ഓണാട്ടുകരയിലെ ഉത്സവങ്ങൾക്ക് തുടക്കംകുറിച്ചുള്ള വിസ്മയക്കാഴ്ചകളുടെ ആഘോഷമായ കാളകെട്ടുത്സവത്തിന് നാടൊരുങ്ങി

ഓണാട്ടുകരയിലെ ഉത്സവങ്ങൾക്ക് തുടക്കംകുറിച്ചുള്ള വിസ്മയക്കാഴ്ചകളുടെ ആഘോഷമായ കാളകെട്ടുത്സവത്തിന് നാടൊരുങ്ങി. 28ാം ഓണാഘോഷത്തോടനുബന്ധിച്ച കാളകെട്ടുത്സവം ഇന്നാണ് നടക്കുന്നത്. ഓണാട്ടുകരയിലെ 52 കരകളിൽനിന്ന് 200ഓളം കാളകളാണ് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ പടനിലം ലക്ഷ്യമാക്കി എത്തുന്നത്.
തെക്കൻ കേരളത്തിലെ ഏറ്റവും വലിയ കെട്ടുകാഴ്ചയാണിത്. ഏഷ്യയിലെ ഏറ്റവും വലിയ കെട്ടുകാളയായ ഓണാട്ടുകതിരവൻ മുതൽ കൈവെള്ളയിൽ എഴുന്നള്ളിക്കുന്ന കെട്ടുകാളകൾ വരെയാണ് കളിക്കണ്ടത്തിലേക്ക് എത്തുന്നത്. തലപ്പൊക്കത്തിന്റെയും കരവിരുതിന്റെയും മെയ്ക്കരുത്തിന്റെയും വർണവിസ്മയം തീർക്കുന്ന കെട്ടുകാഴ്ചയാണ് നടക്കുന്നത്.
ഉച്ചക്ക് 2.30 മുതൽ കെട്ടുകാളകൾ ഓച്ചിറ പടനിലം ലക്ഷ്യമാക്കി പ്രയാണം ആരംഭിക്കും. ചെറിയ കെട്ടുകാളകളാണ് ആദ്യം ക്ഷേത്രവഴിയിലെത്തുന്നത്. നാലോടെ കൂറ്റൻ കെട്ടുകാളകളുടെ എഴുന്നള്ളത്തിന് തുടക്കമാകുകയും ചെയ്യും. ‘ഓണാട്ടുകതിരവൻ, കാലകേയൻ, തിരുമുഖ വേടൻ, കാലഭൈരവൻ, കിണർമുക്ക് കൊമ്പൻ തുടങ്ങി 48 കൂറ്റൻ കാളകൾ കെട്ടുത്സവത്തിന് മാറ്റു പകരുന്നതാണ്.
മാവേലിക്കര, കാർത്തികപ്പള്ളി, കരുനാഗപ്പള്ളി താലൂക്കുകളിലെ വിവിധ കരകളിൽ നിന്നാണ് കാളകൾ പുറപ്പെടുന്നത്. കെട്ടുത്സവം കാണാനായി ജനസാഗരമാണ് തിങ്ങിനിറയുന്നത്. ഓച്ചിറ ക്ഷേത്രത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിലെ എല്ലാ വഴികളും കെട്ടുകാളകൾ കയ്യടക്കും. വൈകുന്നേരം 5.30ന് മുമ്പ് കെട്ടുകാളകളെ പടനിലത്ത് എത്തിക്കുന്ന തരത്തിലാണ് ക്രമീകരണമുള്ളത്.
കെട്ടുകാളകൾ കടന്നുവരുന്ന ഭാഗത്തെ വൈദ്യുതി ബന്ധം പൂർണമായി നിലക്കുകയും ചെയ്യും. ദേശീയപാതയിൽ കായംകുളം മുതൽ ചങ്ങൻകുളങ്ങര വരെ രാവിലെ ആറുമുതൽ വാഹനനിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. കായംകുളത്തു നിന്ന് കൊല്ലം ഭാഗത്തേക്കുള്ള വാഹനങ്ങൾ കെ.പി റോഡിൽ ചാരുംമൂട്-ചക്കുവള്ളി-ഭരണിക്കാവ് വഴി പോകണമെന്നാണ് നിർദേശമുള്ളത്.
കായംകുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ കരുനാഗപ്പള്ളിയിൽ നിന്ന് തീരദേശ റോഡ് വഴി കായംകുളം-ആലപ്പുഴ ഭാഗത്തേക്ക് പോകേണ്ടത്. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാനായി കർശന മുൻകരുതൽ നടപടികളാണ് പൊലീസ് സ്വീകരിച്ചിട്ടുള്ളത്.
"
https://www.facebook.com/Malayalivartha

























