ശബരിമലയിൽ വിഷുക്കണി ദർശനം 15ന്... വിഷുക്കണി ദർശനത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി

ഐശ്വര്യ സമൃദ്ധിക്കും സൗഭാഗ്യത്തിനുമായി ഭക്തർ കാത്തിരുന്ന വിഷുക്കണി ദർശനം 15ന്. ഭക്തർക്ക് കണികണ്ട് തൊഴുന്നതിനൊപ്പം ശ്രീകോവിലിൽ നിന്ന് വിഷു കൈനീട്ടവും ലഭിക്കും. അയ്യപ്പസന്നിധിയിൽ വിഷുക്കണി ദർശനത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
15ന് പുലർച്ചെ നാലുമുതൽ ഏഴുമണിവരെയാണ് വിഷുക്കണി ദർശനമുള്ളത്. പതിനാലിന് രാത്രി അത്താഴ പൂജയ്ക്ക് ശേഷം മേൽശാന്തി, കീഴ്ശാന്തി പരികർമികൾ എന്നിവർ ചേർന്ന് ശ്രീകോവിലിൽ വിഷുക്കണി ഒരുക്കിയ ശേഷമാണ് രാത്രി ഹരിവരാസനം ചൊല്ലി നട അടയ്ക്കുന്നത്. പുലർച്ചെ നട തുറന്ന് ശ്രീകോവിലിലെ ദീപങ്ങൾ തെളിയിച്ചു ആദ്യം ശബരീശനെയാണ് കണി കാണിക്കുന്നത്. അതിനുശേഷമാണ് ഭക്തർക്ക് വിഷുക്കണിക്ക് അവസരം.
തിരക്ക് നിയന്ത്രണത്തിന് വിപുലമായ പൊലീസ് ക്രമീകരണമാണ് സജ്ജമാക്കിയിട്ടുള്ളത്. കൂടുതൽ പൊലീസും എത്തുന്നുണ്ട്. പമ്പയിൽ കെഎസ്ആർടിസി താത്കാലിക ഡിപ്പോ തുടങ്ങി. പമ്പ - നിലയ്ക്കൽ ചെയിൻ സർവീസിന് 76 ബസ് എത്തി. ഇതിനുപുറമെ തിരുവനന്തപുരം, ചെങ്ങന്നൂർ, പത്തനംതിട്ട, കുമളി എന്നിവടങ്ങളിൽ നിന്ന് പമ്പയിലേക്ക് പ്രത്യേക സർവീസും ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























