പെട്രോള്‍ ഉത്പന്നങ്ങളില്‍ നിര്‍ദിഷ്ട അളവിലധികം എഥനോള്‍; കര്‍ണാടകയിലെ തട്ടിപ്പ് മുന്‍നിര്‍ത്തി കേരളത്തിലും പരിശോധന നടത്താന്‍ നിര്‍ദേശിച്ച് മന്ത്രി

കര്‍ണ്ണാടകയില്‍ പെട്രോള്‍ ഉത്പന്നങ്ങളില്‍ നിര്‍ദിഷ്ട അളവിലധികം എഥനോള്‍ കലര്‍ത്തി വില്‍ക്കുന്നുണ്ടെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കേരളത്തിലും പരിശോധന നടത്താന്‍ മന്ത്രിയുടെ നിര്‍ദേശം. മന്ത്രി അനൂപ് ജേക്കബ് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്. മായം കലര്‍ത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതിനുശേഷമാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്. കേരളത്തില്‍ നിലവില്‍ പെട്രോള്‍ ഇന്ധനങ്ങളില്‍ അളവിലധികം എഥനോള്‍ കലര്‍ത്തുന്നതായി റിപ്പോര്‍ട്ടില്ല. കര്‍ണാടകയില്‍ ഇത്തരത്തില്‍ തട്ടിപ്പ് കണ്ടെത്തിയ സാഹചര്യത്തിലാണ് കേരളത്തിലും പരിശോധന നടത്താന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയത്.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ വിവിധയിടങ്ങളില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ച്പരിശോധന നടത്തും. 2005ലെ കേന്ദ്ര മോട്ടോര്‍ സ്പിരിറ്റ് ആന്റ് ഹൈ സ്പീഡ് ഡീസല്‍ (റെഗുലേഷന് ഓഫ് സപ്ളൈ, ഡിസ്ട്രീ ബ്യൂഷന്‍ ആന്റ് പ്രിവന്‍ഷന്‍ ഓഫ് മാല്പ്രാക്റ്റീസസ്) നിയമപ്രകാരം സംസ്ഥാനം 2014ല്‍ പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ മുതല്‍ താലൂക്ക് സപ്ളൈ ഓഫീസര്‍ വരെയുള്ളവര്‍ക്ക് പരിശോധന നടത്താനും നിയമനടപടി സ്വീകരിക്കാനും അധികാരംനല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























