സി.എൻ.ജി ലോറിയും വോൾവോ ബസും കൂട്ടിയിടിച്ച് ഒമ്പത് പേർക്ക് പരുക്ക്..

വടക്കഞ്ചേരി കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപത്തായി സർവീസ് റോഡിൽ സി.എൻ.ജി ലോറിയും വോൾവോ ബസും കൂട്ടിയിടിച്ച് ഒമ്പത് പേർക്ക് പരിക്കേറ്റു. ബസ് ഡ്രൈവർ എരുമയൂർ സ്വദേശി അഭിഷേക് (24), സഹായി ബംഗളൂർ നഞ്ചുനാഥ സ്വാമി (47) എന്നിവർക്ക് വാതക ചോർച്ചയിൽ പൊള്ളലേൽക്കുകയും ചെയ്തു.
ബസ് യാത്രക്കാരായ ഏഴോളം പേര്ക്ക് പരുക്കേറ്റു . ബസ് ഡ്രൈവറെയും സഹായിയെയും ഇരട്ടക്കുളം സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരുടെ പരിക്ക് നിസാരമാണ്. തിങ്കളാഴ്ച പുലർച്ചെ ഒന്നിനായിരുന്നു അപകടം സംഭവിച്ചത്. വാഹനങ്ങൾക്ക് ഉപയോഗിക്കുന്ന സി.എൻ.ജി നിറച്ച 40 ഓളം സിലിണ്ടറാണ് ലോറിയിൽ ഉണ്ടായിരുന്നത്.
പാലക്കാട് ഭാഗത്തുനിന്ന് വന്ന ലോറി യൂട്ടേൺ എടുക്കുന്നതിനിടെ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. മറിഞ്ഞ ലോറിയിൽ നിന്ന് വാതകം ഉഗ്രശബ്ദത്തോടെയാണ് പുറത്തേക്ക് വന്നത്. വടക്കഞ്ചേരി അഗ്‌നിരക്ഷാസേനയുടെയും ഹൈവേ പൊലീസിന്റെയും വടക്കഞ്ചേരി പൊലീസിന്റെയും നേതൃത്വത്തിൽ നിർവീര്യമാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























