ക്രാഫ്റ്റ്‌സ് വില്ലേജില്‍ അന്താരാഷ്ട്ര നൃത്തോത്സവത്തിന് തുടക്കമായി....

ഇന്ത്യന്‍ ക്ലാസിക്കല്‍, സമകാലിക നൃത്തരൂപങ്ങളുടെ സാംസ്‌കാരിക വൈവിധ്യം വിളിച്ചോതുന്ന അന്താരാഷ്ട്ര നൃത്തോത്സവത്തിന് കോവളം കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജില്‍ തുടക്കമായി.
കല്യാണസൗഗന്ധികം കഥകളിയുടെ ആവിഷ്‌കാരത്തോടെയാണ് ദക്ഷിണേന്ത്യയിലെ പ്രമുഖ നൃത്ത കലാകാരന്മാരും പ്രശസ്ത കലാസമിതികളും പങ്കെടുക്കുന്ന കലാസന്ധ്യയ്ക്ക് തുടക്കമായത്. തുടര്‍ന്ന് മഞ്ചീരം സ്‌കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിച്ച ഭരതനാട്യവും, പ്രശസ്ത നര്‍ത്തകിമാരായ രശ്മി ചൗവല്ലൂര്‍, വിദ്യ ചന്ദ്രില എന്നിവരുടെ 'യാദ' കുച്ചിപ്പുഡി തീമാറ്റിക് നൃത്തവും അരങ്ങേറി.
കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ടി.യു ശ്രീപ്രസാദ്, അഡ്‌മിനിസ്‌ട്രേഷൻ ഹെഡ് രാഘവൻ കെ, മാർഗി രവീന്ദ്രൻ നായർ കലാമണ്ഡലം പാർത്ഥസാരഥി, കലാമണ്ഡലം സുകുമാരൻ, രേഖ നായർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
രണ്ടാം ദിനമായ ഞായറാഴ്ച വൈകുന്നേരം നീലാംബരി വര്‍മ്മയുടെ ഭരതനാട്യത്തോടെ കലാപരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് ഇന്ത്യന്‍ കള്‍ച്ചറല്‍ ആന്‍ഡ് ഹെരിറ്റേജ് സെന്റര്‍ നിര്‍മ്മിച്ച പ്രത്യേക നൃത്ത ആവിഷ്‌കാരം, ശ്രീരേഖ പി.റ്റി. അവതരിപ്പിക്കുന്ന ഭരതനാട്യം, എ.ജി.ഡി.സി.യുടെ വെസ്റ്റേണ്‍ ഡാന്‍സ് പ്രകടനം എന്നിവ അരങ്ങേറും. ക്രാഫ്റ്റ്‌സ് വില്ലേജിലെ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന നൃത്തോത്സവത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
ദൃശ്യകലാ പാരമ്പര്യങ്ങളുടെ തനിമ നിലനിര്‍ത്തുന്നതിനൊപ്പം വൈവിധ്യമാര്‍ന്ന കലാ രൂപങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അന്താരാഷ്ട്ര നൃത്തോത്സവം സംഘടിപ്പിച്ചിരിക്കുന്നതെന്ന് കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ടി.യു ശ്രീപ്രസാദ് പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായ സാംസ്‌കാരിക കേന്ദ്രമെന്ന നിലയില്‍ കലാരംഗത്തെ മികവുറ്റ അവതരണങ്ങള്‍ക്ക് സ്ഥിരം വേദിയൊരുക്കാന്‍ ക്രാഫ്റ്റ്‌സ് വില്ലേജ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"https://www.facebook.com/Malayalivartha
























