പരസ്യവിവാദം; വീഴ്‌ച സംഭവിച്ചതായി സി.പി.എം സെക്രട്ടേറിയറ്റ്; ജയരാജന്റെ കാര്യത്തില്‍ മൗനം

വിവാദ വ്യവസായി വി.എം രാധാകൃഷ്‌ണന്റെ കമ്പനിയുടെ പരസ്യം പാര്‍ട്ടി മുഖപത്രത്തില്‍ വന്ന സംഭവത്തില്‍ വീഴ്‌ച പറ്റിയതായി സി.പി.എം സെക്രട്ടറിയേറ്റ്. തിരുവനന്തപുരത്ത് നടന്ന സി.പി.എം സെക്രട്ടറിയേറ്റിന്റെ ഭാഗമായി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇത് ദേശാഭിമാനിയുടെ പരസ്യവിഭാഗത്തിന് സംഭവിച്ച വീഴ്‌ചയാണ്. ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത കാട്ടണമെന്നാണ് ഈ വിവാദങ്ങള്‍ വ്യക്തമാക്കുന്നതെന്നും സി.പി.എം സെക്രട്ടറിയേറ്റ് വ്യക്തമാക്കി.
പാലക്കാട് പ്ലീനത്തിന്റെ വിജയത്തെ താഴ്ത്തിക്കെട്ടാന്‍ വലതുപക്ഷ ശക്തികള്‍ക്ക് വീണുകിട്ടിയ ഒന്നായിരുന്നു സൂര്യ ഗ്രൂപ്പിന്റെ ദേശാഭിമാനിയിലെ പരസ്യം. ദേശാഭിമാനിക്ക് പരസ്യം നല്‍കിയത് പ്രത്യേക ഉദ്ദേശ്യത്തോടെയായിരുന്നുവെന്ന് പരസ്യദാതാവ് പിന്നീട് പ്രതികരിച്ചതായി കണ്ടു.
പ്ലീനത്തിന് ഇയാളില്‍ നിന്ന് സംഭാവന സ്വീകരിക്കാത്ത പാര്‍ട്ടിയെ പരസ്യം നല്‍കി വിവാദത്തില്‍ പെടുത്താനാണ് ശ്രമിച്ചതെന്ന് പിന്നീടുള്ള സംഭവങ്ങള്‍ വ്യക്തമാക്കുന്നു. സാധാരണ പരസ്യം നല്‍കുന്നവരായാലും പ്ലീനവുമായി ബന്ധപ്പെട്ട പരസ്യം വിവാദത്തിനുദ്ദേശിച്ചാണ് നല്‍കുന്നതെന്ന് മനസിലാക്കുന്നതില്‍ ദേശാഭിമാനിയുടെ പരസ്യവിഭാഗത്തിന് വീഴ്ചയുണ്ടായി എന്നും പാര്‍ട്ടി സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച കുറിപ്പില്‍ പറയുന്നു.
പാലക്കാട് നടന്ന പാര്‍ട്ടി പ്ലീനത്തിന് അഭിവാദ്യമര്‍പ്പിച്ചാണ് വിവാദ വ്യവസായി വി.എം രാധാകൃഷ്‌ണന്‍ ദേശാഭിമാനിയില്‍ പരസ്യം നല്‍കിയത്. എന്നാല്‍ പരസ്യത്തെ അനുകൂലിച്ചാണ് പത്രത്തിന്റെ ജനറല്‍ മാനേജറായ ഇ.പി ജയരാജന്‍ അന്ന് സംസാരിച്ചത്. ജയരാജനെ അനുകൂലിച്ച് സംസ്ഥാന സെക്രട്ടറി പിണറായി വിജയനും രംഗത്തെത്തിയിരുന്നു.
അതേസമയം വീഴ്‌ചപറ്റി എന്ന് സെക്രട്ടേറിയറ്റില്‍ അഭിപ്രായം ഉണ്ടായപ്പോഴും ഇക്കാര്യത്തില്‍ ഇ.പി ജയരാജന്റെ പങ്കിനെക്കുറിച്ച് എല്ലാവരും മൗനം പാലിക്കുകയാണ് ഉണ്ടായത്.
https://www.facebook.com/Malayalivartha