പസഫിക് സമുദ്രത്തിൽ എൽ നിനോ പ്രതിഭാസം ഔദ്യോഗികമായി സ്ഥിരീകരിച്ചു.... ഇന്ത്യൻ ഓഷ്യൻ ഡൈപോൾ ന്യൂട്രലിൽ

കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് കാരണമാകുന്ന എൽ നിനോ പ്രതിഭാസം ഔദ്യോഗികമായി സ്ഥിരീകരിച്ചു. പസഫിക് സമുദ്രത്തിലെ ജലത്തിന്റെ ഉപരിതല താപനില അസാധാരണമായി ഉയർന്നതാണ് ഈ പ്രതിഭാസത്തിന് കാരണം.
നിലവിൽ ഭൂമധ്യരേഖാ പസഫിക് സമുദ്രത്തിൽ എൽ നിനോ സാഹചര്യങ്ങൾ കടുപ്പമേറിയതാണെന്നും , വരാനിരിക്കുന്ന തെക്കുപടിഞ്ഞാറൻ മൺസൂൺ സമയത്ത് ഇത് കൂടുതൽ തീവ്രമാകാൻ സാധ്യത അറിയിപ്പുണ്ട്. സമുദ്രോപരിതലത്തിലെ ഈ താപവർധനവിനോട് അന്തരീക്ഷം ഇതിനകം തന്നെ പ്രതികരിച്ചു തുടങ്ങി.
സമുദ്ര-അന്തരീക്ഷ വ്യവസ്ഥകൾ പൂർണ്ണമായും എൽ നിനോ സ്വഭാവം പ്രകടിപ്പിച്ചു തുടങ്ങിയതായി കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു. ജൂൺ മാസത്തോടെ പസഫിക്കിലെ താപനില എൽ നിനോ പരിധിയെ മറികടന്നു കഴിഞ്ഞു.
കാലവർഷ സീസണിൽ മിതമായതോ ശക്തമായതോയായ എൽ നിനോക്ക് സാധ്യതയെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, ഇന്ത്യൻ ഓഷ്യൻ ഡൈപോൾ (IOD) നിലവിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ സാധാരണ സാഹചര്യമാണ് നിലനിൽക്കുന്നത്. കാലവർഷം അവസാനിക്കുന്നത് വരെ ന്യൂട്രൽ അവസ്ഥ തന്നെ തുടരാനാണ് സാധ്യതയെന്ന് മൺസൂൺ മിഷൻ കപ്പിൾഡ് ഫോർകാസ്റ്റ് സിസ്റ്റം (MMCFS) സൂചിപ്പിക്കുന്നു.
അതേസമയം കേരളം ഉൾപ്പെടെയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ ലഭിക്കേണ്ട സാധാരണ മഴയുടെ അളവ് ഗണ്യമായി കുറയാൻ എൽ നിനോ കാരണമാകുന്നു. കൃത്യസമയത്ത് മഴ ലഭിക്കാത്തത് രാജ്യത്തെ കാർഷിക മേഖലയെയും ജലലഭ്യതയെയും ഭക്ഷ്യവിലയെയും ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.
https://www.facebook.com/Malayalivartha



























