വഴിയില്‍ കിടന്ന കേബിളില്‍ കാല് കുരുങ്ങി തലയിടിച്ച് വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു

വഴിയില്‍ കിടന്ന കേബിളില്‍ കാല് കുരുങ്ങി വീണ് ഗുരുതര പരിക്കേറ്റ വീട്ടമ്മ മരിച്ചു. കളമശേരി സ്വദേശി പുഷ്പി സേവ്യര്‍ (68) ആണ് മരിച്ചത്. അപകടത്തെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്നലെയാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ കേബിള്‍ ഉടമകള്‍ അപകടസ്ഥലത്തെ വയറുകള്‍ അഴിച്ച് മാറ്റിയിരുന്നു. അപകടവിവരം അറിഞ്ഞിട്ടും കേബിള്‍ ഉടമകളോ കരാറുകാരോ വിവരം അന്വേഷിക്കാനോ സാമ്പത്തിക സഹായം നല്‍കാനോ തയ്യാറായില്ലെന്ന് കുടുംബം ആരോപിച്ചു. സംഭവത്തില്‍ കളമശേരി പൊലീസ് കേസെടുത്തിട്ടുണ്ട്.
പുഷ്പിയുടെ ചികിത്സയ്ക്കായി 18 ലക്ഷം രൂപ ചെലവായെന്നും കേബിള്‍ ഉടമകളില്‍ നിന്ന് യാതൊരു സഹായവും ലഭിച്ചില്ലെന്നും കുടുംബം ആരോപിച്ചു. സെപ്തംബര്‍ എട്ടിന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. നോര്‍ത്ത് കളമശേരിയിലെ പത്താം പീയൂസ് പള്ളിക്ക് സമീപമുള്ള സെമിത്തേരിയില്‍ പോയി മടങ്ങുന്നതിനിടെയാണ് പുഷ്പിക്ക് അപകടമുണ്ടായത്. ഭര്‍ത്താവ് സേവ്യറും ഒപ്പമുണ്ടായിരുന്നു. സെമിത്തേരിയുടെ ഗേറ്റിന് മുന്നില്‍ നിലത്ത് കുറുകേ കിടന്നിരുന്ന കേബിളില്‍ കാല് കുടുങ്ങി പുഷ്പി തലയിടിച്ച് വീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ പുഷ്പിയുടെ തലയില്‍ നിന്ന് വലിയ രീതിയില്‍ രക്തസ്രാവമുണ്ടായി. ഉടന്‍തന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പക്ഷേ, വിദഗ്ദ്ധ ചികിത്സ നല്കാന് ഡോക്ടര്‍ ഇല്ലാതിരുന്നതിനാല്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അപകടത്തില്‍ പുഷ്പിയുടെ ശരീരത്തിന്റെ ഇടത് ഭാഗം തളര്‍ന്നിരുന്നു. അരുണ്‍, സുസ്മി എന്നിവരാണ് മക്കള്‍.
https://www.facebook.com/Malayalivartha


























