സ്റ്റേഷനിലേക്ക് വരൂ… നാടകീയ അറസ്റ്റ്! ഒരു കോടി രൂപയുടെ ജോലി തട്ടിപ്പ്; ബെംഗളൂരു മുതൽ യുപി വരെ ഒളിവിൽ! ഒടുവിൽ തൃശൂരിൽ എസിപി ഓഫീസിന് മുന്നിൽ പ്രതിയെ തിരിച്ചറിഞ്ഞ് പൊലീസുകാരൻ; അവസാനം പിടികൂടി

ഒരു കോടിയോളം രൂപയുടെ ജോലി തട്ടിപ്പ് കേസുകളിൽ പ്രതിയായി വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞയാൾ ഒടുവിൽ തൃശൂരിൽ പിടിയിലായി. റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽനിന്ന് പണം തട്ടിയെടുത്ത് ഉത്തർപ്രദേശിലേക്ക് കടന്ന നെന്മണിക്കര പാലാഴി രഞ്ജിത്ത് (45) ആണ് അറസ്റ്റിലായത്. എസിപി ഓഫീസിന് തൊട്ടുമുന്നിൽ നിന്നാണ് പ്രതിയെ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ നാടകീയമായി പിടികൂടിയത്.
ട്രാഫിക് ഡ്യൂട്ടിക്കിടെ റോഡിലൂടെ നടന്നുപോകുന്നയാളെ കണ്ടപ്പോൾ സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷിബു ജോർജിന് മുഖപരിചയം തോന്നി. തുടർന്ന് അടുത്തെത്തി പേര് ചോദിച്ചു. മുൻപ് രഞ്ജിത്തിനെ തേടി ബെംഗളൂരുവിലേക്ക് പോയ പൊലീസ് സംഘത്തിൽ ഷിബു ജോർജുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആളെ തിരിച്ചറിഞ്ഞ അദ്ദേഹം പറഞ്ഞത്, 'വരൂ, നമുക്കൊന്ന് സ്റ്റേഷൻ വരെ പോകാം' എന്നായിരുന്നു. എരുമപ്പെട്ടി സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന സമയത്ത് 21 ലക്ഷം രൂപയുടെ തൊഴിൽ തട്ടിപ്പ് കേസ് അന്വേഷിച്ച സംഘത്തിൽ ഷിബുവും ഉണ്ടായിരുന്നു.
രഞ്ജിത്തിനെക്കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോഴാണ് കുന്നംകുളം, ആളൂർ, കൊരട്ടി, പുത്തൻകുരിശ് തുടങ്ങിയ സ്റ്റേഷനുകളിലായി ഒരു കോടിയോളം രൂപയുടെ തട്ടിപ്പുകേസുകളിൽ ഇയാൾ പ്രതിയാണെന്ന് വ്യക്തമായത്. പൊലീസ് അന്വേഷണം ശക്തമാക്കിയതോടെ ആദ്യം ബെംഗളൂരുവിലേക്കും പിന്നീട് തമിഴ്നാട്ടിലേക്കും അവിടെനിന്ന് ഉത്തർപ്രദേശിലേക്കും കടക്കുകയായിരുന്നു. വിളക്കെണ്ണ ബിസിനസിലെ തർക്കവുമായി ബന്ധപ്പെട്ട് പരാതി നൽകാൻ എസിപി ഓഫീസിലെത്തിയപ്പോഴാണ് അപ്രതീക്ഷിതമായി പൊലീസിന്റെ പിടിയിലായത്. പഴയ കേസ് രേഖകളും ആധാർ വിവരങ്ങളും പരിശോധിച്ച് ആളെ ഉറപ്പുവരുത്തിയ ശേഷമാണ് ഷിബു ജോർജ് ഈസ്റ്റ് പൊലീസിന്റെ സഹായത്തോടെ പ്രതിയെ സ്റ്റേഷനിലെത്തിച്ചത്.
https://www.facebook.com/Malayalivartha

























