയുടെ പരാതിയിലാണ് കേസെടുക്കാനുള്ള കാലപരിധി അവസാനിച്ചെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയുടെ നടപടി. 15 വര്‍ഷത്തിലേറെ വൈകി കേസെടുത്ത മജിസ്‌ട്രേറ്റ് കോടതി നടപടി നിയമപരമായി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി അറിയിച്ചു.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള രഞ്ജിത്തിന്റെ ഹര്‍ജിയിലാണ് ജസ്റ്റിസ് സി.പ്രതീപ് കുമാറിന്റെ ഉത്തരവ്. കൊല്‍ക്കത്ത സെഷന്‍സ് കോടതിയിലാണ് 164 പ്രകാരം നടി രഹസ്യ മൊഴി നല്‍കിയത്. 2009ല്‍ പാലേരി മാണിക്യം എന്ന സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് തന്നെ വിളിച്ചുവരുത്തി സംവിധായകന്‍ മോശമായി പെരുമാറിയതെന്നാണ് നടിയുടെ പരാതി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് നടി ലൈംഗികാതിക്രമ ആരോപണവുമായി രംഗത്തെത്തിയത്. ആരോപണത്തെ തുടര്‍ന്ന് രഞ്ജിത്തിനെതിരെ കേസെടുക്കുകയായിരുന്നു.
സിനിമയെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണെന്ന് പറഞ്ഞ് കടവന്ത്രയിലെ ഫ്‌ലാറ്റിലേക്ക് വിളിച്ചു വരുത്തിയാണ് ലൈംഗികാതിക്രമത്തിന് ഇരയാക്കിയതെന്ന് നടി പറഞ്ഞു. സംവിധായകന്റെ ഉദ്ദേശം മനസിലാക്കി ഫ്‌ലാറ്റില്‍ നിന്നും പുറത്തിറങ്ങി സ്വന്തം താമസ സ്ഥലത്തേക്ക് മടങ്ങിയെന്നും നടി പറഞ്ഞു. എന്നാല്‍ സംഭവത്തിന് പിന്നാലെ സംവിധായകനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാന്‍ തനിക്ക് കഴിഞ്ഞില്ലെന്ന് നടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha
























