അമ്മയെ കൊന്നയാളെ അച്ഛനെന്ന് എങ്ങനെ വിളിക്കാനാകും? ഒരു പതിനൊന്നുകാരന്റെ ദയനീയമായ ചോദ്യത്തിനു മുമ്പില്‍ ഉത്തരമില്ലാതെ കോടതി

അമ്മയെ കൊന്നയാളെ അച്ഛന്‍ എന്ന് വിളിക്കില്ലെന്ന് മകന്‍. സോളാര്‍ കേസ് പ്രതി ബിജുരാധാകൃഷണന്റെ മകനാണ് ഇങ്ങനെ പറഞ്ഞത്. ബിജുവിന്റെ ഭാര്യ രശ്‌മി കൊലചെയ്യപ്പെട്ട കേസില്‍ വിചാരണ നടക്കവെയാണ് ബിജുവിന്റെ 11 വയസുകാരന്‍ മകന്‍ ഇത്തരത്തില്‍ കോടതിയില്‍ പ്രതികരിച്ചത്.
രശ്‌മിയുടെ കൊലപാതക കേസില്‍ അഞ്ചാം സാക്ഷിയാണ് മകന്‍. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജഡ്‌ജി തനിക്കു സമീപം വിളിച്ചിരുത്തിയാണ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. മൊഴിക്കിടെ ബിജുവിനെ അയാള്‍ എന്ന് വിളിച്ചപ്പോള്‍ അച്ഛനെ അത്തരത്തില്‍ വിളിക്കാമോ എന്ന് ജഡ്‌ജി ചോദിച്ചു. അപ്പോള്‍ തന്റെ അമ്മയെ കൊന്നയാളെ അച്ഛന്‍ എന്ന് വിളിക്കാന്‍ കഴിയില്ലെന്ന് കുട്ടി തറപ്പിച്ചു പറയുകയായിരുന്നു.
"അനിയന് സുഖമില്ലാതിരുന്നതുകൊണ്ട് അമ്മ ഒരു ഓട്ടോറിക്ഷയില്‍ അനിയനെയുംകൊണ്ട് ആസ്പത്രിയിലേക്ക് പോയി. എന്നെ അടുത്ത വീട്ടില്‍ കൊണ്ടാക്കി. വൈകിട്ട് അവിടന്ന് പായസം കുടിച്ചിട്ട് വീട്ടില്‍ വന്ന് കിടന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ അയാള്‍ വന്നു. എന്റെ അനുവാദമില്ലാതെ എന്തിന് കൊച്ചിനെ പുറത്തുകൊണ്ടുപോയി എന്ന് ദേഷ്യത്തില്‍ ചോദിച്ചിട്ട് അമ്മയെ അടിച്ചു. അമ്മ പിന്നീട് കുളിക്കാന്‍ കുളിമുറിയില്‍ കയറി. കുളിച്ചുകഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ അയാള്‍ അമ്മയുടെ തലയ്ക്ക് പിറകിലടിച്ചു. അമ്മ താഴെ വീണു. ഒരു ബോട്ടിലില്‍ ഇരുന്ന കാപ്പിപ്പൊടി കളറുള്ള ഒരു ദ്രാവകം അയാള്‍ അമ്മയുടെ വായ് ബലമായി തുറന്ന് ഒഴിച്ചുകൊടുത്തു. അമ്മ അപ്പോള്‍ ബോധംകെട്ടു വീണു. അമ്മയുടെ മൂക്കില്‍നിന്ന് രക്തം വരുന്നുണ്ടായിരുന്നു. അയാള്‍ അമ്മയുടെ കൈയില്‍ പിടിച്ച് പുറകോട്ട് വലിച്ചിഴച്ചപ്പോള്‍ ഞാന്‍ കരഞ്ഞു. എന്തെടാ കിടന്ന് ഉറങ്ങെടാ എന്നു പറഞ്ഞ് അയാള്‍ എന്നെ അടിച്ചു. ഞാന്‍ കരഞ്ഞുറങ്ങി. പിന്നെ ഉണര്‍ന്നു നോക്കുമ്പോള്‍ അമ്മ ബാത്ത്‌റൂമിലും മുറിയിലുമായി കിടക്കുന്നതുകണ്ടു. അമ്മയ്ക്ക് അനക്കമുണ്ടായിരുന്നില്ല. ഞാന്‍ പിന്നെയും തിരിച്ചുവന്ന് കിടന്നുറങ്ങി. ഉണര്‍ന്നപ്പോള്‍ അയല്‍ക്കാരെല്ലാം വീട്ടില്‍ കൂടിനില്‍ക്കുന്നത് കണ്ടു. പിന്നീട് അവരെല്ലാം ചേര്‍ന്ന് എന്നെ അമ്മയുടെ വീട്ടില്‍ കൊണ്ടുവന്നു. അവിടെ ചെല്ലുമ്പോള്‍ അമ്മയെ വെള്ളമുണ്ട് പുതപ്പിച്ച് കിടത്തിയിരിക്കുന്നത് കണ്ടു". പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി അശോക്‌മേനോന്റെ മുമ്പാകെ പതിനൊന്നുകാരന്‍ മൊഴി നല്‍കി.
https://www.facebook.com/Malayalivartha