ഭാര്യയ്ക്കും മകൾക്കും പിന്നാലെ ഗൃഹനാഥനും മരണത്തിന് കീഴടങ്ങി...

ഭാര്യയ്ക്കും മകൾക്കും പിന്നാലെ ഗൃഹനാഥനും ... കൂരോപ്പട ലാക്കാട്ടൂരിൽ വിഷം ഉള്ളിൽച്ചെന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കുടുംബനാഥൻ തോമസ് എബ്രഹാമും (50) മരണത്തിന് കീഴടങ്ങി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
തോമസിൻറെ ഭാര്യയും മകളും ശനിയാഴ്ച മരിച്ചിരുന്നു. മകൻ നിലവിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്. ചിറപ്പുറത്ത് തോമസ് എബ്രഹാം, ഭാര്യ ജോസ്ന, മകൾ മരിയ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് മരിയ മരിച്ചത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായതിന് പിന്നാലെ വൈകുന്നേരത്തോടെ അമ്മ ജോസ്നയും മരിച്ചു. ഇവരുടെ സംസ്കാരം പിന്നീട് നടക്കും.
കഴിഞ്ഞ ജൂലൈ 13-നായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. അന്ന് ഉച്ചയ്ക്ക് ശേഷം ജോസ്നയെ ഫോണിൽ ബന്ധപ്പെടാനായി ശ്രമിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് സഹോദരൻ വീട്ടിലെത്തിയപ്പോഴാണ് കുടുംബാംഗങ്ങളെ അവശനിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ കളനാശിനിയുടെ കുപ്പി കണ്ടെത്തിയിരുന്നു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ നാലുപേരെയും ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ജീവനൊടുക്കുക എന്ന തീരുമാനത്തിലേക്ക് കുടുംബത്തെ നയിച്ചതെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്.
https://www.facebook.com/Malayalivartha


























