തൃശൂരിൽ മദ്യലഹരിയിൽ യുവതിയുടെ പരാക്രമം: വാഹനങ്ങൾ തടഞ്ഞ് പണം ചോദിച്ചു, പൊലീസിനെ മർദിച്ച യുവതി അറസ്റ്റിൽ...

തൃശൂർ നഗരത്തിൽ മദ്യപിച്ച് പാതയോരങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുകയും വാഹനങ്ങൾ തടഞ്ഞുനിർത്തി പണം ആവശ്യപ്പെടുകയും ചെയ്ത യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ ചാഴൂർ സ്വദേശിയായ റഹ്മത് (21) എന്ന യുവതിയാണ് പിടിയിലായത്. ഇന്നലെ അർധരാത്രിയോടെയായിരുന്നു പൊതുജനങ്ങളെയും പോലീസിനെയും ഒരുപോലെ മുനയിൽ നിർത്തിയ ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.അമിതമായി മദ്യപിച്ച യുവതി നടുറോഡിൽ ഇറങ്ങി വാഹനങ്ങൾ തടയുകയും പണം ആവശ്യപ്പെടുകയുമായിരുന്നു. യുവതിക്കൊപ്പം ഒരു പുരുഷ സുഹൃത്തും ഉണ്ടായിരുന്നെങ്കിലും, പോലീസ് സ്ഥലത്തെത്തുമെന്ന് മനസിലാക്കിയ ഇയാൾ യുവതിയെ വഴിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
തൃശൂരിൽ യുവതി നടുറോഡിൽ പരാക്രമം കാട്ടുന്നതായി തിരുവനന്തപുരത്തെ പോലീസ് കൺട്രോൾ റൂമിലാണ് ആദ്യം വിവരം ലഭിക്കുന്നത്. തുടർന്ന് കൺട്രോൾ റൂമിൽ നിന്നുള്ള സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ തൃശൂർ പോലീസ് സ്ഥലത്തെത്തി വനിതാ പോലീസിന്റെ സഹായത്തോടെ യുവതിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി.എന്നാൽ പോലീസ് സ്റ്റേഷനിലെത്തിച്ച ശേഷവും യുവതിയുടെ പരാക്രമം അവസാനിച്ചില്ല. സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടിയ യുവതി, തന്നെ പിടികൂടാൻ പിന്നാലെ വന്ന പോലീസുകാരെ ക്രൂരമായി മർദിച്ചു. തുടർന്ന് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോഴും ഇവർ അക്രമാസക്തയായി തുടർന്നു.
പരിശോധന നടത്തുന്നതിനിടെ എസ്.ഐയെ മർദിക്കുകയും കടിച്ചുകീറി പരുക്കേൽപ്പിക്കുകയും ചെയ്തു.ജോലി അന്വേഷിച്ചാണ് തൃശൂർ നഗരത്തിൽ എത്തിയതെന്നും പ്ലസ്ടു വരെയാണ് വിദ്യാഭ്യാസമെന്നും യുവതി പോലീസിനോട് പറഞ്ഞു. നടുറോഡിൽ ക്രമസമാധാന നില തകർക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി പോലീസുകാരെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ തൃശൂർ ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.
https://www.facebook.com/Malayalivartha


























