മിനിറ്റുകളുടെ വ്യത്യാസത്തിൽ ടിബറ്റിനെ കുലുക്കി ഭൂചലനങ്ങൾ

ടിബറ്റിൽ വ്യാഴാഴ്ച രാത്രി, മിനിറ്റുകളുടെ വ്യത്യാസത്തിൽ ശക്തമായ ഭൂചലനങ്ങൾ അനുഭവപ്പെട്ടു. ഇന്ത്യൻ സമയം രാത്രി 8.03ന് ടിബറ്റിൽ റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമുണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. അരുണാചൽ പ്രദേശിലെ പാംഗിനിൽ നിന്ന് ഏകദേശം 489 കിലോമീറ്റർ വടക്ക്-വടക്കുപടിഞ്ഞാറ് മാറിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂമിക്കടിയിൽ 173 കിലോമീറ്റർ ആഴത്തിലാണ് ഇത് സംഭവിച്ചത്.
ഭൂചലനം നടന്ന് മിനിറ്റുകൾക്കകം, രാത്രി 8.42 ഓടെ ഇതേ മേഖലയിൽ റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനവുമുണ്ടായി. അരുണാചൽ പ്രദേശിലെ ബസാറിൽ നിന്ന് 323 കിലോമീറ്റർ വടക്കുപടിഞ്ഞാറ് മാറിയാണ് രണ്ടാമത്തെ ഭൂചലനം അനുഭവപ്പെട്ടത്. ഭൂമിക്കടിയിൽ വെറും 15 കിലോമീറ്റർ മാത്രം ആഴത്തിലാണ് രണ്ടാമത്തെ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് എൻസിഎസ് വ്യക്തമാക്കുന്നു.
ഇവ കൂടാതെ രാത്രി 8.29 ഓടെ ചൈനയിലും റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനം അനുഭവപ്പെട്ടു. അരുണാചൽ പ്രദേശിലെ പാംഗിനിൽ നിന്ന് 505 കിലോമീറ്റർ വടക്ക്-വടക്കുപടിഞ്ഞാറ് മാറിയാണ് ഇതിന്റെ പ്രഭവകേന്ദ്രം രേഖപ്പെടുത്തിയത്. ഇതും ഭൂമിക്കടിയിൽ 15 കിലോമീറ്റർ ആഴത്തിലാണ് ഉണ്ടായത്. ഈ ഭൂചലനങ്ങളിൽ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി ഇതുവരെ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല. ഓഗസ്റ്റ് മാസത്തിൽ നേപ്പാൾ-ടിബറ്റ് അതിർത്തി മേഖലയിലുണ്ടായ അതിരൂക്ഷമായ വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും 1,400 ലധികം പേർ മരണപ്പെട്ടിരുന്നു. ഇതിന്റെ ഞെട്ടൽ മാറുന്നതിനു മുൻപാണ് മേഖലയെ ഭീതിയിലാഴ്ത്തി വീണ്ടും ശക്തമായ ഭൂചലനങ്ങൾ ഉണ്ടായത്.
https://www.facebook.com/Malayalivartha
























