ദില്ലി ആസിഡ് ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനെ കസ്റ്റഡിയിലെടുത്തു

ദില്ലി ആസിഡ് ആക്രമണത്തിന് ഇരയായ വിദ്യാര്‍ഥിനിയുടെ പിതാവ് അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവാവിനെ കേസില്‍ പെടുത്താന്‍ വേണ്ടിയുള്ള നാടകം ആയിരുന്നു ആസിഡ് ആക്രമണമെന്ന് പിതാവ് മൊഴി നല്‍കിയതായി റിപ്പോര്‍ട്ട്. പെണ്‍കുട്ടിക്കെതിരെയും പൊലീസ് കേസെടുത്തേക്കും എന്നാണ് വിവരം. ഇന്നലെ കോളേജിലേക്ക് പോകും വഴി മൂവര്‍സംഘം പെണ്‍കുട്ടിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയെന്നായിരുന്നു പരാതി. പെണ്‍കുട്ടിക്ക് കൈക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇത് മനപ്പൂര്‍വ്വം ചെയ്തതാണെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ലക്ഷ്മിഭായ് കോളേജിലേക്ക് പോകുംവഴിയാണ് വിദ്യാര്‍ത്ഥിനിയെ ബൈക്കില്‍ എത്തിയ മൂവര്‍സംഘം ആക്രമിച്ചു എന്നായിരുന്നു പരാതി. പെണ്‍കുട്ടിയുടെ മുഖത്തിനു നേരെ ആസിഡ് ഒഴിച്ചെങ്കിലും കൈകൊണ്ട് തടഞ്ഞതിനാല്‍ കൈക്ക് മാത്രമാണ് പരിക്കേറ്റത് എന്നാണ് പറഞ്ഞിരുന്നത്. തുടര്‍ന്ന് പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. ഒന്നരവര്‍ഷമായി പ്രതികളില്‍ ഒരാളായ ജിതേന്ദര്‍ ശല്യപ്പെടുത്തിയിരുന്നതായി പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞിട്ടുണ്ട്.
ജിതേന്ദറിന്റെ ഭാര്യയോടടക്കം പെണ്‍കുട്ടി ഇക്കാര്യം പറഞ്ഞിരുന്നതായും സഹോദരന്‍ വ്യക്തമാക്കി. ഇതിന്റെ വൈരാഗ്യത്തില്‍ ആകാം ആക്രമണം എന്നായിരുന്നു പൊലീസിന്റെ നിഗമനം. എന്നാല്‍ കേസ് കെട്ടിച്ചമച്ചത് ആണോ എന്നാണ് പൊലീസ് നിലവില്‍ സംശയിക്കുന്നത്. പ്രതികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. സംഭവത്തില്‍ ദേശീയ വനിത കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. 5 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ദില്ലി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
https://www.facebook.com/Malayalivartha
























