പെന്‍ഷന്‍ തുകയായ 500 രൂപയ്ക്ക് വേണ്ടി തൊണ്ണൂറുകാരിയെ ചുമലിലേറ്റി 5 കിലോമീറ്റര്‍ നടന്ന് മരുമകള്‍

തന്റെ 90 വയസ്സുള്ള ഭര്‍തൃമാതാവിനെ തോളിലേറ്റി 5 കിലോമീറ്റര്‍ റോഡിലൂടെ നടന്ന് ബാങ്കിലെത്തി 50 കാരിയായ മരുമകള്‍. കഠിനമായ ചൂടും, കത്തുന്ന കോണ്‍ക്രീറ്റും, സൂര്യാഘാതമേല്‍ക്കാനുള്ള സാധ്യതയും വകവയ്ക്കാതെയാണ് അവര്‍ നടന്നത്. വയോധികയുടെ തുച്ഛമായ പ്രതിമാസ പെന്‍ഷന്‍ തുകയായ 500 രൂപയ്ക്ക് വേണ്ടിയാണ് ഈ ദുരിതയാത്ര. ഛത്തീസ്ഗഡിലെ സുര്‍ഗുജ ജില്ലയില്‍ നിന്നുള്ള ഹൃദയഭേദകമായ ഈ ദുരിതയാത്ര യാദൃശ്ചികമായി ആ വഴി വന്ന ഒരാളാണ് ക്യാമറയില്‍ പകര്‍ത്തിയത്. ജഗല്‍പാറ ഗ്രാമവാസിയായ സുകുമനിയയാണ് ഭര്‍തൃമാതാവിനെ തോളിലേറ്റി ബാങ്കിലെത്തിയത്.
ബാങ്ക് മിത്ര എന്ന ചുമതലയിലുള്ള ഒരു ഉദ്യോഗസ്ഥന്‍ പ്രതിമാസ പെന്‍ഷന്‍ വീട്ടിലെത്തിക്കുമായിരുന്നുവെന്നും കെവൈസി വിവരങ്ങള്‍ പൂര്‍ണമല്ലാത്തതിനാല്‍ ഭര്‍തൃമാതാവിന് പെന്‍ഷന്‍ നിഷേധിക്കപ്പെട്ടുവെന്നും നാലു മാസമായി പെന്‍ഷന്‍ ലഭിക്കുന്നില്ലെന്നും സുകുമനിയ പറഞ്ഞു. തുടര്‍ന്നാണ് മെയിന്‍പട്ടിലെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലെത്താന്‍ കാല്‍നടയായി കിലോമീറ്ററുകള്‍ സഞ്ചരിച്ചത്.
ജനുവരിയിലാണ് അവസാനമായി പെന്‍ഷന്‍ നല്‍കിയതെന്നും കെവൈസി വിവരങ്ങള്‍ പൂര്‍ണമല്ലാത്തതിനാല്‍ സേവനം നിര്‍ത്തിവച്ചിരിക്കുകയാണെന്നും മെയിന്‍പട്ട് ജന്‍പത് പഞ്ചായത്ത് സിഇഒ ഖുശ്ബു ശാസ്ത്രി സ്ഥിരീകരിച്ചു. ഭര്‍തൃമാതാവിനെ തോളിലേറ്റിയാണ് സുകുമനിയ ബാങ്ക് ശാഖയിലെത്തിയതെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനു പിന്നാലെ നാലു മാസത്തെ പെന്‍ഷന്‍ തുകയായ 2000 രൂപ നല്‍കിയെന്നും ഖുശ്ബു ശാസ്ത്രി പറഞ്ഞു. ജൂണ്‍ മുതല്‍ വീട്ടില്‍ നേരിട്ടെത്തി പെന്‍ഷന്‍ തുക കൈമാറുമെന്ന് ബാങ്ക് അധികൃതര്‍ ഉറപ്പുനല്‍കി.
സര്‍ക്കാരിന്റെ വീഴ്ചയെ വിമര്‍ശിച്ച് മുന്‍ ഉപമുഖ്യമന്ത്രി ടി.എസ് സിങ് ഡിയോ രംഗത്തെത്തി. വോട്ട് ചോദിച്ച് ജനങ്ങളുടെ വീട്ടിലെത്തുന്ന രാഷ്ട്രീയക്കാര്‍, സംസ്ഥാനത്തെ വയോജനങ്ങള്‍ക്ക് പെന്‍ഷന്‍ വീട്ടിലെത്തിക്കാന്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























