ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം... വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി

തുടര്‍ച്ചയായി മൂന്ന് ദിവസം നഷ്ടം നേരിട്ടിരുന്ന ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം. അമേരിക്കയില്‍ പണലഭ്യത ഉറപ്പുവരുത്താന്‍ യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് പ്രഖ്യാപിച്ച നടപടികളെ തുടര്‍ന്ന് യുഎസ് ട്രഷറി ബോണ്ട് ആദായത്തില്‍ ഇടിവ് വന്നത് ആഗോള വിപണികളില്‍ മുന്നേറ്റത്തിന് കാരണമായി.
ബോണ്ടില്‍ നിന്ന് ഓഹരി വിപണിയിലേക്ക് വീണ്ടും നിക്ഷേപം ഒഴുകുമെന്ന പ്രതീക്ഷയാണ് ആഗോള ഓഹരി വിപണിയെ സ്വാധീനിച്ചത്. ഇത് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 500ലധികം പോയിന്റ് ആണ് മുന്നേറി. 77,000 പോയിന്റിന് മുകളിലാണ് സെന്‍സെക്‌സ്. നിഫ്റ്റി 24,200ന് മുകളിലാണ്. ബോണ്ടില്‍ നിന്നുള്ള ആദായ കുറഞ്ഞതിന്റെ ചുവടുപിടിച്ച് ഏഷ്യന്‍ വിപണികളെല്ലാം നേട്ടത്തിലാണ്.
അതിനിടെ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 92 ഡോളര്‍ കടക്കുകയും ചെയ്തു. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതാണ് എണ്ണവില ഉയരാന്‍ കാരണം. കൂടാതെ അമേരിക്ക-ഇറാന്‍ സംഘര്‍ഷം തുടരുന്നതും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്.
അതേസമയം റിലയന്‍സ്, ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി, ഏഷ്യന്‍ പെയിന്റ്‌സ് അടക്കമുള്ള ഓഹരികള്‍ നഷ്ടം നേരിട്ടു. ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 17 പൈസയുടെ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്.
"
https://www.facebook.com/Malayalivartha























