ശബരിമല തീർഥാടകർക്ക് പമ്പയിലേക്ക് ചാർട്ടേഡ് ബസ്

ശബരിമല തീർഥാടകർക്കായി പമ്പയിലേക്ക് ‘ചാർട്ടേഡ് ബസ്’ സൗകര്യം ലഭ്യമാക്കുമെന്ന് ഗതാഗത മന്ത്രി സി.പി.ജോൺ. 45 പേർക്കുള്ള ടിക്കറ്റ് തുക മുൻകൂട്ടി നൽകിയാൽ ഭക്തർക്ക് ബസ് സ്റ്റാൻഡിൽ എത്താതെ തന്നെ അവരുടെ വീടുകൾക്കോ ക്ഷേത്രങ്ങൾക്കോ മുന്നിൽ കെഎസ്ആർടിസി ബസ് എത്തിച്ചു നൽകുന്ന സംവിധാനമാണ് ഒരുക്കുക. ഇതിന് പ്രത്യേക നിരക്ക് ഈടാക്കില്ല. ശബരിമല സീസൺ പ്രമാണിച്ച് നൂറോളം കെഎസ്ആർടിസി ബസുകൾ സീറ്റ് കവറുകൾ, എഞ്ചിൻ, ഗിയർ ബോക്‌സ് തുടങ്ങിയവ പുതുക്കി പൂർണ്ണമായി റീഫർബിഷ് ചെയ്ത് സജ്ജമാക്കിയതായും കൊയിലാണ്ടി ജോയിന്റ് ആർടിഒ ഓഫിസ് സന്ദർശിച്ച ശേഷം മന്ത്രി പറഞ്ഞു.
കെഎസ്ആർടിസിയിൽ പൊതുജന പങ്കാളിത്തത്തോടെ സർവീസുകളും അടിസ്ഥാന സൗകര്യങ്ങളും കൂടുതൽ വിപുലീകരിക്കും. കെഎസ്ആർടിസിയെ കുറഞ്ഞ ചെലവിൽ കൂടുതൽ ലാഭകരവും ജനകീയവുമാക്കുന്ന രീതിയിലുള്ള പദ്ധതികളാണ് സർക്കാർ നടപ്പിലാക്കിവരുന്നത്. മൂലധനച്ചെലവ് കുറച്ച്, പ്രവർത്തനച്ചെലവ് കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന നയമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഡിപ്പോകളുടെ പ്രവർത്തനത്തിലും സർവീസുകളിലും തദ്ദേശ സ്ഥാപനങ്ങൾക്ക് പങ്കാളിത്തം ഉറപ്പാക്കുന്നതിനായി മേയർ, മുനിസിപ്പൽ ചെയർപഴ്സൻ, പഞ്ചായത്ത് പ്രസിഡന്റ്, പ്രാദേശിക വാർഡ് അംഗം എന്നിവരെ ഉൾപ്പെടുത്തി ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റികൾ രൂപീകരിക്കും.
https://www.facebook.com/Malayalivartha
























