ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം കൂടുതല്‍ ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദമായി മാറിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...വരും ദിവസങ്ങളില്‍ സംസ്ഥാനത്തുടനീളം മഴ വീണ്ടും ശക്തമാകാന്‍ സാധ്യത..

എൽ നിനോ പ്രതിഭാസം വരും മാസങ്ങളിൽ പല സംസ്ഥാനങ്ങളിലും ഉണ്ടാക്കാൻ പോകുന്നത് വലിയ പ്രത്യാഘാതങ്ങൾ ആണെങ്കിൽ ഇപ്പോൾ കേരളത്തിൽ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം കൂടുതല്‍ ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദമായി മാറിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തി പ്രാപിച്ച ഈ ന്യൂനമര്‍ദ സമാഹാരം ബുധനാഴ്ചയോടെ കരതൊടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി വരും ദിവസങ്ങളില്‍ സംസ്ഥാനത്തുടനീളം മഴ വീണ്ടും ശക്തമാകാന്‍ സാധ്യതയുണ്ട്.
ബുധനാഴ്ച രാത്രിയോടും വ്യാഴാഴ്ച പുലര്‍ച്ചെയോടും കൂടി അതിതീവ്ര ന്യൂനമര്‍ദം കരയിലേക്ക് പ്രവേശിക്കുമെന്നാണ് പ്രവചനം. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിനും ഒഡിഷയിലെ ഗോപാല്‍പൂരിനും ഇടയിലുള്ള തീരപ്രദേശത്തിലൂടെയാകും ഇത് കര തൊടുക. കരയിലേക്ക് പ്രവേശിക്കുന്നതോടെ വടക്കന്‍ ആന്ധ്ര പ്രദേശിലും ഒഡിഷയുടെ വിവിധ ഭാഗങ്ങളിലും കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
അതിതീവ്ര ന്യൂനമര്‍ദത്തിന്റെ ഫലമായി കേരളത്തിലും ബുധനാഴ്ച മുതല്‍ മഴ ഗണ്യമായി വര്‍ധിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വരും ദിവസങ്ങളില്‍ മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളിലും തീരദേശങ്ങളിലും ജാഗ്രത പാലിക്കാന്‍ ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് എന്നീ ഏഴ് ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.
ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കിഴക്കന്‍ മലയോര മേഖലകളില്‍ പെട്ടെന്ന് മഴ ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണം.വ്യാഴാഴ്ച വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴ മുന്നറിയിപ്പുള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ അഞ്ച് ജില്ലകളില്‍ വ്യാഴാഴ്ച മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റോടു കൂടിയ മഴയ്ക്കാണ് ഈ ജില്ലകളില്‍ സാധ്യത കല്‍പ്പിക്കുന്നത്.വെള്ളിയാഴ്ചയും സംസ്ഥാനത്ത് മഴ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha

























