സീരിയല്‍ നടന്‍ സിദ്ധാര്‍ഥ് വേണുഗോപാല്‍ അന്തരിച്ചു

സീരിയല്‍ നടന്‍ സിദ്ധാര്‍ഥ് വേണുഗോപാല്‍ അന്തരിച്ചു. കാന്‍സര്‍ ബാധിതനായിരുന്നു. നടി സീമ ജി നായര്‍ ആണ് മരണ വിവരം പങ്കുവെച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി രോഗവുമായി പോരാടിയതിന് ശേഷമാണ് സിദ്ധാര്‍ത്ഥിന്റെ വിയോഗമെന്ന് സീമ പറയുന്നു. തൃശൂര്‍ ചാലക്കുടി സ്വദേശിയാണ് സിദ്ധാര്‍ത്ഥ്.
'പ്രതീക്ഷകള്‍ അസ്തമിച്ചു ..പ്രശസ്ത സീരിയല്‍താരം സിദ്ധാര്‍ഥ് വേണുഗോപാല്‍ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി ..കഴിഞ്ഞ രണ്ട് വര്‍ഷം നിനക്ക് വേണ്ടി ഞാന്‍ പൊരുതി,മനസ്സും ,ശരീരവും തളര്‍ന്നപ്പോളും നിന്റെ ജീവന്‍ തിരിച്ചു പിടിക്കാനായി ഞാന്‍ ഓടിക്കൊണ്ടേയിരുന്നു .ഇന്ന് ഈശ്വരന്‍ തീരുമാനിച്ചു നീ കൂടുതല്‍ വേദനിക്കണ്ടായെന്ന് ..വയ്യ സിദ്ധാര്‍ഥ് തളര്‍ന്നുപോകുന്നു', എന്നാണ് സീമ ജി നായര്‍ കുറിച്ചത്. നിരവധി പേരാണ് സിദ്ധാര്‍ത്ഥിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്ത് എത്തുന്നത്.
'ഒരു കലാകാരന്‍ കൂടെ അകാലത്തില്‍ പൊലിഞ്ഞു. ടെലിവിഷന്‍ പാരമ്പരകളിലൂടെ പ്രേക്ഷകര്‍ക്കു ഏറെ പരിചിതനായിരുന്ന സിദ്ധാര്‍ത്ഥ് വേണുഗോപാല്‍. കുറച്ചുകാലമായി അദ്ദേഹം കാര്‍സര്‍ രോഗബാധിതനായിരുന്നു. നമുക്കെല്ലാം ഏറെ പ്രിയപ്പെട്ട സീമ ജി നായര്‍ ആയിരുന്നു സിദ്ധാര്‍ത്ഥന്റെ ആരോഗ്യപരിപാലനം ഒക്കെ നിര്‍വഹിച്ചിരുന്നത്. അന്തരിച്ചുപോയ ശരണ്യ ഉള്‍പ്പെടെ നിരവധി ആള്‍ക്കാരുടെ ആരോഗ്യരക്ഷയ്ക്ക് വേണ്ടി സീമ എപ്പോഴും കൂടെയുണ്ടായിരുന്നു. സിദ്ധാര്‍ത്ഥിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു ഒപ്പം സിമ ജി നായരുടെ നന്മ നിറയുന്ന മനസ്സിന് മുന്‍പില്‍ ശിരസ്സ് കുനിച്ച് നന്ദി അര്‍പ്പിക്കുകയും ചെയ്യുന്നു', എന്നാണ് നടന്‍ കിഷോര്‍ സത്യ പറഞ്ഞത്.
കസ്തൂരിമാന്‍, ഭാഗ്യജാതകം തുടങ്ങിയ സീരിയലുകളില്‍ ശ്രദ്ധേയവേഷം ചെയ്ത് കയ്യടി നേടിയ നടനായിരുന്നു സിദ്ധാര്‍ത്ഥ് വേണുഗോപാല്‍. ചെറുപ്പം മുതല്‍ അഭിനയത്തോട് തല്പരനായി സിദ്ധാര്‍ത്ഥ് കോളേജ് കാലഘട്ടത്തില്‍ പ്രൊഫഷണല്‍ നാടകങ്ങളില്‍ സജീവമായി. സ്വകാര്യ ചാനലില്‍ അവതാരകനായിരിക്കെ സീരിയല്‍, സിനിമ നിര്‍മാതാവുമായ അരുണ്‍ ഘോഷിലൂടെ സീരിയലില്‍ എത്തി. അച്ഛനും അമ്മയും അനുജനും അടങ്ങുന്നതായിരുന്നു സിദ്ധാര്‍ത്ഥിന്റെ കുടുംബം. അച്ഛന്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചിരുന്നു.
https://www.facebook.com/Malayalivartha

























