സംസ്ഥാനതല ആയുര്‍വേദ ദിനാചരണം ഇന്ന് (സെപ്റ്റംബര്‍ 23) മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും...

ഉദ്ഘാടന സമ്മേളനത്തില്‍ ആരോഗ്യ കുടുംബക്ഷേമ ആയുഷ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ മുഖ്യപ്രഭാഷണം നടത്തും. ആയുഷ് സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. ഡി. സജിത് ബാബു ആയുര്‍വേദ ദിന സന്ദേശം നല്‍കും. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. വിനയ് ഗോയല്‍, ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ ഡോ. റീന കെ.ജെ, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. വിശ്വനാഥന്‍ കെ.വി, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. ടി.ഡി ശ്രീകുമാര്‍, ഹോമിയോപ്പതി ഡയറക്ടര്‍ ഡോ. എം.പി ബീന, തിരുവനന്തപുരം ഗവ. ഹോമിയോ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ടി.കെ വിജയന്‍, ആയുഷ് മിഷന്‍ കേരള നോഡല്‍ ഓഫീസര്‍ അജിത എ, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി ഡോ. പി.കെ ഹരിദാസ്, സിസിആര്‍എഎസ് ആര്‍എആര്‍ഐ അസിസ്റ്റന്‍റ് ഡയറക്ടര്‍ ഡോ. ശ്രീദീപ്തി ജി.എന്‍, ഡെപ്യൂട്ടി ഡ്രഗ് കണ്‍ട്രോളര്‍ (എഎസ് യു) ഡോ. ജയ വി ദേവ്, സംസ്ഥാന മെഡിസിനല്‍ പ്ലാന്‍റ്സ് ബോര്‍ഡ് സിഇഒയും ഔഷധി എംഡിയുമായ ഡോ. ടി.കെ ഹൃദീക്, എച്ച്ഒഎംസിഒ എംഡി ഡോ. ശോഭ ചന്ദ്രന്‍, ആയുഷ് മിഷന്‍ കേരള ഹോമിയോപ്പതി സംസ്ഥാന പ്രോഗ്രാം മാനേജര്‍ ഡോ. ജയനാരായണന്‍ ആര്‍ എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിക്കും.
ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ വകുപ്പ് ഡയറക്ടര്‍ ഡോ. പ്രീയ കെ.എസ് സ്വാഗതവും ആയുഷ് മിഷന്‍ കേരള (ഐഎസ്എം) സംസ്ഥാന പ്രോഗ്രാം മാനേജര്‍ ഡോ. സജി പിആര്‍ നന്ദിയും പറയും. ഉദ്ഘാടന സമ്മേളനത്തിനു ശേഷം സാംസ്കാരിക പരിപാടികളും നടക്കും.
സ്ത്രീകള്‍ക്ക് ആയുര്‍വേദത്തില്‍ അധിഷ്ഠിതമായ ഗര്‍ഭകാല-പ്രസവാനന്തര ശുശ്രൂഷയില്‍ ശാസ്ത്രീയ പരിശീലനം നല്‍കുന്നതിനായി ആവിഷ്കരിച്ച പദ്ധതിയാണ് സൂതികാമിത്രം. ഇതിലൂടെ അമ്മയെയും കുഞ്ഞിനെയും പരിചരിക്കുന്നതിനായുള്ള സേവനം സംസ്ഥാനത്ത് എല്ലായിടങ്ങളിലും ആവശ്യാനുസരണം ലഭ്യമാക്കും.
ഗര്‍ഭകാലത്തും പ്രസവാനന്തര ഘട്ടത്തിലും സ്ത്രീകളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും കുഞ്ഞിന്‍റെ ആരോഗ്യകരമായ വളര്‍ച്ച ലക്ഷ്യമിട്ടുകൊണ്ടും നടപ്പിലാക്കിയ സമഗ്ര മാതൃ-ശിശു സംരക്ഷണ പദ്ധതിയാണ് സുപ്രജ.
ജീവിതശൈലീ രോഗങ്ങള്‍ തടയുന്നതില്‍ യോഗയുടെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിനായി 10,000 ലധികം യോഗ ക്ലബ്ബുകള്‍ സംസ്ഥാനത്ത് ആരംഭിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. അതതു പ്രദേശത്തെ യോഗ ക്ലബ്ബുകള്‍ ആളുകള്‍ക്ക് മനസ്സിലാക്കുന്നതിനായാണ് ആയുഷ് യോഗ ക്ലബ് ആപ്പ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്.
ജീവിതശൈലി രോഗങ്ങള്‍ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി ആയുര്‍വേദത്തിന്‍റെ സാധ്യതകളെ പരമാവധി ഉപയോഗിച്ച് സമഗ്രമായ ഇടപെടല്‍ ഉറപ്പാക്കുന്നതിനാണ് എന്‍സിഡി സ്പെഷ്യാലിറ്റി ക്ലിനിക് രൂപകല്പന ചെയ്തിരിക്കുന്നത്.
സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറികളില്‍ പഞ്ചകര്‍മ്മ ചികിത്സകള്‍ ഉള്‍പ്പെടുത്തി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഉള്‍പ്പെടെ സമഗ്രമായ ആയുര്‍വേദ ചികിത്സ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് ആയുര്‍കര്‍മ്മ. സംസ്ഥാനത്ത് 25 പുതിയ യൂണിറ്റുകളാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.
ആയുഷ് വകുപ്പിന് കീഴിലുളള 240 സ്ഥാപനങ്ങളില്‍ നെക്സ്റ്റ് ജെന്‍ ഇ ഹോസ്പിറ്റല്‍ സംവിധാനം ലഭ്യമാണ്. ഓണ്‍ലൈനിലൂടെ രോഗികള്‍ക്ക് ഒപി രജിസ്ട്രേഷനും ഡോക്ടറുടെ അപ്പോയിന്‍റ്മെന്‍റും എടുക്കാനാകും. രോഗിയുടെ മെഡിക്കല്‍ രേഖകളും ഒറ്റ ക്ലിക്കില്‍ ലഭ്യമാകും.
ഓസ്റ്റിയോആര്‍ത്രൈറ്റിസ് ഉള്‍പ്പെടെയുള്ള വിവിധ മസ്കുലോസ്കെലറ്റല്‍ രോഗങ്ങളുടെ പ്രതിരോധവും നിയന്ത്രണവും ചികിത്സയും ലക്ഷ്യമാക്കി നടപ്പിലാക്കുന്ന പൊതുജന ആരോഗ്യ പദ്ധതിയാണ് നാഷണല്‍ പ്രോഗ്രാം ഫോര്‍ പ്രിവെന്‍ഷന്‍ ആന്‍ഡ് മാനേജ്മെന്‍റ് ഓഫ് ഒസ്തെറോ ആര്‍ത്രൈറ്റിസ് ആന്‍ഡ് അദര്‍ മസ്കുലോ സ്കെലിറ്റല്‍ ഡിസോര്‍ഡേഴ്സ് (എന്‍പിപിഎംഒഎംഡി). സന്ധി രോഗങ്ങള്‍ക്ക് വളരെ ഫലപ്രദമായ ആയുര്‍വേദത്തിന്‍റെ സാധ്യതകള്‍ ഈ പദ്ധതിയിലൂടെ ജനങ്ങള്‍ക്ക് ലഭ്യമാവും.
വന്ധ്യത പരിഹരിക്കുന്നതിനായി ആരംഭിച്ച സമഗ്രമായ പദ്ധതിയായ ആയുഷ് ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക് കാസറഗോഡ്, പാലക്കാട്, തിരുവനന്തപുരം, ജില്ലകളില്‍ കൂടി ആരംഭിക്കും. വിഷാദ രോഗം തടയുന്നതിനും, ചികിത്സിക്കുന്നതിനും, മാനസികാരോഗ്യം നിലനിര്‍ത്തുന്നതിനുമായി നടപ്പിലാക്കുന്ന പദ്ധതിയായ ഹര്‍ഷം കൊല്ലം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ആരംഭിച്ചു. ആയുര്‍വേദത്തിന്‍റെ സാധ്യത ഉപയോഗിച്ച് നേത്ര ചികിത്സ കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിനാണ് 'ദൃഷ്ടി' പദ്ധതി നടപ്പിലാക്കുന്നത്. ആലപ്പുഴ ജില്ലയിലെ ഒറ്റപ്പെട്ട ദീപ് നിവാസികള്‍ക്ക് വാതില്‍പ്പടിയില്‍ ആരോഗ്യസേവനം നല്‍കുന്നതിനായി മോട്ടോര്‍ ബോട്ടില്‍ സജ്ജീകരിച്ച ആയുര്‍വേദ ക്ലിനിക്കാണ് ആരോഗ്യനൗക. കായിക താരങ്ങളുടെ പരിക്കുകള്‍ പരിഹരിക്കുന്നതിന് ആയുര്‍വേദത്തിന്‍റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന പദ്ധതിയാണ് സ്പോര്‍ട്സ് ആയുര്‍വേദ പദ്ധതി. നിലവിലെ 13 യൂണിറ്റുകള്‍ കൂടാതെ 10 യൂണിറ്റുകള്‍ കൂടി ഇതിനായി ആരംഭിക്കും.
https://www.facebook.com/Malayalivartha