വാഹനമിടിച്ച് വൃദ്ധന്‍ മരിച്ച കേസില്‍ പാറശാല എസ്എച്ച്ഒ സിഐ അനില്‍കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

കിളിമാനൂരില്‍ വാഹനമിടിച്ച് വൃദ്ധന്‍ മരിച്ച കേസില്‍ പാറശാല എസ്എച്ച്ഒ സിഐ അനില്‍കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. കേസുമായി ബന്ധപ്പെട്ട് അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അപകടശേഷം കാര്‍ നിറുത്താതെ അനില്‍കുമാര്‍ കടന്നുകളഞ്ഞിരുന്നു. സി.സി ടിവി ദൃശ്യങ്ങളില്‍ നിന്നാണ് അനില്‍കുമാറിനെ തിരിച്ചറിഞ്ഞത്. അലക്ഷ്യമായി അമിത വേഗത്തില്‍ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കി, നിര്‍ത്താതെ പോയി എന്നീ കുറ്റങ്ങള്‍ക്കാണ് അനില്‍കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. കിളിമാനൂര്‍ ചേണിക്കുഴി സ്വദേശിയായ രാജന്‍ ആണ് അമിതവേഗതയിലെത്തിയ അനില്‍കുമാറിന്റെ വാഹനമിടിച്ച് മരിച്ചത്. അരമണിക്കൂറോളം രാജന്‍ ചോരവാര്‍ന്ന് വഴിയില്‍ കിടന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
കഴിഞ്ഞ സെപ്തംബര്‍ ഏഴാം തീയതിയാണ് അനില്‍ കുമാറിന്റെ വാഹനമിടിച്ച് രാജന്‍ എന്നയാള്‍ മരിച്ചത്. സംഭവത്തില്‍ അനില്‍കുമാര്‍ ആദ്യം കുറ്റം സമ്മതിച്ചിരുന്നു. ഒരാള്‍ വാഹനത്തിന്റെ സൈഡില്‍ ഇടിച്ചുവീണുവെന്നും തുടര്‍ന്ന് അയാള്‍ എഴുന്നേറ്റ് നടന്നുപോയെന്നുമായിരുന്നു അനില്‍കുമാര്‍ പറഞ്ഞത്. പത്ത് വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണ് അനില്‍കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്.
സംഭവദിവസം മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെയാണ് പാറശാല സ്‌റ്റേഷന്‍ വിട്ട് അനില്‍ കുമാര്‍ തട്ടത്തുമലയിലെ വീട്ടില്‍ പോയത്. അനുമതിയില്ലാതെ പോയതുകൊണ്ടാണ് അപകടം ഉണ്ടായിട്ടും നിര്‍ത്താതെ പോയതെന്നാണ് വിവരം. അപകടശേഷം തെളിവ് നശിപ്പിക്കാനായി വര്‍ക്ക് ഷോപ്പില്‍ കൊണ്ടിട്ടിരുന്ന കാര്‍ കിളിമാനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
https://www.facebook.com/Malayalivartha