പിണറായിയെ താങ്ങണമെന്ന ആവശ്യം ബാലഗോപാൽ തള്ളി പോയി പണിനോക്കെന്ന് ! സി പി എമ്മിൽ അടിതട !

മുൻ ധനമന്ത്രി കെ. എൻ. ബാലഗോപാലിന്റെ മുന്നറിയിപ്പ് വകവെക്കാതെ കിഫ്ബിക്ക് 18,450 കോടി രൂപയുടെ അധിക സർക്കാർ ഗ്യാരന്റി അനുവദിച്ചതായി രേഖകൾ പുറത്തുവന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്തുത നടപടിയെ അനുകൂലിച്ച് പത്രസമ്മേളനം നടത്തണമെന്ന സി പി എം സംസ്ഥാന സെക്രട്ടറിയുടെ ആവശ്യം കെ എൻ ബാലഗോപാൽ തള്ളി. ഞായറാഴ്ച രാവിലെ മുതൽ ബാലഗോപാൽ കിഫ് ബിക്കെതിരെ നിലപാടെടുത്തു എന്ന തരത്തിലുള്ള വാർത്തകൾ രേഖകൾ സഹിതം കേരളത്തിലെ പ്രധാനപ്പെട്ട ചാനലുകൾ സംപ്രേക്ഷണം ചെയ്തിരുന്നു. ഇതെല്ലാം ശ്രദ്ധയിൽപ്പെട്ടിട്ടും ബാലഗോപാൽ ഉച്ചവരെ പ്രതികരിക്കാത്ത സാഹചര്യത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ബാലഗോപാലിനെ ബന്ധപ്പെട്ട് പ്രതികരണം അറിയിക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ തന്റെ നിലപാടുകൾ എക്കാലത്തും കിഫ്ബിക്ക് എതിരായിരുന്നുവെന്നും അതിനെ പിന്തുണയ്ക്കാൻ തയ്യാറല്ലെന്നുമായിരുന്നു ബാലഗോപാലിന്റെ മറുപടിയെന്ന് മനസിലാക്കുന്നു. ഇത് സിപിഎമ്മിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. പിണറായിക്കെതിരെ ഒരു പ്രമുഖ നേതാവ് ഇത്തരത്തിൽ നിലപാടെടുക്കുന്നത് ആദ്യമായാണ്.
ഡൽഹിയിൽ ജെൻസി പ്രക്ഷോഭത്തിൽ പിണറായിയോടൊപ്പം പങ്കെടുത്തെങ്കിലും പിണറായിയുടെ എല്ലാ നടപടികളെയും അനുകൂലിക്കാൻ കെ എൻ ബാലഗോപാൽ തയ്യാറായില്ല എന്നതിൻറെ സൂചനയാണ് ഇതിൽ നിന്ന് ലഭിക്കുന്നത്. ഭാവിയിൽ ബാലഗോപാലിനെയാണ് സിപിഎം മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അവതരിപ്പിക്കാൻ ആലോചിക്കുന്നത്. പിണറായി സർക്കാർ അടിമുടി അഴിമതിയിൽ കുളിച്ചിട്ടും അഞ്ചുവർഷം ധനമന്ത്രിയായിരുന്ന ബാലഗോപാൽ ഒരൊറ്റ അഴിമതി ആരോപണത്തിലും ഉൾപ്പെട്ടില്ല. അതേസമയം പി. രാജീവ്, പി.കെ ശ്രീമതി തുടങ്ങിയ മുൻ മന്ത്രിമാർക്കെതീരെ അഴിമതി ആരോപണങ്ങൾ നിലവിലുണ്ട്. തന്റെ ഇമേജ് നിലനിർത്തുന്ന കാര്യത്തിൽ അതീവ ജാഗ്രതയിലാണ് ബാലഗോപാൽ മുന്നോട്ടുപോകുന്നത്. പിണറായിയെ അനുകൂലിച്ച് സ്വയം കുഴി കുഴിക്കാൻ മുൻ ധനമന്ത്രി തയ്യാറല്ല എന്നതാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.
കിഫ്ബിയുടെ അധിക കടമെടുപ്പും ഗ്യാരണ്ടിയും ഒഴിവാക്കണമെന്ന് 2023-ൽ കെ. എൻ. ബാലഗോപാൽ കത്തു നൽകിയിരുന്നെങ്കിലും ഇത് മറികടന്നാണ് സർക്കാർ ഉത്തരവിറക്കിയത്.ഇത് പിണറായിയുടെ നിർബന്ധപ്രകാരമായിരുന്നു. ഇത്തരത്തിൽ ഒരു ഉത്തരവിറക്കുന്നതിന് ധനവകുപ്പ് അനുമതി നൽകിയിരുന്നില്ല. അക്കാലത്ത് കിഫ്ബി സിഇഒ കെ എം എബ്രഹാം ആയിരുന്നു പിണറായിയുടെ സൂപ്പർ ഹീറോ. ചീഫ് സെക്രട്ടറിക്ക് മേലെ കളിക്കാൻ ധൈര്യം ഉണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം. പല ഗവൺമെന്റ് സെക്രട്ടറിമാരും ഇദ്ദേഹത്തിന് മുമ്പിൽ പഞ്ച പുച്ഛമടക്കി നിൽക്കുന്ന കാഴ്ച അക്കാലത്ത് പതിവായിരുന്നു. മന്ത്രിമാരിൽ പലരും എബ്രഹാം പറയുന്നതാണ് കേട്ടിരുന്നത്. എന്നാൽ മാത്രം ബാലഗോപാൽ മാത്രം കെ എം എബ്രഹാമിന് മൈൻഡ് ചെയ്തിരുന്നില്ല. അതായിരുന്നു ബാലഗോപാലിന്റെ കരുത്ത്.
അധിക കടമെടുപ്പും ഗ്യാരന്റി നൽകുന്നതും സംസ്ഥാന സർക്കാരിന്റെ ദൈനംദിന പ്രവർത്തനങ്ങളെയും ധനലഭ്യതയെയും ബാധിക്കുമെന്നും തർക്കങ്ങളിലെ കോടതി വ്യവഹാരം അനുകൂലമായാൽ മാത്രമേ ഇതിലേക്ക് കടക്കാവൂ എന്നും 2023 ഒക്ടോബർ 20-ന് അന്നത്തെ കിഫ്ബി ചെയർമാനും മുഖ്യമന്ത്രിയുമായ പിണറായി വിജയന് നൽകിയ കുറിപ്പിൽ കെ. എൻ. ബാലഗോപാൽ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ, ധനമന്ത്രിയുടെ ഈ മുന്നറിയിപ്പ് മറികടന്ന് 2025 മാർച്ച് 24-നാണ് കിഫ്ബി സി.ഇ.ഒ-യും എക്സ്-ഓഫീഷ്യോ സെക്രട്ടറിയുമായ കെ. എം. അബ്രഹാം അധിക ഗ്യാരന്റി അനുവദിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.
സംസ്ഥാനത്തിന്റെ ആഭ്യന്തര ഉൽപ്പാദനത്തിന്റെ 0.6 ശതമാനവും 0.3 ശതമാനവും വീതം ഗ്യാരന്റിയായി നൽകാനാണ് ഈ ഉത്തരവിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഇതുപ്രകാരം 2023-24 സാമ്പത്തിക വർഷത്തിൽ 6,750 കോടി രൂപയും, 2024-25-ൽ 7,500 കോടി രൂപയും, 2025-26-ൽ 4,200 കോടി രൂപയും ഉൾപ്പെടെ ആകെ 18,450 കോടി രൂപയുടെ അധിക ഗ്യാരന്റി മൂന്ന് വർഷങ്ങളിലായി കിഫ്ബിക്ക് അനുവദിച്ചു.
കിഫ്ബിയുടെ ബജറ്റിന് പുറത്തുള്ള കടമെടുപ്പ് കാരണം സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്ര സർക്കാർ വെട്ടിക്കുറയ്ക്കുകയും 25,000 കോടിയിലധികം രൂപയുടെ കടമെടുപ്പ് സാധ്യത ഇല്ലാതാവുകയും ചെയ്തതായി വിദഗ്ധ സമിതി റിപ്പോർട്ടിൽ പറയുന്നു. അഴിമതിയുടെ കൂത്തരങ്ങായിരുന്നു കിഫ് ബി.
കിഫ്ബി പ്രവർത്തനം വഴിമുട്ടിയതോടെ, കേന്ദ്രവിഹിതം അനുവദിക്കുന്നതിലെ വിവേചനം ചൂണ്ടിക്കാട്ടി എൽ.ഡി.എഫ്. സർക്കാർ സുപ്രീംകോടതിയിൽ നൽകിയ കേസിലും അനിശ്ചിതത്വം തുടരുന്നു. കിഫ്ബി ബജറ്റിനുപുറത്ത് വായ്പയെടുത്തതിന്റെ പേരിൽ കേന്ദ്രവായ്പ വെട്ടിക്കുറച്ചതാണ് കോടതിയിൽ ചോദ്യംചെയ്തിരുന്നത്. എന്നാൽ, കിഫ്ബി വായ്പകൾ സർക്കാർ ഖജനാവിന് നഷ്ടമുണ്ടാക്കിയെന്ന യു.ഡി.എഫ്. സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയുടെ കണ്ടെത്തൽ കേസിനെ ദുർബലമാക്കിയേക്കും. സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് പരിഗണിക്കുന്ന കേസിൽ സംസ്ഥാനസർക്കാർ സ്വീകരിക്കുന്ന നിലപാടും നിർണായകമാവും.ഇതിൽ സംസ്ഥാനം കിഫ്ബിക്ക് എതിരെയായിരിക്കും നിലപാട് എടുക്കുക.
കിഫ്ബി ഓഫ് ബജറ്റ് വായ്പയെടുത്തതിന്റെ മുൻകാലപ്രാബല്യവും കണക്കാക്കി 2021-22ൽ 14,000 കോടി രൂപ കേന്ദ്രസർക്കാർ സംസ്ഥാനത്തിനു നൽകേണ്ട കടത്തിൽനിന്ന് വെട്ടിക്കുറച്ചിരുന്നു. ഓഫ് ബജറ്റ് വായ്പ ശരിയല്ലെന്ന് സി.എ.ജി. കുറ്റപ്പെടുത്തിയ പശ്ചാത്തലത്തിലായിരുന്നു നടപടി. എൽ.ഡി.എഫ്. സർക്കാർ ഇതിൽ നിരന്തരം പ്രതിഷേധമുയർത്തി. ധനപ്രതിസന്ധി രൂക്ഷമായപ്പോൾ 2024-ൽ സുപ്രീംകോടതിയെ സമീപിച്ചു.
തുടർന്ന്, 13,000 കോടി രൂപ അനുവദിക്കാൻ കേന്ദ്രസർക്കാർ തയ്യാറായി. കേരളത്തിന്റെ കേസിൽ കേന്ദ്രസർക്കാർ ഫെഡറൽ തത്ത്വം ലംഘിച്ചെന്ന പ്രശ്നവും ചൂണ്ടിക്കാണിച്ചതോടെ, ഹർജി പിന്നീട് സുപ്രീംകോടതി ഭരണഘടനാബെഞ്ചിനു വിട്ടു. കിഫ്ബിയുടെ ഓഫ് ബജറ്റ് വായ്പ വി.ഡി. സതീശൻ പ്രതിപക്ഷനേതാവായിരിക്കേ, പലവട്ടം നിയമസഭയിൽ ചോദ്യംചെയ്തിരുന്നു. യു.ഡി.എഫ്. സർക്കാർ നിയോഗിച്ച സമിതി ഈ വായ്പവഴി 25,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തിയത്.
കിഫ്ബി ഓഫ് ബജറ്റ് വായ്പയിൽ എൽ.ഡി.എഫ്. വാദം ഇങ്ങനെയാണ് : വായ്പയെടുക്കുന്നതും തിരിച്ചടയ്ക്കുന്നതും കിഫ്ബി. സർക്കാരിന്റെ ഗാരന്റി മാത്രമേയുള്ളൂ. അതിനാൽ, സർക്കാർവായ്പയല്ല. മറ്റു സംസ്ഥാനങ്ങളും സമാനമായി വായ്പയെടുത്തിട്ടുണ്ട്. അതേ സമയം
സി.എ.ജി. വാദം ഇങ്ങനെ : ഭരണഘടനയുടെ 293-ാം അനുച്ഛേദം മറികടന്നാണ് കിഫ്ബി വായ്പ. നിയമസഭയുടെ പരിശോധനയില്ല. മോട്ടോർവാഹന നികുതിയിൽ പകുതിയും പെട്രോൾ സെസും കിഫ്ബിക്കു കൈമാറുന്നു. ഈ പണം ബജറ്റ് വഴി പോകുന്നതിനാൽ ഓഫ് ബജറ്റ് വായ്പയായി കരുതാനാവില്ല.
കിഫ്ബിയില്‍ സമഗ്രമായ അഴിച്ചുപണി നിര്‍ദേശിച്ച് വിദഗ്ധമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിയമസഭയിലെത്തി. സുധാപിള്ള അധ്യക്ഷയായ സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കിഫ്ബി സര്‍ക്കാരിന് വന്‍ ബാധ്യതയാണെന്നും ഈ രീതിയില്‍ പ്രവര്‍ത്തനം തുടരേണ്ടതില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുവരെ 32,198.33 കോടിയുടെ ബാധ്യതയാണ് കിഫ്ബി ഉണ്ടാക്കിയിട്ടുള്ളത്. ഇനിയുള്ള പദ്ധതികള്‍ക്കായി 22883 കോടി രൂപ ആവശ്യവുമാണ്. ഭൂമി ഏറ്റെടുക്കലിനായി 11787.37 കോടിയാണു കൊടുക്കാനുള്ളത്. മോട്ടര്‍ വാഹന നികുതി, ഇന്ധന നികുതി എന്നിവ വഴി സര്‍ക്കാര്‍ 2026 സെപ്റ്റംബര്‍ 29 വരെ 26165.93 കോടിയാണ് കിഫ്ബിക്കു നല്‍കിയിട്ടുള്ളത്. കിഫ്ബി മൂലം സംസ്ഥാനത്തിന്റെ ബജറ്റ് കടമെടുപ്പില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ 25932.53 കോടി ഒഴിവാക്കുകയും ചെയ്തു.
ഉദ്ദേശലക്ഷ്യങ്ങളില്നിന്നു വ്യതിചലിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിനു വന്‍സാമ്പത്തിക ബാധ്യതയാണുണ്ടാക്കിയതെന്നു സമിതി വിമര്‍ശിക്കുന്നു. വരുമാനമുള്ള പദ്ധതികള്‍ക്കായി രൂപകല്പന ചെയ്ത കിഫ്ബി 20.98 ശതമാനം ഫണ്ട് മാത്രമാണ് അത്തരം പദ്ധതികള്‍ക്കായി നല്‍കിയത്. ഈ ഇനത്തില്‍ പെടുന്ന 44 പദ്ധതികളില്‍ മൂന്നെണ്ണം മാത്രമാണു സ്വന്തം വരുമാനത്തില്‍നിന്ന് കടം തിരിച്ചടച്ചതെന്നും സമിതി വ്യക്തമാക്കുന്നു. വന്‍പലിശയ്ക്കു കടമെടുത്ത പണം മാസങ്ങളോളം ഉപയോഗിക്കാതെ വച്ചു. ചെലവുകള്‍ക്കും മറ്റും യാതൊരു നിയന്ത്രണവും ഉണ്ടായിരുന്നില്ല. 2025-26ല്‍ പരസ്യങ്ങള്‍ക്കായി 203.72 കോടി ചെലവിട്ടതും സമിതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 40 തസ്തികകള്‍ക്കാണ് അംഗീകാരമുള്ളതെങ്കിലും 409 ജീവനക്കാരാണുള്ളത്.
കിഫ്ബി വഴിയുള്ള പദ്ധതികളുടെ ഭൂമിയേറ്റെടുക്കലില്‍ ഗുരുതര ക്രമക്കേടുണ്ടെന്നും കൊച്ചിയും തിരുവനന്തപുരവും ഒഴിവാക്കി കണ്ണൂരില്‍ വലിയ തോതില്‍ ഭൂമി ഏറ്റെടുത്തതു പരിശോധിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. കണ്ണൂരില്‍ 4896 ഏക്കര്‍ ഏറ്റെടുക്കാനാണ് കിഫ്ബി ബോര്‍ഡ് അംഗീകാരം നല്‍കിയത്.
പദ്ധതികളുടെ 41.6 ശതമാനവും തിരുവനന്തപുരം, കണ്ണൂര്‍, എറണാകുളം എന്നിവിടങ്ങളില്‍ മാത്രമാക്കി ചുരുക്കി. ആകെയുള്ള 100341 കോടിയില്‍ 23024.85 കോടിയും കണ്ണൂരിനു മാത്രമാണ് അനുവദിച്ചത്. കിഫ്ബിയുടെ വരുമാനത്തില്‍നിന്ന് ബാധ്യതകളുടെ വളരെ കുറച്ചു ശതമാനം മാത്രമാണ് വഹിച്ചിരുന്നത്. 99.4 ശതമാനവും സംസ്ഥാനത്തിന്റെ വരുമാനത്തില്‍നിന്നു ലഭിച്ച വിഹിതത്തില്‍നിന്നാണ് അടച്ചിരുന്നത്. അടുത്ത അഞ്ചു വര്‍ഷം കിഫ്ബി പദ്ധതികള്‍ക്കായി 22883 കോടിയാണ് വേണ്ടിവരുന്നത്. 2041 വരെ കടമെടുത്തു തുകയുടെ മുതലും പലിശയുമായി 47532.54 കോടി രൂപയാണു വേണ്ടിവരുന്നത്.
2016 മുതല്‍ 26 വരെ കിഫ്ബി വഴി നടത്തിയ പ്രവര്‍ത്തനങ്ങളുടെ പെര്‍ഫോര്‍മന്‍സ് ഓഡിറ്റ് സിഎജിയെ കൊണ്ട് അടിയന്തരമായി നടത്തണം എന്നതാണു സമിതയുടെ പ്രധാന ശുപാര്‍ശ. വിപണിയില്‍നിന്ന് കിഫ്ബി കടമെടുക്കുന്നത് അവസാനിപ്പിക്കണം. ഇതിനായി കിഫ്ബി നിയമത്തിലെ 8.9 വകുപ്പുകള്‍ ഒഴിവാക്കണം. കിഫ്ബിയുടെ ബാധ്യതകള്‍ അടച്ചുതീര്‍ക്കാനുള്ള വിഹിതം വാര്‍ഷിക ബജറ്റില്‍ ഉള്‍പ്പെടുത്തണം. മോട്ടര്‍ വാഹന നികുതിയുടെ വിഹിതവും ഇന്ധന സെസും നേരിട്ട് കിഫ്ബിയിലേക്കു പോകുന്നത് റദ്ദാക്കണം. നേരിട്ടുള്ള കടമെടുപ്പും പദ്ധതി നടത്തിപ്പും ഒഴിവാക്കുന്നതോടെ കിഫ്ബിയില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കണം. കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചവരെ കരാര്‍ അവസാനിക്കുന്നതു വരെ മാത്രം തുടരാന്‍ അനുവദിക്കണം.
പദ്ധതികളുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരെ പ്ലാനിങ് ബോര്‍ഡിലേക്ക് ഉള്‍പ്പെടുത്തി പഞ്ചവത്സരപദ്ധതി നടത്തിപ്പിനായി ഉപയോഗിക്കാമെന്നും സമിതി ചൂണ്ടിക്കാട്ടുന്നു. ഫിനാന്‍സ് വിഭാഗത്തെ ധനവകുപ്പിന്റെ ഭാഗമാക്കാം. ഡെപ്യൂട്ടഷനിലുള്ളവരെ മാതൃവകൃപ്പിലേക്കു മടക്കണം. ജീവനക്കാരുടെ ശമ്പളവും ഇന്സെന്റവുകളും പുനപരിശോധിക്കണം. കിഫ്ബി സിഇഒയ്ക്ക് നിയമനം നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ അതുമായി ബന്ധപ്പെട്ട വകുപ്പ് 10 നിയമത്തില്‍നിന്ന് ഒഴിവാക്കണമെന്നും സമിതി നിര്‍ദേശിച്ചു. കിഫ്ബിയുടെ സഹകണ്സള്ട്ടിങ് സ്ഥാപനമായ കിഫ്കോണ്‍ പ്ലാനിങ് ബോര്‍ഡിന്റെ നിയന്ത്രണത്തിലാക്കണം. അസോസിയേറ്റഡ് കമ്പനിയായ കെഐഎഫ്എംഎല്ലില് കിഫ്ബിക്കുള്ള ഓഹരി കെഎസ്ഐഡിസി ഏറ്റെടുക്കണമെന്നും സമിതി നിര്‍ദേശിക്കുന്നു.
നിലവില്‍ കിഫ്ബി വഴി ആരംഭിച്ച പദ്ധതികള്‍ അതതു വകുപ്പുകള്‍ കരാര്‍ ഏജന്‍സികളുമായി ചേര്‍ന്ന് പൂര്‍ത്തിയാക്കണമെന്നും സമിതി നിര്‍ദേശിക്കുന്നു. നിലവില്‍ വലിയ പലിശയ്ക്ക് കിഫ്ബി എടുത്തിരിക്കുന്ന വായ്പകള്‍ കുറഞ്ഞ പലിശയുള്ള വായ്പകളാക്കി മാറ്റാനും നടപടി സ്വീകരിക്കണം നിലവിലുള്ള വന്പലിശബാധ്യത ഒഴിവാക്കാനാണിതെന്നും സമിതി വ്യക്തമാക്കുന്നു.
ഇതാണ് സാഹചര്യമെന്നിരിക്കെ കിഫ്ബിയുടെ കണ്ണൂരിലെ ഭൂമി ഇടപാടുകളില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന് രംഗത്തെത്തി. എന്താണ് കണ്ണൂർ എന്നു കേട്ടപ്പോൾ വിഷമമെന്നും കണ്ണൂർ കേരളത്തിന്റെ ഭാഗം അല്ലേയെന്നും പിണറായി ചോദിച്ചു. കണ്ണൂരിൽ വിശാല ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പിണറായി. പ്രാദേശീക വികാരം ഇളക്കാനുള്ള പിണറായിയുടെ ശ്രമമായിരുന്നു ഇത്.
‘സംസ്ഥാന വികസനത്തെ അട്ടിമറിക്കാനാണ് ശ്രമം. കണ്ണൂരിലാണ് കിഫ്ബി പണം അധികം ചെലവഴിച്ചതെന്നാണ് യുഡിഎഫ് സർക്കാർ പറയുന്നത്. സ്ഥലം ഏറ്റെടുക്കാൻ 5 ഇരട്ടി തുക ചെലവഴിച്ചത്രെ. പറയേണ്ടത് വളരെ കടുത്ത വാക്കുകളാണ്... കിഫ്ബിയുടെ മേശയിൽനിന്നല്ല കാശെടുത്തത്. ഇവിടെ സ്ഥലം ഉണ്ടായി. അതാണ് പ്രത്യേകത. വിമാനത്താവളത്തിന് അടുത്ത് സ്ഥലം എടുത്തു. എന്താണ് കണ്ണൂർ എന്നു കേട്ടപ്പോൾ വിഷമം. കണ്ണൂർ കേരളത്തിന്റെ ഭാഗം അല്ലേ?’–പിണറായി ചോദിച്ചു.
ബജറ്റിൽ പ്രഖ്യാപിക്കുകയോ മന്ത്രിസഭയുടെ അംഗീകാരം വാങ്ങുകയോ ചെയ്യാതെയാണ് കണ്ണൂർ കേന്ദ്രീകരിച്ചു കിഫ്ബി വൻതോതിൽ ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചതെന്നു വിദഗ്ധസമിതി കണ്ടെത്തിയിരുന്നു. സ്വന്തം നിലയ്ക്ക് പദ്ധതികൾ അംഗീകരിക്കാൻ കഴിയില്ലെന്നു കിഫ്ബി നിയമത്തിൽ തന്നെ വ്യവസ്ഥയുള്ളപ്പോഴാണ് ഇൗ ദുരൂഹ ഇടപാട്. കിൻഫ്ര നൽകിയ ആശയക്കുറിപ്പിന്റെ (കൺസ്പ്റ്റ് നോട്ട്) മാത്രം അടിസ്ഥാനത്തിലായിരുന്നു തീരുമാനങ്ങൾ. വിശദമായ പദ്ധതിരേഖയോ (ഡിപിആർ) പഠനമോ നടത്തിയില്ല. ഭൂമി ഏറ്റെടുക്കുന്നതിനായി കിഫ്ബി അംഗീകരിച്ച 16,421 കോടിയിൽ 12,258 കോടിയും (74.64%) കണ്ണൂരിലേക്കായിരുന്നു.
വ്യവസായ മേഖല സ്ഥാപിക്കുന്നതിനു കണ്ണൂർ പട്ടാനൂർ പണയത്തുപറമ്പിലിൽ 1,000 ഏക്കർ ഏറ്റെടുക്കുമെന്ന 2016–17ലെ ബജറ്റ് പ്രഖ്യാപനത്തിന്റെ മറവിലായിരുന്നു ഇടപാടുകൾ. ഇതു കണ്ണൂർ ജില്ലയിൽ ആകെ 4,896 ഏക്കർ ഏറ്റെടുക്കാം എന്ന തീരുമാനത്തിലേക്കു കിഫ്ബി മാറ്റി. ഇതിൽ 1,000 ഏക്കർ ഭൂമിയാണ് 2,489 കോടിക്ക് ഇതുവരെ ഏറ്റെടുത്തത്. ഭൂമി ഏറ്റവും ആവശ്യം ഉണ്ടായിരുന്ന വിഴിഞ്ഞത്തെപ്പോലും പരിഗണിക്കാതെ കണ്ണൂരിൽ ഭൂമി വാങ്ങിക്കൂട്ടിയതിനു പിന്നിൽ വൻഅഴിമതിയും ബെനാമി ഇടപാടും നടന്നിട്ടുണ്ടെന്നാണു സൂചന. ഏറ്റെടുക്കലിനു മാസങ്ങൾക്കു മുൻപു സെന്റിന് 20,000 രൂപയ്ക്കുവരെ സ്വകാര്യ വ്യക്തികൾ വാങ്ങിക്കൂട്ടിയ ഭൂമിയാണ് ഒന്നേകാൽ ലക്ഷം രൂപ നഷ്ടപരിഹാരം നൽകി കിഫ്ബി ഏറ്റെടുത്തത്. ഈ സ്ഥലങ്ങൾ ആരുടെതാണെന്ന് അന്വേഷിച്ചാൽ വലിയൊരു അഴിമതി പുറത്തുവരും.പല സി പി എം നേതാക്കാർക്കും തറവാട് വക സ്വത്ത് പോലെയാണ് കിഫ് ബി പ്രവർത്തിച്ചിരുന്നത്. ഏതായാലുംപിണറായിയുടെഅഴിമതി ഭാണ്ഡം ചുമക്കാൻ സതീശൻ തയ്യാറാവില്ല.എത്രയും വേഗം കിഫ്ബി എന്ന ബാധ്യത ഒഴിവാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. അതിന് കെ എൻ ബാലഗോപാലിനെ പോലുള്ള നേതാക്കളുടെ പിന്തുണയുണ്ടാവും എന്നതാണ് രസകരമായ കാര്യം.തനിക്ക് കഴിയാത്തത് സതീശന് കഴിഞ്ഞതിൽ ആഹ്ലാദവാനാണ് ബാലഗോപാൽ.
https://www.facebook.com/Malayalivartha


























