ടിനി ടോമിനെതിരായ കേസില്‍ നടി അന്‍സിബ ഹസന്‍ കോടതിയിലെത്തി രഹസ്യമൊഴി നല്‍കി

താര സംഘടനയായ അമ്മയുടെ മുന്‍ ഭാരവാഹിയും നടനുമായ ടിനി ടോമിനെതിരായ കേസില്‍ നടി അന്‍സിബ ഹസന്‍ എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലെത്തി രഹസ്യമൊഴി നല്‍കി. ടിനി ടോം തനിക്കെതിരെ വര്‍ഗീയ അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും കേസില്‍നിന്ന് ഒരു കാരണവശാലും പിന്മാറില്ലെന്നും, മൊഴി നല്‍കിയ ശേഷം അന്‍സിബ വ്യക്തമാക്കി. കേസ് ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും ഈ ഘട്ടത്തിലെങ്കിലും പൊലീസ് കാര്യക്ഷമമായി അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അന്‍സിബ പറഞ്ഞു.
പൊലീസ് ചോദ്യം ചെയ്യാന്‍ നീക്കം നടത്തുന്നതിനിടെ ടിനി ടോം മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ടിനി ടോമിന് നിലവില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്.
നേരത്തേ, അന്‍സിബ കടവന്ത്ര പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നെങ്കിലും കേസെടുക്കാന്‍ പൊലീസ് തയാറായിരുന്നില്ല. തുടര്‍ന്നാണ് അന്‍സിബ കോടതിയെ സമീപിച്ചത്. അന്‍സിബയുടെ പരാതി അന്വേഷിക്കാനും കേസ് റജിസ്റ്റര്‍ ചെയ്യാനും എറണാകുളം ജില്ലാ സെഷന്‍സ് കോടതി നിര്‍ദേശിച്ചതോടെയാണ് കടവന്ത്ര പൊലീസ് ടിനി ടോമിനെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍ (ബിഎന്‍സ് 74), ലൈംഗിക സൂചനയോടെയുള്ള പരാമര്‍ശം (ബിഎന്‍എസ് 75), സ്ത്രീകള്‍ക്കെതിരായ അശ്ലീല പ്രയോഗം (ബിഎന്‍എസ് 79), മതസ്പര്‍ധ വളര്‍ത്തല്‍ (ബിഎന്‍എസ് 299), മതവികാരം വ്രണപ്പെടുത്തല്‍ (ബിഎന്‍എസ് 302) തുടങ്ങിയ വകുപ്പുകളാണ് കേസിലുള്ളത്.
https://www.facebook.com/Malayalivartha
























