ജയില്‍ ശുദ്ധീകരിക്കാന്‍ ഇനി സെന്‍കുമാര്‍ ; എ.ഡി.ജി.പി ടി.പി സെന്‍കുമാര്‍ ജയില്‍ ഡിജിപിയായി ചുമതലയേറ്റു

എ.ഡി.ജി.പി ടി.പി സെന്‍കുമാര്‍ ജയില്‍ ഡിജിപിയായി ചുമതലയേറ്റു. ടി.പി വധക്കേസിലെ പ്രതികള്‍ ജയിലില്‍ മൊബൈല്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്ന് ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബിനെ തല്‍സ്ഥാനത്തുനിന്നും മാറ്റിയിരുന്നു. തുടര്‍ന്നാണ് ഇന്റലിജന്‍സ് എ.ഡി.ജി.പിയായ ടി.പി. സെന്‍കുമാറിനു ജയില്‍ മേധാവിയുടെ അധികചുമതല നല്‍കിയത്.
ടി.പി വധക്കേസിലെ പ്രതികള്‍ കോഴിക്കോട് ജില്ലാ ജയിലില്‍ ഫോണും ഫെയ്‌സ് ബുക്കും ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങളാണ് അലക്‌സാണ്ടര്‍ ജേക്കബിന്റെ സ്ഥാനചലനത്തില്‍ കലാശിച്ചത്. 'വിവാദം സംശയകരമാണ്. ടി.പി വധക്കേസിലെ വിധി വരാനിരിക്കുന്ന സാഹചര്യത്തില്‍ ജഡ്‌ജിയെ സ്വാധീനിക്കുന്നതിനു വേണ്ടി വിവാദം ഉണ്ടാക്കുന്നതാകാം. ടി.പി കേസില്‍ പ്രതികള്‍ രക്ഷപ്പെടുകയാണെങ്കില്‍ ഈ കേസിലെങ്കിലും ആറു മാസം അകത്തു കിടക്കട്ടെയെന്ന് കരുതി ചിലപ്പോള്‍ ആരെങ്കിലും ചെയ്തതാവാം. ഒരു പോലീസുകാരന്‍ എന്ന നിലയില്‍ എല്ലാ വശങ്ങളും ചിന്തിക്കേണ്ടേതുണ്ട്. അതു കൊണ്ട് ഇക്കാര്യത്തില്‍ ശാസ്ത്രീയ പരിശോധന ആവശ്യമാണ്'. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞു.
ജയിലിലുണ്ടായ വീഴ്‌ച താന്‍ ഏറ്റെടുക്കുന്നതായി ഡി.ജി.പി സമ്മതിച്ചെങ്കിലും പ്രതികള്‍ ഉപയോഗിച്ച കമ്പ്യൂട്ടറും, മൊബൈല്‍ ഫോണും കണ്ടെത്തിയില്ലെന്നും ഡി.ജി.പി പറഞ്ഞു. വിചാരണ തടവുകാരന്‍ ഷാഫിയുടെ സംഭാഷണം പുറത്തുവന്നെങ്കിലും അത് ശാസ്‌ത്രീയമായി തെളിയിക്കേണ്ടതാണെന്നും ഡി.ജി.പി പറഞ്ഞു. ഫോട്ടോ കൃത്രിമമായി നിര്‍മ്മിക്കാമെന്നും ഡി.ജി.പി പറഞ്ഞു. ടി.പി വധക്കേസിലെ പ്രതികള്‍ ആഢംബര വസ്‌ത്രമണിഞ്ഞതിനേയും ഡി.ജി.പി ന്യായീകരിച്ചു. ജയിലില്‍ വിചാരണ തടവുകാര്‍ക്ക് ഡ്രസ് കോഡ് ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പി മോഹനനെ ഭാര്യയും എം.എല്‍.എയുമായ കെ.കെ ലതിക സന്ദര്‍ശിച്ചതിനേയും ഡി.ജി.പി ന്യായീകരിച്ചു.
ജയില്‍ ഡി.ജി.പിയുടെ വിവാദ പരാമര്‍ശം സര്‍ക്കാരിനെ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലാക്കിയിരുന്നു. വിവാദപരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും അത് തൃപ്തികരമല്ലെന്ന് കണ്ടാണ് തല്‍സ്ഥാനത്തു നിന്ന് നീക്കിയത് അലക്‌സാണ്ടര്‍ ജേക്കബിന് പുതിയ ചുമതല നല്‍കിയിട്ടില്ല.
https://www.facebook.com/Malayalivartha