കോഴിക്കോട് വിമാനത്താവളത്തില്‍ കസ്റ്റംസുകാരെ കബളിപ്പിച്ച് പുറത്തെത്തിച്ച 98.04 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

കോഴിക്കോട് വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസിനെയും കസ്റ്റംസ് ഇന്റലിജന്‍സിനെയും കാണാതെ ഗ്രീന്‍ ചാനലിലൂടെ കടത്തിയ 98.04 ലക്ഷത്തിന്റെ 3.265 കിലോഗ്രാം സ്വര്‍ണം കോഴിക്കോട്ടുനിന്നെത്തിയ ഡിആര്‍ഐ സംഘം പിടികൂടി. യാത്രക്കാരനെയും സ്വീകരിക്കാന്‍ എത്തിയ രണ്ടു പേരെയും കാറും 47,500 രൂപയും കസ്റ്റഡിയില്‍ എടുത്തു.
ഇന്നലെ രാവിലെ എട്ടരയോടെ കോഴിക്കോട് വിമാനത്താവള ടെര്‍മിനലിനു മുന്‍പില്‍ നാടകീയമായാണു ഡിആര്‍ഐ സംഘം സ്വര്‍ണവേട്ട നടത്തിയത്. റിയാദില്‍നിന്ന് അബുദാബി വഴി എത്തിയ കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം സ്വദേശി അമ്പലപ്പുരയില്‍ റഫീഖ് (32) കൊണ്ടുവന്ന റജിസ്‌ട്രേഡ് ലഗേജില്‍നിന്നാണു സ്വര്‍ണം കണ്ടെടുത്തത്. മുന്നറിയിപ്പനുസരിച്ചു കോഴിക്കോട്ടുനിന്നെത്തിയതായിരുന്നു ഡിആര്‍ഐ സംഘം.
വിമാനത്തില്‍നിന്നിറങ്ങി യാത്രക്കാരന്‍ അതിവേഗത്തില്‍ ഇമിഗ്രേഷന്‍ കസ്റ്റംസ് പരിശോധനകള്‍ പൂര്‍ത്തിയാക്കി പുറത്തുകടക്കുകയായിരുന്നു. യാത്രക്കാരന്റെ ലഗേജ് സ്വീകരിക്കാന്‍ എത്തിയവര്‍ കൊണ്ടുവന്ന കാറില്‍ കയറുമ്പോഴാണു ഡിആര്‍ഐ സംഘം പിടികൂടിയത്.
116.64 ഗ്രാം വീതം തൂക്കമുള്ള 28 സ്വര്‍ണ ബിസ്‌കറ്റുകള്‍ എമര്‍ജന്‍സി വിളക്കിന്റെ ബാറ്ററി മാറ്റി അതിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. സ്വീകരിക്കാന്‍ എത്തിയവരുടെ പേരുകള്‍ ഡിആര്‍ഐ വ്യക്തമാക്കിയിട്ടില്ല. യാത്രക്കാരന്‍ കാരിയര്‍ മാത്രമാണെന്നാണു നിഗമനം. യാത്രക്കാരന്റെയും സ്വീകരിക്കാന്‍ എത്തിയവരുടെയും ചാത്തമംഗലത്തെ വീടുകള്‍ ഡിആര്‍ഐ ഇന്നലെ പരിശോധിച്ചു. ഇന്നു കോടതിയില്‍ ഹാജരാക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha