പ്രതിഷേധം ഏശിയില്ല... ആറന്മുള വിമാനത്താവളത്തിന് അന്തിമാനുമതി, സ്വകാര്യ ഉടമസ്ഥതയിലുള്ള വിമാനത്താവളത്തിന് ഉന്നതരുടെ ഒത്താശയും

വയല്‍ നികത്തി ആറന്മുളയില്‍ വിമാനത്താവളം വേണ്ടെന്ന് നാട്ടുകാരും ജന പ്രതിനിധികളും ഒരു പോലെ പറഞ്ഞിട്ടും ആറന്മുള വിമാനത്താവളത്തിന് അന്തിമാനുമതിയായി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് അന്തിമാനുമതി നല്‍കിയത്. ഇന്നലെയാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. 2000 കോടി രൂപയുടേതാണ് പദ്ധതി. രണ്ട് ഘട്ടങ്ങളിലായാണ് നിര്‍മാണം നടത്തുക.
കഴിഞ്ഞ രണ്ട് വര്‍ഷമായി വ്യത്യസ്ത സംഘടനകള്‍ പ്രദേശത്ത് സമരം നടത്തിവരികയാണ്. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശത്താണ് വിമാനത്താവളം വിഭാവനം ചെയ്തിട്ടുള്ളത്. അതിനാലാണ് പ്രധാനമായും പ്രതിഷേധം ഉയരുന്നത്.
നേരത്തെ വിമാനത്താവള നിര്‍മ്മാണത്തിന് ഭൂപരിധി ഇളവിന് കെ ജി എസ് ഗ്രൂപ്പിന് അര്‍ഹതയുള്ളതായി സംസ്ഥാന പരിസ്ഥിതി വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സംസ്ഥാന നിയമസഭാ പരിസ്ഥിതി സമിതിയുടെ വിലക്ക് മറികടന്ന് പദ്ധതിക്ക് വയല്‍ നികത്താനുള്ള അനുകൂല തീരുമാനവും സംസ്ഥാന പരിസ്ഥിതി വകുപ്പ് സ്വീകരിച്ചിരുന്നു. ആറന്മുള വിമാനത്താവളത്തിനായി കണ്ടെത്തിയ പ്രദേശം വ്യാവസായിക പ്രദേശമായി പ്രഖ്യാപിച്ചതോടെയാണ് ജനങ്ങളുടെ പ്രതിഷേധം ശക്തമായത്. പിന്നീട് പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉയര്‍ത്തി സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. പരിസ്ഥിതി ആഘാത പഠനം നടത്താതെയാണ് പദ്ധതിക്ക് അനുമതി നല്‍കിയതെന്ന് പരിസിഥിതി പ്രവര്‍ത്തകര്‍ ആരോപിച്ചു.
വിമാനത്താവളം നിര്‍മ്മിക്കാന്‍ ഏതാണ്ട് 500 ഏക്കര്‍ നെല്‍വയല്‍ നികത്തേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.
വിമാനത്താവളത്തിന് അന്തിമാനുമതി ലഭിച്ചതോടെ പരിസ്ഥിതിവാദികളും രംഗത്തെത്തി. എന്ത് വിലകൊടുത്തും നിര്‍മ്മാണം ചെറുക്കുമെന്ന് ടിഎന്‍ പ്രതാപന്‍ എംഎല്‍എ പറഞ്ഞു.
https://www.facebook.com/Malayalivartha