21 കിലോമീറ്റര്‍ ഓടി ഋഷിരാജ് സിംഗ് കൈയ്യടി നേടി... പിന്നാലെ ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി, ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍

കൊച്ചിയിലെ ഹാഫ് മാരത്തോണില്‍ നിറഞ്ഞുനിന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ആശുപത്രിയിലായത് ആരാധകരെ വേദനിപ്പിച്ചു. ഏറ്റുമാനൂരില്‍ സ്വകാര്യ ചടങ്ങില്‍ സംബന്ധിക്കാനെത്തിയ ഋഷിരാജ് സിംഗിനെ നെഞ്ചുവേദനയേത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്‍ജിയോപ്ലാസ്‌റ്റിക്കു വിധേയനായ അദ്ദേഹം കോട്ടയം, തെള്ളകത്തെ കാരിത്താസ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇന്നലെ വൈകിട്ട് ഏറ്റുമാനൂര്‍ ജേസീസിന്റെ രക്‌തദാന വെബ്‌സെറ്റ് ഉദ്‌ഘാടനത്തിനായാണ് ഋഷിരാജ് സിംഗ് എത്തിയത്.
ഇന്നലെ അരങ്ങേറിയ പ്രഥമ കൊച്ചി ഹാഫ് മാരത്തണില്‍ മൂന്നു മണിക്കൂര്‍ സമയത്തില്‍ 21 കിലോമീറ്റര്‍ ഫിനിഷ് ചെയ്‌ത് കൈയടി നേടിയിരുന്നു. വെള്ള ടീ ഷര്‍ട്ടും ട്രാക്ക് സ്യൂട്ടും അണിഞ്ഞെത്തിയ ഋഷിരാജ് സിംഗ് സെലിബ്രിറ്റി റണ്ണില്‍ പങ്കെടുക്കുമെന്നായിരുന്നു ആദ്യം കരുതിയിരുന്നതെങ്കിലും ഹാഫ് മാരത്തണ്‍ ഓടാനാണ് അദ്ദേഹം തീരുമാനിച്ചത്. മത്സരത്തില്‍ പങ്കെടുത്ത അദ്ദേഹം 21 കിലോമീറ്റര്‍ പൂര്‍ത്തിയാക്കി ഒമ്പതു മണിയോടെ ഫിനിഷിംഗ് ലൈനില്‍ എത്തിയപ്പോള്‍ നിറഞ്ഞ കൈയടികളോടെയാണ് കാണികള്‍ സ്വീകരിച്ചത്. മറ്റൊരു താരത്തിനും ലഭിക്കാത്ത ആരവങ്ങളായിരുന്നു ഗതാഗത കമ്മിഷണര്‍ക്കു ലഭിച്ചത്.
അതിനു ശേഷമാണ് ഏറ്റുമാനൂരിലേക്കു തിരിച്ചത്. തൊണ്ടവേദനയേത്തുടര്‍ന്ന് അസ്വസ്‌ഥനായിരുന്ന ഋഷിരാജ് സിംഗ് ദേഹാസ്വാസ്‌ഥ്യം കലശലായതോടെ മാര്‍ഗമധ്യേ വൈദ്യസഹായം തേടി. പരിശോധിച്ച ഡോക്‌ടര്‍ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ നിര്‍ദേശിച്ചതോടെ തെള്ളകത്തെ കാരിത്താസ് ആശുപത്രിയില് പ്രവേശിപ്പിക്കുകയായിരുന്നു. ഇ.സി.ജി. പരിശോധനയില്‍ ഹൃദയമിടിപ്പില്‍ വ്യത്യാസം കണ്ടെത്തിയതിനേത്തുടര്‍ന്ന് ആന്‍ജിയോഗ്രാം ചെയ്‌തപ്പോഴാണ് നെഞ്ചില്‍ തടസം കണ്ടെത്തിയത്. തുടര്‍ന്ന് ആന്‍ജിയോപ്ലാസ്‌റ്റി ചെയ്‌തു തടസം നീക്കി. രണ്ടു ദിവസം ആശുപത്രിയില്‍ കഴിയണമെന്നും വിശ്രമം ആവശ്യമാണെന്നുമാണ് ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha