സംസ്ഥാനത്തെ പ്രധാന പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിക്ക് എംഎൽഎ ഫണ്ടിലൂടെ ആദ്യമായി പുതിയ ബസ് വാങ്ങാൻ പണം അനുവദിച്ച് അഡ്വ.കെ. പ്രവീൺ കുമാർ എംഎൽഎ

സംസ്ഥാനത്തെ പ്രധാന പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിക്ക് എംഎൽഎ ഫണ്ടിലൂടെ ആദ്യമായി പുതിയ ബസ് വാങ്ങാൻ പണം അനുവദിച്ച് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി നിയോജക മണ്ഡലം എംഎൽഎ അഡ്വ.കെ. പ്രവീൺ കുമാർ.
കെ.എസ്.ആർ.ടി.സിയിലേക്ക് പുതിയ ബസുകൾ സംഭാവന ചെയ്യാനായി സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നേരത്തെ സർക്കാറിന് കീഴിലുള്ള ഗതാഗത വകുപ്പ് അനുമതി നൽകിയതിന് തൊട്ടുപിന്നാലെ എംഎൽഎ ഫണ്ട് ഉപയോഗിച്ച് മൂന്ന് ബസ് വരെ സംഭാവന നൽകാൻ ജനപ്രതിനിധികൾക്കും അവസരം നൽകിയിട്ടുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് കൊയിലാണ്ടി എംഎൽഎ അഡ്വ.കെ. പ്രവീൺ കുമാർ ബസ് വാങ്ങാനുള്ള നടപടി ക്രമങ്ങൾ തുടങ്ങിയത്.
നേരത്തെ, അങ്കമാലി സ്വദേശിയും റോബോട്ടിക് കാർ പാർക്കിങ് സിസ്റ്റം എന്ന സ്ഥാപനത്തിന്റെ ഉടമയുമായ ജോസാണ് ആദ്യമായി കെ.എസ്.ആർ.ടി.സിക്ക് പുതിയ ബസ് വാങ്ങാനായി പണം സംഭാവന നൽകിയത്. ബസ് വാങ്ങാനായി മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറിയ ചെക്ക് ഗതാഗത മന്ത്രിക്ക് കൈമാറിയിട്ടുണ്ടായിരുന്നു . പിന്നീട്, തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സതേൺ മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റി പുതിയ ബസ് വാങ്ങാനായി 40 ലക്ഷം രൂപയും സംഭാവന നൽകിയിരുന്നു.
കാലപ്പഴക്കം ചെന്ന ബസുകൾ നിരത്തുകളിൽ നിന്നും പിൻവലിക്കുന്നതിന്റെ ഭാഗമായാണ് കെ.എസ്.ആർ.ടി.സിക്ക് പുതിയ ബസുകൾ വാങ്ങാൻ സർക്കാർ സംഭാവനകൾ സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി എംഎൽഎ ഫണ്ടിൽ നിന്നും പുതിയ ബസ് വാങ്ങുന്നതിന് 40 ലക്ഷം രൂപയുടെ പ്രൊപ്പോസൽ അഡ്വ.കെ. പ്രവീൺ കുമാർ കോഴിക്കോട് ജില്ലാ കലക്ടർ എം.എസ്. മാധവിക്കുട്ടിക്ക് കൈമാറി. കോഴിക്കോട് ജില്ലാ കലക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിലാണ് പദ്ധതിയുമായി ബന്ധപ്പെട്ട നടപടികൾക്ക് തുടക്കമായത്.
https://www.facebook.com/Malayalivartha

























