ഭാവിവധുവിനെയും വീട്ടുകാരെയും ആകർഷിക്കാൻ എഐ ഉപയോഗിച്ച് വ്യാജ പിഎംഒ ഐഡി കാർഡ് ഉണ്ടാക്കി; മുംബൈയിൽ യുവാവ് പിടിയിൽ

പ്രധാനമന്ത്രിയുടെ ഓഫീസിലെ (PMO) ഉദ്യോഗസ്ഥനാണെന്ന് ഭാവിച്ച് വ്യാജ ഐഡി കാർഡുമായി കറങ്ങിനടന്ന ഇരുപത്തിനാലുകാരനായ രോഹൻ പരീക്കിനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. അടുത്തിടെ വിവാഹനിശ്ചയം കഴിഞ്ഞ തന്റെ ഭാവിവധുവിന്റെയും അവരുടെ കുടുംബത്തിന്റെയും മുന്നിൽ വലിയ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനാണെന്ന് കാണിച്ച് മതിപ്പുണ്ടാക്കാനാണ് ഇത്തരമൊരു തട്ടിപ്പ് നടത്തിയതെന്ന് യുവാവ് പോലീസിനോട് സമ്മതിച്ചു.
മുംബൈ ബാന്ദ്രയിലെ നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിന് സമീപത്തുനിന്നാണ് രോഹൻ പരീക്കിനെയും ഇയാളുടെ ബോഡിഗാർഡ് ദിലീപ് കുന്ദ്രയെയും പോലീസ് പിടികൂടുന്നത്. പ്രധാനമന്ത്രി പങ്കെടുത്ത ഔദ്യോഗിക പരിപാടിയുടെ സുരക്ഷാ മേഖലയ്ക്ക് പരിസരത്തായിരുന്നു ഇവരുടെ സാന്നിധ്യം. പിടിയിലാകുമ്പോൾ രോഹന്റെ കൈവശം കൃത്രിമമായി നിർമ്മിച്ച പിഎംഒ കാർഡും ബോഡിഗാർഡിന്റെ പക്കൽ ഒരു തോക്കുമുണ്ടായിരുന്നു.
2025ൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് ഇയാൾ ഈ വ്യാജ തിരിച്ചറിയൽ കാർഡ് രൂപകൽപ്പന ചെയ്തത്. വിവിഐപി (VVIP) പാസ് സ്വന്തമാക്കി പ്രധാനമന്ത്രിയുടെ വേദിക്ക് സമീപത്തേക്ക് കടക്കാനും, അതുവഴി തന്റെ വലിയ സ്വാധീനശക്തി വധുവിന്റെ വീട്ടുകാരെ ബോധ്യപ്പെടുത്താനുമായിരുന്നു യുവാവിന്റെ പദ്ധതിയെന്ന് പോലീസ് വ്യക്തമാക്കുന്നു. ഇതിനായി മുൻപ് രണ്ടു തവണ ഇയാൾ ഈ പരിസരത്ത് നിരീക്ഷണം നടത്തിയിരുന്നു. സംഭവത്തിൽ രോഹൻ, ബോഡിഗാർഡ്, ഇയാളുടെ ഡ്രൈവർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ, സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനം തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























