ടോമിന് തച്ചങ്കരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

ജയിലില്‍ നിന്നിറങ്ങി 10 ദിവസത്തിനുള്ളില്‍ തന്നെ വിദേശത്തുപോകാന്‍ ഇളവുതേടി മുന്‍ ഡിജിപി ടോമിന് തച്ചങ്കരി സമര്‍പ്പിച്ച ഹര്‍ജിയില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഇത്രയും അസുഖങ്ങള്‍ ഉള്ളയാള്‍ എങ്ങനെയാണ് വിദേശയാത്ര പോവുകയെന്നും എങ്ങനെ വിമാനത്തില്‍ യാത്രചെയ്യുമെന്നും ഹൈക്കോടതി ചോദിച്ചു. പിന്നാലെയാണ് തച്ചങ്കരി ഹര്‍ജി പിന്‍വലിക്കുകയാണ് എന്ന് അറിയിച്ചത്.
ശിക്ഷിച്ച് ജയിലിലേക്ക് വിട്ട തൊട്ടടുത്ത ദിവസം തന്നെ ആരോഗ്യപ്രശ്നങ്ങളുമായി തച്ചങ്കരി ജയില്‍ ആശുപത്രിയിലേക്ക് മാറിയിരുന്നു. ഇതിനെ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു കോടതിയുടെ വിമര്‍ശനം. ആരോഗ്യപരമായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് തച്ചങ്കരി ജയില്‍ ആശുപത്രിയില്‍ കഴിഞ്ഞ കാര്യത്തില്‍ ഗൂഡാലോചനയുണ്ടോ എന്ന കാര്യമടക്കം പരിശോധിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
ജയില്‍ ആശുപത്രിയില്‍ കിടക്കാന്‍ സഹായിച്ചത് ആരൊക്കെയാണ് എന്ന കാര്യവും അന്വേഷിക്കും. ഇതില്‍ നിര്‍ദേശം നല്കുന്നതിനായുള്ള ഉത്തരവിനായി മാറ്റിയിട്ടുണ്ട്. 'തച്ചങ്കരി ഡിജിപി ആയിരുന്നപ്പോള്‍ ജയില്‍ കണ്ടിട്ടുണ്ടാകും. പക്ഷേ ശിക്ഷ ലഭിച്ച ശേഷം അദ്ദേഹം ജയില്‍ കണ്ടിട്ടുണ്ടാവില്ല. കാരണം അദ്ദേഹം ജയില്‍ ആശുപത്രിയിലായിരുന്നു ഉണ്ടായിരുന്നത്.' എന്ന് കോടതി വിമര്‍ശിച്ചു.
എന്നാല്‍ തനിക്ക് ശ്വാസതടസ്സമുണ്ട്, ഇതിനായി പ്രത്യേകം മെഷീന് ഉപയോഗിക്കുന്നുണ്ട്, ആ മെഷീന് ഉപയോഗിക്കുന്നതിന് പ്ലഗ് പോയിന്റ് വേണം, അതുകൊണ്ടാണ് ആശുപത്രിയില്‍ കഴിഞ്ഞത് എന്നായിരുന്നു തച്ചങ്കരിയുടെ ന്യായീകരണം. ഇതിന്റെ ബാക്കിയായി, എന്തായിരുന്നു തച്ചങ്കരിയുടെ അസുഖമെന്നും, അതിന്റെ ചികിത്സ സംബന്ധിച്ച രേഖകള്‍ പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha
























