തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി

ലോക കത്തെഴുത്ത് ദിനത്തില്‍ തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടി നല്‍കി മുഖ്യമന്ത്രി വി.ഡി.സതീശന്‍. ഉദയഗിരി പ്രത്യാശ യുപി സ്‌കൂളിലെ കുട്ടികള്‍ക്കാണ് മുഖ്യമന്ത്രിയുടെ മറുപടി. കുട്ടികളുടെ പ്രധാന ആവശ്യമായ സ്മാര്‍ട് ക്ലാസ് മുറികളുടെ കാര്യം ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതുസംബന്ധിച്ച് സജീവ് ജോസഫ് എംഎല്‍എയുമായി സംസാരിച്ചിട്ടുണ്ടെന്നും സ്‌കൂള്‍ സന്ദര്‍ശിച്ച് നേരിട്ടുകണ്ട് സ്മാര്‍ട്ട് ക്ലാസ് മുറികള്‍ ഉള്‍പ്പെടെയുള്ള ആഗ്രഹങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും കത്തില്‍ പറയുന്നു.
മന്ത്രി റോജി എം.ജോണ്‍ പ്രത്യാശ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയാണെന്ന് അദ്ദേഹം തന്നെ സ്‌കൂളില്‍ വന്നപ്പോള്‍ പറഞ്ഞ കാര്യം നിങ്ങള്‍ ഓര്‍മിപ്പിച്ചിട്ടുണ്ട്. സ്വന്തം സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥി മന്ത്രിസഭയിലെ അംഗമായതില്‍ കുട്ടികള്‍ക്കുള്ള അഭിമാനം തനിക്ക് മനസ്സിലാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മൂഖ്യമന്ത്രിയുടെ മറുപടി ലഭിച്ചതില്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷമാണെന്ന് ഉദയഗിരി പ്രത്യാശ യുപി സ്‌കൂളിലെ പ്രധാനാധ്യാപിക സാലി.കെ പറഞ്ഞു. 'ലോക കത്തെഴുത്ത് ദിനത്തോടനുബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്തയയ്ക്കുമ്പോള്‍ അതിന് ഇങ്ങനെ ഒരു മറുപടി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. മറുപടി ലഭിച്ചതില്‍ വലിയ സന്തോഷം. കുട്ടികളും വളരെ സന്തോഷത്തിലാണ്. നേരില്‍ കാണാം എന്ന് അദ്ദേഹം കത്തില്‍ എഴുതിയിട്ടുണ്ട്. അതിനുവേണ്ടി കാത്തിരിക്കുകയാണ്. അദ്ദേഹത്തിന്റെ സന്ദര്‍ശനം കുട്ടികള്‍ക്ക് വലിയ ആവേശം നല്‍കും', സാലി.കെ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി അയച്ച കത്തിന്റെ പൂര്‍ണരൂപം
പ്രിയപ്പെട്ട കുഞ്ഞുങ്ങളെ,
ലോക കത്തെഴുത്ത് ദിനത്തില്‍ നിങ്ങള്‍ എല്ലാവരും ചേര്‍ന്ന് അയച്ച മനോഹരമായ കത്ത് ലഭിച്ചു. മനോഹരമായ കൈയ്യക്ഷരത്തില്‍, നിറയെ സ്‌നേഹവും നിഷ്‌കളങ്കമായ വാക്കുകളും നിറച്ച ആ കത്ത് വായിച്ചപ്പോള്‍ വലിയ സന്തോഷം തോന്നി. ഒരു കത്ത് വായിക്കുകയായിരുന്നില്ല; പ്രിയപ്പെട്ട കുറെ കുട്ടികള്‍ നേരിട്ട് സംസാരിക്കുന്നതുപോലെയാണ് എനിക്ക് അനുഭവപ്പെട്ടത്.
'മുഖ്യമന്ത്രിയെ ഒത്തിരി ഇഷ്ടമാണ്' എന്നും 'സാറിന്റെ ചിരി കാണാന്‍ നല്ല രസമാണ്' എന്നും നിങ്ങള്‍ എഴുതിയിരിക്കുന്നത് വായിച്ചപ്പോള്‍ അറിയാതെ എന്റെ മുഖത്തും ഒരു ചിരി വിടര്‍ന്നു. മുഖ്യമന്ത്രിയെന്ന നിലയില്‍ ഒരുപാട് ഉത്തരവാദിത്വങ്ങള്‍ക്കിടയിലും കുട്ടികളുടെ ഈ സ്‌നേഹവും വാക്കുകളും വലിയ സന്തോഷം നല്‍കുന്നതാണ്. 'ഭക്ഷണം ഒക്കെ സമയത്തിന് കഴിക്കണേ' എന്ന് നിങ്ങള്‍ നല്‍കിയ സ്‌നേഹോപദേശം ഞാന്‍ പ്രത്യേകം ഓര്‍ത്തുവച്ചു. മുഖ്യമന്ത്രിയെക്കുറിച്ച് ഇത്രയും കരുതലോടെ ചിന്തിക്കുന്ന കുട്ടികളുള്ളപ്പോള്‍ സമയത്തിന് ഭക്ഷണം കഴിക്കാതിരിക്കാന്‍ എങ്ങനെ കഴിയും?
റോജി എം. ജോണ്‍ പ്രത്യാശ സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥിയാണെന്ന് അദ്ദേഹം തന്നെ സ്‌കൂളില്‍ വന്നപ്പോള്‍ പറഞ്ഞിരുന്ന കാര്യവും നിങ്ങള്‍ ഓര്‍മിപ്പിച്ചിട്ടുണ്ട്. സ്വന്തം സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥി മന്ത്രിസഭയിലെ അംഗമായതില്‍ നിങ്ങള്‍ക്കുള്ള അഭിമാനം എനിക്ക് മനസ്സിലാക്കാം. നിങ്ങള്‍ക്കും നിങ്ങളുടെ സ്‌കൂളിനും അഭിമാനിക്കാവുന്ന തരത്തില്‍ ഉയരങ്ങളിലെത്താന്‍ ഓരോരുത്തര്‍ക്കും കഴിയട്ടെ.
നിങ്ങളുടെ കത്തിലെ ഒരു പ്രധാന ആവശ്യം സ്മാര്‍ട്ട് ക്ലാസ് മുറികളുടേതാണ്. നഗരത്തിലെ സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ലഭിക്കുന്ന ആധുനിക പഠനസൗകര്യങ്ങള്‍ നിങ്ങളുടെയും പഠനത്തിന് ലഭിക്കണമെന്ന നിങ്ങളുടെ ആഗ്രഹം വളരെ ന്യായമാണ്. നിങ്ങളുടെ ഈ ആവശ്യം ഗൗരവത്തോടെ കാണുന്നു. ഇതു സംബന്ധിച്ച് ഇരിക്കൂര്‍ എംഎല്‍എ സജീവ് ജോസഫുമായി ഞാന്‍ സംസാരിച്ചിട്ടുണ്ട്.
സ്‌കൂള്‍ സന്ദര്‍ശിച്ച് നിങ്ങളെ നേരില്‍ കാണുകയും സ്മാര്‍ട്ട് ക്ലാസ് മുറികള്‍ ഉള്‍പ്പെടെയുള്ള നിങ്ങളുടെ ആഗ്രഹങ്ങള്‍ സാധിച്ചു നല്‍കുന്നതിന് ആവശ്യമായ ഉചിതമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. നിങ്ങളുടെ മുഖത്തെ ആ സന്തോഷം നേരില്‍ കാണാന്‍ കഴിയുമെന്ന പ്രതീക്ഷ എനിക്കുമുണ്ട്. ലോക കത്തെഴുത്ത് ദിനത്തില്‍ എനിക്ക് എഴുതിയ നിങ്ങളുടെ കത്ത് ഞാന്‍ സൂക്ഷിച്ചുവച്ചു. നിങ്ങളുടെ മനോഹരമായ കൈയ്യക്ഷരവും സ്‌നേഹം നിറഞ്ഞ വാക്കുകളും എനിക്ക് എന്നും സന്തോഷം നല്‍കുന്ന ഓര്‍മയായിരിക്കും.
https://www.facebook.com/Malayalivartha

























