തിരുവഞ്ചൂര്‍ പുലിവാലു പിടിച്ചു

ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ വീണ്ടും പുലിവാലു പിടിച്ചു. കോഴിക്കോട് ജില്ലാ ജയിലിലെ 91 ക്യാമറകളില്‍ 37 എണ്ണം അഴിച്ചു മാറ്റിയത് മനുഷ്യാവകാശകമ്മീഷന്‍ അംഗം കെ.ഇ. ഗംഗാധരന്റെ നിര്‍ദ്ദേശാനുസരണമാണെന്ന പ്രസ്‌താവനയാണ് മന്ത്രിക്ക് വിനയായത്. മന്ത്രിയുടെ പ്രസ്‌താവനക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ രംഗത്തെത്തി. ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നാണ് കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശിയുടെ നിലപാട്. നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കില്‍ ഉത്തരവ് ഹാജരാക്കാനും കമ്മീഷന്‍ വെല്ലുവിളിച്ചു.
ആഭ്യന്തരമന്ത്രിയുടെ പിടിപ്പുകേടാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. അദ്ദേഹത്തെ ഉദ്യേഗസ്ഥര്‍ തെറ്റിദ്ധരിപ്പിച്ചതായാണ് സൂചന. മനുഷ്യാവകാശകമ്മീഷന്റെ നിര്‍ദ്ദേശമുണ്ടെന്ന് പറഞ്ഞ് കോഴിക്കോട് ജില്ലാ ജയില്‍ സൂപ്രണ്ട് തടിയൂരാന്‍ നടത്തിയ ശ്രമമാണ് മന്ത്രിക്ക് വിനയായത്. മന്ത്രിയെ ഇക്കാര്യം ധരിപ്പിച്ചത് മുന്‍ ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബാണെന്നറിയുന്നു.
തിരുവഞ്ചൂരിനെതിരെ തിരിഞ്ഞു നില്‍ക്കുന്ന കോണ്‍ഗ്രസുകാര്‍ക്ക് മന്ത്രിയെ അടിക്കാന്‍ പുതിയൊരു വടിയാണ് കിട്ടിയിരിക്കുന്നത്. മനുഷ്യാവകാശ കമ്മീഷന്‍ പോലൊരു ജുഡീഷ്യല്‍ സ്ഥാപനത്തെ കുറ്റം പറയുമ്പോള്‍ മന്ത്രി വസ്‌തുതകള്‍ മനസ്സിലാക്കേണ്ടതായിരുന്നു.
അന്തരിച്ച സി.പി.എം. നേതാവ് അഴിക്കോടന്‍ രാഘവന്റെ മരുമകനാണ് കമ്മീഷനംഗം കെ.ഇ. ഗംഗാധരന്‍ തലശ്ശേരി കോടതിയിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനാണ് ഗംഗാധരന്‍. അദ്ദേഹത്തിന്റെ രാഷ്‌ട്രീയബന്ധം ഉപയോഗിച്ച് മനുഷ്യാവകാശ കമ്മീഷനെ താറടിക്കാനാണ് മന്ത്രി ശ്രമിച്ചത്. മനുഷ്യാവകാശകമ്മീഷനിലെ ഏക നോണ്‍ ജുഡീഷ്യല്‍ അംഗമാണ് കെ.ഇ. ഗംഗാധരന്‍.
കെ.ഇ. ഗംഗാധരനെതിരെ പറയുമ്പോള്‍ ജസ്റ്റിസ് ജെ.ബി. കോശി രംഗത്തു വരുമെന്ന് തിരുവഞ്ചൂര്‍ സ്വപ്‌നേപി വിചാരിച്ചില്ല. ജെ.ബി കോശിയുടെ നിലപാടും തിരുവഞ്ചൂരിന് വിനയായി. വസ്‌തുതകള്‍ കണക്കിലെടുക്കാതെ സംസാരിക്കുമെന്ന ചീത്തപേരിന് ഉടമയായിരിക്കുകയാണ് സംസ്ഥാന ആഭ്യന്തരമന്ത്രി.
https://www.facebook.com/Malayalivartha