പാകിസ്താനുമായി നല്ല ബന്ധം ഇന്ത്യ ആഗ്രഹിക്കുന്നു, പക്ഷേ ഭീകരവാദം അവഗണിക്കാനാകില്ല- എസ്. ജയ്ശങ്കർ

പാകിസ്താനുമായി നല്ല ബന്ധം ഇന്ത്യ ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിനായി ഭീകരവാദത്തെ അവഗണിക്കാനാകില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ. ഭീകരവാദത്തെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകൾ മനസ്സിലാക്കാൻ അമേരിക്കയും മറ്റ് രാജ്യങ്ങളും വൈകുന്നത് കാത്തിരിക്കാൻ ഇന്ത്യ തയ്യാറല്ലെന്നും തിരിച്ചടിക്കാനുള്ള ഇച്ഛാശക്തിയാണ് ഏറ്റവും പ്രധാനമെന്നും ജയ്ശങ്കർ പറഞ്ഞു.
ഒരു രാജ്യം പ്രതികരിക്കുമ്പോൾ മാത്രമാണ് ലോകം അത് ശ്രദ്ധിക്കുന്നതെന്നും, ഓപ്പറേഷൻ സിന്ദൂറിലൂടെയും ബാലകോട്ട് വ്യോമാക്രമണത്തിലൂടെയും ഇന്ത്യ അത് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
'ഭീകരവാദത്തിനെതിരെ തിരിച്ചടിക്കാനുള്ള വ്യക്തതയും ബോധ്യവും നിങ്ങൾക്കില്ലെങ്കിൽ, ആ പണി മറ്റാരെങ്കിലും നിങ്ങൾക്കായി ചെയ്തുതരുമെന്ന് കരുതരുത്' എന്നും ജയ്ശങ്കർ പറഞ്ഞു.
തീവ്രവാദം തുടർന്നാൽ കാര്യങ്ങൾ സാധാരണ പോലെ മുന്നോട്ടുപോകില്ല എന്ന സന്ദേശമാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ അടക്കം നൽകിയത്. 'അതായത്, നിങ്ങൾ കുറച്ചുകാലം ഇടവേളയെടുത്ത്, 'ശരി, ഇപ്പോൾ ഏറെക്കാലമായില്ലേ, എനിക്ക് അവരുമായി (പാകിസ്താനുമായി) ചർച്ചകൾ പുനരാരംഭിക്കാം' എന്ന് പറയുന്ന മുൻകാല രീതി ഇനി നടക്കില്ല' എന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























