പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള വിദ്യാഭ്യാസ സംവരണ പരിധി ആറുലക്ഷമാക്കി ഉയര്‍ത്തി

പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള വിദ്യാഭ്യാസ സംവരണ പരിധി ആറുലക്ഷമാക്കാന്‍ തീരുമാനിച്ചു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതിന് അനുമതി നല്‍കിയത്. പിന്നാക്ക വിഭാഗങ്ങള്‍ക്ക് ജോലി സംവരണത്തിനുള്ള വരുമാന പരിധി നേരത്തെ തന്നെ ആറുലക്ഷമാക്കി ഉയര്‍ത്തിയിരുന്നു. ക്രിമിലെയര്‍ പരിധി നാലര ലക്ഷത്തില്‍ നിന്നാണ് ആറുലക്ഷമാക്കി ഉയര്‍ത്തിയത്.
ഇതോടെ ആറു ലക്ഷം രൂപ വാര്‍ഷിക വരുമാനമില്ലാത്ത പിന്നാക്ക വിഭാഗങ്ങളിലുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സംവരണത്തിന്റെ ആനുകൂല്യം ലഭിക്കും.
ക്രീമിലെയര്‍ വരുമാന പരിധി നഗരങ്ങളില്‍ ഒമ്പതു ലക്ഷം, ഗ്രാമങ്ങളില്‍ 12 ലക്ഷം എന്നിങ്ങനെയായി വര്‍ധിപ്പിക്കണമെന്ന് നേരത്തെ കേന്ദ്ര പിന്നാക്ക കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. ഈ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ തള്ളി. വരുമാനപരിധി ആറു ലക്ഷമാക്കാനായിരുന്നു കേന്ദ്രത്തിന്റെ തീരുമാനം. ഇക്കാര്യം സംസ്ഥാന സര്‍ക്കാരുകളെ അറിയിക്കുകയും ചെയ്തു.
തൊഴില്‍ സംവരണത്തിനുള്ള വരുമാന പരിധി നാലര ലക്ഷത്തില്‍ നിന്ന് ആറു ലക്ഷം രൂപയായി ഉയര്‍ത്താന്‍ ഒരുമാസം മുമ്പ് സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഇതുവരെ ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങിയിട്ടില്ല. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഉടന്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.
https://www.facebook.com/Malayalivartha