പ്രതികള്‍ക്ക് വേണ്ടി ഡി.ജി.പി; ശംഭോ മഹാദേവ

ടി.പി ചന്ദ്രശേഖരന്‍ വധത്തില്‍ ജയിലില്‍ കഴിയുന്ന പ്രതികളെ അനുകൂലിച്ച് ജയില്‍ മേധാവി അലക്‌സാണ്ടര്‍ ജേക്കബ് നടത്തിയ വാര്‍ത്താ സമ്മേളനം സര്‍ക്കാരിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. പ്രതികളെ കുടുക്കാന്‍ ആരെങ്കിലും കരുതികൂട്ടി ചെയ്‌തതാകാമെന്നാണ് ഫേസ്‌ബുക്ക് വിവാദത്തെക്കുറിച്ച് അലക്‌സാണ്ടര്‍ ജേക്കബ് പ്രതികരിച്ചത്.
ടി.പി കേസിലെ വിധി വരുന്നതിന് തൊട്ടുമുമ്പുണ്ടായ വിവാദം ജഡ്‌ജിയെ സ്വാധീനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാകാം എന്നാണ് ജയില്‍ മേധാവി പറയുന്നത്. ടി.പി വധക്കേസില്‍ പ്രതികള്‍ രക്ഷപ്പെട്ടാലും ഫേസ്‌ബുക്ക് കേസില്‍ അകത്തു കിടക്കട്ടെ എന്ന് കരുതിയിരിക്കാം എന്നും ഡി.ജി.പി തുറന്നടിച്ചു. ഒരു പോലീസുകാരനെന്ന നിലയില്‍ താന്‍ എല്ലാ വശങ്ങളും ചിന്തിക്കാന്‍ ബാധ്യസ്ഥനാണെന്നും ഡി.ജി.പി പറഞ്ഞു.
ജയിലിലുണ്ടായ വീഴ്‌ച താന്‍ ഏറ്റെടുക്കുന്നതായി ഡി.ജി.പി സമ്മതിച്ചെങ്കിലും പ്രതികള്‍ ഉപയോഗിച്ച കമ്പ്യൂട്ടറും, മൊബൈല്‍ ഫോണും കണ്ടെത്തിയില്ലെന്നും ഡി.ജി.പി പറഞ്ഞു. വിചാരണ തടവുകാരന്‍ ഷാഫിയുടെ സംഭാഷണം പുറത്തുവന്നെങ്കിലും അത് ശാസ്‌ത്രീയമായി തെളിയിക്കേണ്ടതാണെന്നും ഡി.ജി.പി പറഞ്ഞു. ഫോട്ടോ കൃത്രിമമായി നിര്‍മ്മിക്കാമെന്നും ഡി.ജി.പി പറഞ്ഞു.
ടി.പി വധക്കേസിലെ പ്രതികള്‍ ആഢംബര വസ്‌ത്രമണിഞ്ഞതിനേയും ഡി.ജി.പി ന്യായീകരിച്ചു. ജയിലില്‍ വിചാരണ തടവുകാര്‍ക്ക് ഡ്രസ് കോഡ് ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പി മോഹനനെ ഭാര്യയും എം.എല്‍.എയുമായ കെ.കെ ലതിക സന്ദര്‍ശിച്ചതിനേയും ഡി.ജി.പി ന്യായീകരിച്ചു.
ഇപ്പോള്‍ ആഭ്യന്തരമന്ത്രിയാണ് യഥാര്‍ത്ഥത്തില്‍ വെട്ടിലായത്. ടി.പി കേസിലെ പ്രതികളെ സംരക്ഷിക്കുന്ന തരത്തില്‍ സംസാരിച്ച ഡി.ജി.പിയെ തിരുവഞ്ചൂര്‍ രക്ഷിക്കുമോ എന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ അറിയാം.
https://www.facebook.com/Malayalivartha