റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി നടത്തിയ നികുതി വെട്ടിപ്പ് ; ജി എസ് ടിവകുപ്പ് ഇടപെടാത്തതിന് പിന്നിൽ പിണറായി സർക്കാരിലെ കായിക മന്ത്രി? ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാൻ സ്പോൺസറെ കണ്ടെത്തിയതിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായി അന്വേഷണ റിപ്പോർട്ട്

അർജന്റീന ഫുട്ബാൾ ടീമിനെയും മെസ്സിയേയും കേരളത്തിലെത്തിക്കാമെന്ന പേരിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി നടത്തിയ നികുതി വെട്ടിപ്പ് അറിഞ്ഞിട്ടും ജി എസ് ടിവകുപ്പ് ഇടപെടാത്തതിന് പിന്നിൽ പിണറായി സർക്കാരിലെ കായിക മന്ത്രി പ്രതിക്കൂട്ടിൽ. തട്ടിപ്പ് അറിഞ്ഞിട്ടും നടപടിയെടുക്കാത്ത മൂന്ന് ജി.എസ്.ടി ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാവും. ജി.എസ്.ടി വകുപ്പ് പ്രത്യേക അന്വേഷണ സംഘം നടത്തിയ പ്രാഥമികാന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ ഇവർക്ക് ജി.എസ്.ടി കമീഷണർ ചാർജ് മെമ്മോ നൽകി.
എന്നാൽ മന്ത്രിമാർക്കെതിരെ അന്വേഷണം വേണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണ്.അഴിമതി അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇതിനകം മന്ത്രിമാരുടെ പങ്കിനെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. അന്നത്തെ മുഖ്യമന്ത്രിയുടെ ഇടപെടൽ കാരണമാണ് ധനമന്ത്രി അഴിമതി കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ചതെന്ന് റിപ്പോർട്ടുണ്ട്.പക്ഷേ അദ്ദേഹം ഫയലിൽ ഒപ്പിടാത്തതിനാൽ കുരുങ്ങിയില്ല. ഉദ്യോഗസ്ഥരിൽ അന്വേഷണം ഒതുക്കില്ലെന്നാണ് റിപ്പോർട്ട്. സംസ്ഥാന സർക്കാരിനൊപ്പം കേന്ദ്ര സർക്കാരും അന്വേഷണം നടത്താൻ സാധ്യത തെളിയുന്നു.
ഫുട്ബോൾ തട്ടിപ്പിൽ ധനമന്ത്രിയായിരുന്ന കെ എൻ ബാലഗോപാൽ കള്ളകളിക്ക് കൂട്ടുനിൽക്കില്ലെന്ന് ആദ്യം നിലപാട് എടുത്തെങ്കിലും മുഖ്യമന്ത്രിയായിരുന്ന പിണറായിയുടെ നിലപാടിന് ഒടുവിൽ വഴങ്ങുകയായിരുന്നു. കായിക മന്ത്രിയായിരുന്ന അബ്ദുറഹ്മാൻ മുഖ്യമന്ത്രിയുമായി നടത്തിയ ഇടപടെലാണ് ഇതിന് കാരണമായത്. അതേ സമയം ബാലഗോപാൽ ഇതുസംബന്ധിച്ചുള്ള ഒരു ഫയലിലും ഒപ്പിട്ടില്ല. ഫയൽ കണ്ടതെല്ലാം ധനസെക്രട്ടറിയായിരുന്നു.ബാലഗോപാൽ ബുദ്ധിപൂർവം ഒഴിഞ്ഞതാണ്.
ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാൻ സ്പോൺസറെ കണ്ടെത്തിയതിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. സ്പോർട്സ് ഡിപ്പാർട്ട്മെന്റ് സ്പെഷ്യൽ സെക്രട്ടറി നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സ്പോൺസറായി റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയെ തിരഞ്ഞെടുത്തതിൽ ഗൗരവമായ ക്രമക്കേടുകൾ നടന്നുവെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
സാധാരണ നിലയിൽ വലിയ പദ്ധതികൾക്ക് സ്പോൺസറെ കണ്ടെത്തേണ്ടത് പരസ്യം നൽകി ഓപ്പൺ ടെൻഡറിലൂടെയായിരിക്കണം. എന്നാൽ മെസ്സിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് യാതൊരുവിധ ടെൻഡർ നടപടികളും ഉണ്ടായില്ല. സ്പോൺസറായ കമ്പനിയുടെ പശ്ചാത്തല പരിശോധന നടത്താനും സർക്കാർ തയ്യാറായില്ല. സ്പോൺസറെ കണ്ടെത്തുന്നതിൽ ചിലരുടെ താല്പര്യങ്ങൾ മാത്രമാണ് സംരക്ഷിക്കപ്പെട്ടതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
വിദേശത്തേക്ക് ഡോളർ കടത്താനുള്ള ഒരു തിരക്കഥയായിരുന്നു ഈ പദ്ധതിയെന്ന് സ്പെഷ്യൽ സെക്രട്ടറി റിപ്പോർട്ടിൽ സംശയം പ്രകടിപ്പിക്കുന്നുണ്ട്. കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് റിപ്പോർട്ടിലെ ശുപാർശ. പണം കൈമാറാൻ വിദേശത്തുള്ള ഒരു കളക്ഷൻ ഏജന്റിനെയാണ് ഏർപ്പാടാക്കിയിരുന്നത്. ഈ ഏജന്റിനെക്കുറിച്ചും യാതൊരു പരിശോധനയും നടന്നിട്ടില്ല. ഡോളർ കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കേണ്ടത് കേന്ദ്രസർക്കാരിൻറെ എൻഫോഴ്സ് മെന്റ് ഡയറക്ടറേറ്റാണ്. കാലതാമസം കൂടാതെ ഇക്കാര്യത്തിൽ അന്വേഷണം നടക്കുമെന്നാണ് കരുതുന്നത്. തട്ടിപ്പ് സംബന്ധിച്ച ഫയലുകൾ സംസ്ഥാന സർക്കാരിൽ നിന്നും ശേഖരിക്കാൻ ഇഡി തീരുമാനിച്ചിട്ടുണ്ട്. സതീശൻ സർക്കാർ ഇതെല്ലാം കൃത്യമായി കൈമാറും എന്നാണ് കരുതുന്നത്. പിണറായി സർക്കാരിനെ അടിക്കാനുള്ള ഏറ്റവും മികച്ച ആയുധമായി സതീശൻ സർക്കാർ കണ്ടെത്തിയിരിക്കുകയാണ് ഫുട്ബോൾ വിവാദം. ബന്ധപ്പെട്ട ഫയലുകളെല്ലാം കേന്ദ്രസർക്കാരിനെ കൈമാറി സംസ്ഥാനം തടയൂരാനുള്ള ശ്രമങ്ങളും ഇക്കാര്യത്തിൽ നടക്കുന്നുണ്ട്. അതെ സമയം കായിക മന്ത്രി കെയു ജനീഷ് തട്ടിപ്പ് പുറത്തു കൊണ്ടുവരണമെന്ന കാര്യത്തിൽ പിടിവാശി കാണിക്കുകയാണ്. നിശബ്ദനായ മന്ത്രി എന്ന് ഇതുവരെ അറിയപ്പെട്ടിരുന്ന ജനീഷ് വളരെ പെട്ടെന്നാണ് മികച്ച മന്ത്രി എന്ന നിലവാരത്തിലേക്ക് ഉയർന്നത്.
സർക്കാർ ഉത്തരവുകളിൽ സ്വകാര്യ കമ്പനി ഇടപെട്ട് ഭേദഗതി വരുത്തിയെന്ന ഗൗരവകരമായ കണ്ടെത്തലും റിപ്പോർട്ടിലുണ്ട്. ആദ്യം മത്സരം നടത്താനായി നൽകിയ അനുമതിപത്രം, പിന്നീട് സ്പോൺസറാകാനുള്ള അനുമതിയായി തിരുത്തുകയായിരുന്നു. ഇത് അസാധാരണമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. കൂടാതെ, മത്സരത്തിനുള്ള അനുമതി തേടുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചതായും രേഖകൾ സഹിതം റിപ്പോർട്ട് വ്യക്തമാക്കുന്നു.അർജന്റീന ടീമിനെ കേരളത്തിലേക്കു ക്ഷണിക്കുന്നതിന്റെ ഭാഗമായി 2024ൽ അബ്ദുറഹിമാന്റെ നേതൃത്വത്തിലുള്ള സംഘം സ്പെയിൻ സന്ദർശിച്ചിരുന്നു. ഇതിന് 13,04,434 രൂപ ചെലവായതായി മുൻപ് നിയമസഭയിൽ മന്ത്രിതന്നെ വ്യക്തമാക്കിയതാണ്.അർജന്റീന ടീമിനെ കേരളത്തിൽ എത്തിക്കുന്നതിൽ സംഘാടകരായും സ്പോൺസറായും സ്വകാര്യ കമ്പനിയെ തിരഞ്ഞെടുത്തതിൽ ഗുരുതരമായ ഭരണഘടനാ വീഴ്ചകളുണ്ടെന്ന് കായികവകുപ്പ് സ്പെഷൽ സെക്രട്ടറി എൻ.പ്രശാന്തിന്റെ റിപ്പോർട്ടിൽ പരാമർശമുണ്ട്. വാക്കാലുള്ള നിർദേശത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് ഇവരെ തിരഞ്ഞെടുത്ത്.
മുൻ കായികമന്ത്രിയുടെ ഓഫിസും മുൻ ചീഫ് സെക്രട്ടറിയും കമ്പനിയുമായി ചർച്ച നടത്തിയശേഷം പദ്ധതിയുമായി മുന്നോട്ടുപോകാൻ ഉദ്യോഗസ്ഥർക്ക് വാക്കാൽ മാത്രം നിർദേശം നൽകുകയായിരുന്നു. താൽപര്യപത്രം ക്ഷണിക്കൽ, പരസ്യ ടെൻഡർ നടപടികൾ, സ്പോൺസർഷിപ് നിരക്കുകളുടെ മൂല്യനിർണയം, കമ്പനിയുടെ സാമ്പത്തികശേഷി പരിശോധിക്കൽ, ഫണ്ടിന്റെ സ്രോതസ്സ് ഉറപ്പാക്കൽ ഇതൊന്നും നടത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.ഈ സ്വകാര്യ കമ്പനിയെ മാത്രം തിരഞ്ഞെടുത്തതിനുള്ള കൃത്യമായ കാരണങ്ങൾ വിശദീകരിക്കുന്ന ഒരു ഉത്തരവും സർക്കാർ ഫയലുകളിൽ ഇല്ലെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്.
മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന് ഏറ്റ സ്പോൺസറെ സംരക്ഷിക്കാൻ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നികുതി വകുപ്പ് വഴിവിട്ട നീക്കം നടത്തിയതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. ഈ നീക്കത്തിൽ മുൻ മന്ത്രി, മറ്റൊരു മുൻ മന്ത്രിയുടെ അഡിഷനൽ പിഎസ്, ജിഎസ്‌ടി കമ്മിഷണറേറ്റിലെ 2 ഉന്നതർ, കണ്ണൂരിലെ സിപിഎം നേതാവിന്റെ ഉറ്റബന്ധുവായ ഉന്നത ഉദ്യോഗസ്ഥ എന്നിവരുടെ പങ്ക് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്വേഷിക്കും. സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി 126 കോടി രൂപ കൈമാറിയതിന്റെ സേവന നികുതി 22.68 കോടി രൂപ അടച്ചില്ലെന്നു നികുതി വകുപ്പ് കണ്ടെത്തിയത് 2025 ജൂണിലാണ്. ഓഗസ്റ്റ് മുതൽ അയച്ച 5 സമൻസുകളും സ്പോൺസർ അവഗണിച്ചെങ്കിലും നടപടിയുണ്ടായില്ല. ആവശ്യപ്പെട്ടപ്പോഴെല്ലാം സമയം നീട്ടിനൽകി. സതീശൻ സർക്കാർ കർശനമായി ഇടപെട്ടതിനെത്തുടർന്ന് കഴിഞ്ഞ ജൂലൈ 30ന് നൽകിയ സമൻസിലാണ് ഓഗസ്റ്റ് 3നു ഹാജരായത്. ഇതിനിടെ ‘കാരണം കാണിക്കൽ’ നോട്ടിസ് നൽകി കേസ് അവസാനിപ്പിക്കാനും നീക്കമുണ്ടായി. കമ്പനിക്കു നൽകിയതു ‘സ്വാഭാവിക നീതി’ മാത്രമാണെന്നു കഴിഞ്ഞ ജൂലൈ 27നു കാഞ്ഞങ്ങാട് ഇന്റലിജൻസ് ഓഫിസർ ജിഎസ്‌ടി കമ്മിഷണർക്കു നൽകിയ റിപ്പോർട്ടിൽ പറയുന്നു.
ധനകാര്യ വകുപ്പിന്റെ ഇടപെടലുകളും അന്വേഷണത്തിൽ സംശയത്തിന്റെ നിഴലിലാണ്. സ്പോൺസറെക്കുറിച്ചുള്ള പ്രാഥമികമായ പരിശോധനകൾ പോലും ധനവകുപ്പ് നടത്തിയിട്ടില്ല. നിലവിൽ സ്പെഷ്യൽ സെക്രട്ടറിയുടെ ഈ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. നിയമങ്ങൾ പാലിക്കാതെ ഒരു സ്വകാര്യ കമ്പനിക്ക് ഇത്ര വലിയ പദ്ധതി കൈമാറിയതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം ഉണ്ടാകുമെന്നാണ് സൂചന.
അച്ചടക്കനടപടി കൈക്കൊള്ളുംമുമ്പ് ജി എസ് ടി ഉദ്യോഗസ്ഥരുടെ ഭാഗം വിശദീകരിക്കാനാണ് നിർദേശം. കോഴിക്കോട് ജി.എസ്.ടി. ഇന്‍റലിജൻസ് ആൻഡ് എൻഫോഴ്സ്മെന്‍റ് ജോയിന്‍റ് കമീഷണർ ശ്രീവത്സല, കാസർകോട് ഡപ്യൂട്ടി കമീഷണർ വി.സചിത്, കാഞ്ഞങ്ങാട് ഇന്റലിജൻസ് ഓഫിസർ കെ.എസ്.സജിനി എന്നിവർക്കാണ് മെമ്മോ നൽകിയത്. സൗഹൃദ ഫുട്ബാൾ മത്സരത്തിന്‍റെ പേരിൽ നികുതി വെട്ടിപ്പ് നടന്നെന്ന് ബോധ്യപ്പെട്ടിട്ടും നോട്ടിസ് അയച്ച് കമ്പനി പ്രതിനിധികളെ വിളിച്ചതല്ലാതെ നികുതി ഈടാക്കാൻ നടപടിയെടുത്തില്ല. നികുതി വെട്ടിപ്പ് കണ്ടെത്തുകയും ഇക്കാര്യം കാസർകോട് ഡെപ്യൂട്ടി കമീഷണറെ 2025 ആഗസ്റ്റ് ഒന്നിന് കാഞ്ഞങ്ങാട് ഇന്റലിജൻസ് ഓഫിസർ പി.വി.രത്നാകരൻ കത്തു മുഖേന അറിയിച്ചിരുന്നു. ഇതാണ് വലിയ നികുതി വെട്ടിപ്പിനെതിരെ നീങ്ങാൻ ജി.എസ്.ടി. വകുപ്പിനെ പ്രേരിപ്പിച്ചത്. എന്നാൽ, സ്പോൺസർ കമ്പനി മാനേജിങ് ഡയറക്ടർ ആന്‍റോ അഗസ്റ്റിന് ജി.എസ്.ടി വകുപ്പ് നോട്ടിസ് അയച്ചതോടെ രണ്ട് മന്ത്രിമാരുടെ ഓഫിസിൽ നിന്ന് ഇടപെടലുണ്ടായി. പിന്നാലെ അന്വേഷണം മരവിപ്പിച്ചു.
നികുതി വെട്ടിപ്പ് കണ്ടെത്തിയതിന് അഭിനന്ദിക്കേണ്ടതിന് പകരം പ്രതികാര നടപടിയെന്ന നിലയിൽ രത്നാകരനെ തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റി. സസ്പെൻഡ് ചെയ്യാനും നീക്കമുണ്ടായി. നികുതി വെട്ടിപ്പ്, വെട്ടിപ്പുകാരെ സംരക്ഷിക്കൽ, രാഷ്ട്രീയ സ്വാധീനം ചെലുത്തൽ തുടങ്ങിയവക്ക് ഉദ്യോഗസ്ഥ, രാഷ്ട്രീയ പ്രമുഖരെ അന്വേഷണ പരിധിയിൽ കൊണ്ടുവരാനാണ് എസ്.ഐ.ടി നീക്കം. എന്നാൽ, കൂടുതൽ പേരിലേക്ക് അന്വേഷണം നീളുന്നത് ഒഴിവാക്കാൻ ഭരണ-പ്രതിപക്ഷ അനുകൂല സർവിസ് സംഘടനകളിലെ ചിലരും രാഷ്ട്രീയ നേതാക്കളും രംഗത്തുണ്ട്. സമ്മർദങ്ങൾക്കു വിധേയരാകാതെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് മുഖ്യമന്ത്രി നൽകിയ നിർദേശം. അതിന്‍റെ ഭാഗമായുള്ള മൊഴിയെടുപ്പ് തുടരുകയാണ്.
ലയണൽ മെസ്സിയെയും അർജന്‍റീന ടീമിനെയും കേരളത്തിൽ കൊണ്ടുവരാനെന്ന പേരിൽ നടന്ന തട്ടിപ്പിൽ കായിക വകുപ്പ് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ സർക്കാർ പരിശോധന പൂർത്തിയായതായി മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞു. എന്ത് നടപടി സ്വീകരിക്കണമെന്ന് ശിപാർശ ചെയ്ത് ബന്ധപ്പെട്ട വകുപ്പിന് അയച്ചുകൊടുത്തു. അന്വേഷണം സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കും- അദ്ദേഹം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ജി.എസ്.ടി തട്ടിപ്പിൽ അന്വേഷണം നടത്താൻ എസ്.ഐ.ടി രൂപവത്കരിച്ചിട്ടുണ്ട്. തട്ടിപ്പിൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്ന് എസ്.ഐ.ടി അന്വേഷിക്കും. സർക്കാറിന് ജി.എസ്.ടി ഇനത്തിൽ 22 കോടി നഷ്ടമുണ്ടായി. സംസ്ഥാന സർക്കാർ അന്വേഷണം നടത്തിയ ശേഷമേ കേന്ദ്രഏജൻസി വേണമോ എന്ന് തീരുമാനിക്കൂ-മുഖ്യമന്ത്രി വ്യക്തമാക്കി.
മെസ്സിയുടെയും അർജന്റീന ഫുട്ബോൾ ടീമിന്റെയും കേരള സന്ദർശനവുമായി ബന്ധപ്പെട്ട് വലിയ സാമ്പത്തിക തട്ടിപ്പ് നടന്നതായി കായികമന്ത്രി ഒ.ജെ.ജനീഷ് സ്ഥിരീകരിച്ചു. പരിപാടിയുമായി ബന്ധപ്പെട്ടു നടന്ന ആശയവിനിമയങ്ങളിൽ വലിയ അസ്വാഭാവികത കണ്ടെത്തി. സംഭവത്തിൽ കായിക വകുപ്പിന്റെ അന്വേഷണം പൂർത്തിയായെന്നും ഫയൽ കൂടുതൽ അന്വേഷണങ്ങൾക്കായി ധനവകുപ്പിനും നിയമവകുപ്പിനും കൈമാറിയെന്നും മന്ത്രി അറിയിച്ചു.
ഫുട്ബോൾ ആരാധകരുടെയടക്കം പരാതികളുടെ അടിസ്ഥാനത്തിലാണ് മുൻ കായിക മന്ത്രിയുടെ ഇമെയിലുകൾ പരിശോധിച്ചത്. ഇതിൽ അസ്വാഭാവികത കണ്ടെത്തിയിട്ടുണ്ട്. സർക്കാർ നടപടിക്രമങ്ങളൊന്നും പാലിക്കാതെയായിരുന്നു ഈ സന്ദേശങ്ങളെല്ലാം. വെറുമൊരു ആശംസാ കത്ത് അർജന്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള ധാരണാപത്രമായി വ്യാഖ്യാനിക്കപ്പെട്ടു. സംഭവത്തിൽ കായിക മന്ത്രിക്കും സ്പോൺസർക്കും ഒരേ അളവിലുള്ള വീഴ്ചയാണെന്നു പറയാൻ പറ്റില്ല. ഭരണഘടനാ സ്ഥാനത്തിരിക്കുന്ന വ്യക്തി എന്ന നിലയിൽ മന്ത്രിയുടെ ഉത്തരവാദിത്തം കൂടുതലാണ്. മുൻ മന്ത്രിയടക്കം അന്വേഷണ പരിധിയിൽ വരുന്ന സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്നും ജനീഷ് സ്ഥിരീകരിച്ചു.
മെസ്സി കേരളത്തിലെത്തുമെന്ന് മെസ്സിക്ക് തന്നെ അറിയാമായിരുന്നോ എന്നറിയില്ല. ഔദ്യോഗിക സ്ഥിരീകരണമോ എഎഫ്എയുടെ ക്ലിയറൻസോ ഇല്ലാതെ മെസ്സിയുടെ വരവുമായി ബന്ധപ്പെട്ട് വാഗ്ദാനങ്ങൾ നൽകിയതിൽ ദുരൂഹതയുണ്ട്. സംഭവത്തിൽ കള്ളപ്പണ ഇടപാടു നടന്നിട്ടുണ്ടെന്ന് ഇപ്പോൾ തന്നെ നിഗമനത്തിലെത്താനാകില്ലെന്നും തട്ടിപ്പിന്റെ ഗുണഭോക്താവ് ആരാണെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കണ്ടെത്താൻ വിശദമായ അന്വേഷണം ആവശ്യമാണെന്നും ജനീഷ് വ്യക്തമാക്കി.
അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ഇടപാടുകളിലെ ക്രമക്കേടു കണ്ടെത്താൻ കായിക വകുപ്പിൽ നടന്നത് ‘നിശ്ശബ്ദ അന്വേഷണം’. എൽഡിഎഫ് സർക്കാർ രണ്ടര വർഷം നടത്തിയ പ്രഖ്യാപനങ്ങളുടെ സത്യാവസ്ഥയും സ്പോൺസറുടെ സാമ്പത്തിക ഇടപാടും അന്വേഷിക്കണമെന്നു മലപ്പുറത്തുനിന്നുള്ള കായിക പ്രേമികൾ മന്ത്രി ജനീഷിന് നിവേദനം നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് കായികവകുപ്പ് സ്പെഷൽ സെക്രട്ടറി എൻ.പ്രശാന്തിനോട് ഇക്കാര്യം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്തെ കത്തിടപാടുകളും ഫയൽ നീക്കവും പരിശോധിക്കുന്നതിനാൽ അന്വേഷണം രഹസ്യമാക്കി വയ്ക്കാനായിരുന്നു നിർദേശം. മറ്റു വകുപ്പുകളിൽനിന്നും വിവരങ്ങൾ ശേഖരിച്ചു. സെക്രട്ടറിയല്ലാതെ മറ്റാരെയും ഇക്കാര്യം അറിയിച്ചിരുന്നില്ല. 98 പേജുള്ള അന്വേഷണ റിപ്പോർട്ടിൽ കായികമന്ത്രി നടത്തിയ ഇ–മെയിൽ ഇടപാടുകളുടെ വിവരങ്ങളും അനുബന്ധ രേഖകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഫുട്ബാൾതാരം മെസ്സിയെയും അർജന്‍റീന ടീമിനെയും കേരളത്തിലേക്ക് എത്തിക്കാനെന്ന പേരിൽ നടന്ന തട്ടിപ്പിൽ പൊലീസിന്‍റെ മുന്നറിയിപ്പും മുൻസർക്കാർ അവഗണിച്ചെന്ന വിവരങ്ങൾ പുറത്ത് വന്നു. സ്വകാര്യ കമ്പനിയുമായി ചേർന്ന് നടത്തുന്ന പരിപാടി സർക്കാറിനെതിരെ ആരോപണങ്ങൾക്ക് വഴിവെക്കാമെന്ന മുന്നറിയിപ്പാണ് പൊലീസ് നൽകിയിരുന്നത്. സ്പോൺസർമാരായി രംഗത്തുണ്ടായിരുന്നവരുടെ പശ്ചാത്തലവും മുൻകാല കേസുകളുമുൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസ് മുന്നറിയിപ്പ്. എന്നാൽ, ഇക്കാര്യങ്ങളെല്ലാം ഇടതുസർക്കാർ അവഗണിച്ചു. മുഖ്യമന്ത്രിയെയും മന്ത്രിയെയും സർക്കാർ സംവിധാനങ്ങളെയും മാത്രമല്ല, ഉന്നത പൊലീസ് ഉദ്യോഗസ്ഥരെപോലും തെറ്റിദ്ധരിപ്പിച്ച് സ്പോൺസറായി എത്തിയ കമ്പനി സംഘാടകരായി മാറിയെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ടുമുണ്ട്.
സ്പോൺസർമാർക്കെതിരെ പലതരത്തിലുള്ള 20ഓളം കേസുകളുണ്ടെന്ന് പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. വഞ്ചനാകുറ്റത്തിന് ഉൾപ്പെടെ നിയമനടപടി നേരിടുന്നവരാണ് സ്പോൺസർമാരെന്ന പൊലീസ് മുന്നറിയിപ്പും അവഗണിച്ചാണ് അർജന്‍റീന ടീമിനെ കൊണ്ടുവരാമെന്ന സ്പോൺസറുടെ വാഗ്ദാനം വിശ്വസിച്ച് സർക്കാർ മുന്നോട്ട് പോയത്. ഇതിനുപുറമെ, സർക്കാർ സംവിധാനങ്ങളുൾപ്പെടെ സ്വകാര്യ കമ്പനിക്കായി വിനിയോഗിച്ചെന്നും തെളിയുന്നു.
കോടികൾ മുടക്കി അർജന്‍റീനയെ കൊണ്ടുവരാമെന്ന കമ്പനിയുടെ ഉറപ്പിലും പൊലീസ് സംശയം പ്രകടിപ്പിച്ചിരുന്നു. സ്പോൺസറുടെ ഫണ്ടിന്‍റെ ഉറവിടം കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിലേക്ക് നീങ്ങിയേക്കാവുന്ന സാഹചര്യവും പൊലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സൗഹൃദമത്സരവുമായി ബന്ധപ്പെട്ട് സ്പോൺസർ മുന്നോട്ടുവെച്ച കാര്യങ്ങളിൽ അന്താരാഷ്ട്ര മത്സരം നടത്തേണ്ട നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടപ്പെട്ടു.
സ്വകാര്യ ചാനലിന്‍റെ പ്രചാരണമായി മാറുംവിധമാണ് പരിപാടി തയാറാക്കിയത്. ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ അത് സർക്കാറിന് തിരിച്ചടിയാകുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. എന്നാൽ, ഇതെല്ലാം അവഗണിച്ചാണ് സർക്കാർ സ്പോൺസർക്ക് വേണ്ടി എല്ലാകാര്യങ്ങളും ചെയ്തത്. സ്പോൺസർക്കുവേണ്ടി നയതന്ത്ര ഇടപെടൽ പോലും കായിക സെക്രട്ടറിയെ ഉപയോഗിച്ച് നടത്തിയത് വളരെ ഗുരുതരമായ കാര്യമാണ്.
കരാറിൽനിന്ന് പിന്മാറാനുള്ള അർജന്‍റീന ഫുട്ബാൾ അസോസിയേഷൻ (എ.എഫ്.എ) തീരുമാനത്തിനെതിരെ മന്ത്രി കത്തയച്ചതും സംഭവത്തിന്‍റെ ഗൗരവം വർധിപ്പിക്കുന്നു. സ്പോൺസർക്കായി സ്റ്റേഡിയവുമായി ബന്ധപ്പെട്ട് കേട്ടുകേൾവിയില്ലാത്ത ഇളവുകളുൾപ്പെടെ നൽകിയെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇതെല്ലാം കഴിഞ്ഞ സർക്കാറിനെയും പ്രതിക്കൂട്ടിലാക്കുന്നു. ഏതായാലും ബാലഗോപാൽ ഫയലിൽ ഒപ്പിടാതെ പിണറായിയെ കുഴിയിലാക്കിയെന്ന് പറഞ്ഞാൽ മതി. ഉദ്യോഗസ്ഥർ കുരുങ്ങുമ്പോൾ അവർ അനുഭവിക്കട്ടെ എന്ന നിലപാടിലാണ് അന്നത്തെ സർക്കാർ.
https://www.facebook.com/Malayalivartha


























