നഗരത്തില്‍ സുരക്ഷ ശക്തമാക്കി, പൊതുജനങ്ങള്‍ക്ക് കുറ്റകൃത്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി അയക്കാം

പുതുവത്സരപ്പിറവിയെ വരവേല്‍ക്കാന്‍ തലസ്ഥാനനഗരിയും തീരമേഖലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളും ഒരുങ്ങി. സുരക്ഷ ശക്തമാക്കാന്‍ പൊലീസും. പുതുവത്സരാഘോഷങ്ങള്‍ക്കിടെ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷാസന്നാഹങ്ങളാണ് ഇന്നു മുതല്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഒരുക്കിയിരിക്കുന്നത്. സിറ്റി പൊലീസ് കമ്മീഷണര്‍ പി. വിജയന്റെ നേതൃത്വത്തില്‍ രണ്ട് ഡി.സി.പിമാരും 15 അസിസ്റ്റന്റ് കമ്മീഷണര്‍മാരും ഒരു കമാന്‍ഡന്റും 24 പൊലീസ് ഇന്‍സ്‌പെക്ടര്‍മാര്‍, 75 സബ് ഇന്‍സ്‌പെക്ടര്‍മാര്‍, വനിതാ പൊലീസ് ഉള്‍പെടെ ആയിരത്തിലധികം പൊലീസുകാരെയാണ് സുരക്ഷക്കായി വിന്യസിച്ചിരിക്കുന്നത്. സ്ത്രീകളെയും വിദേശികളെയും ശല്യം ചെയ്യുന്നവരെ നിരീക്ഷിക്കുന്നതിനായി പ്രത്യേക പരിശീലനം ലഭിച്ചിട്ടുള്ള വനിതാഷാഡോ പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്.
വിനോദസഞ്ചാര കേന്ദ്രങ്ങള്‍, റെയില്‍വേ സ്റ്റേഷന്‍, ബസ്സ്റ്റാന്റ് തുടങ്ങിയ നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളിലും പോക്കറ്റടി, പൂവാലശല്യം എന്നിവ തടയുന്നതിനായി വനിതകള്‍ ഉള്‍പെടെ നൂറിലധികം മഫ്ടി പൊലീസുകാരെയും ഷാഡോ പൊലീസിനെയും ബോംബ് സ്‌ക്വാഡിനെയും നിയോഗിച്ചിട്ടുണ്ട്. പുതുവത്സരാഘോഷം നടക്കുന്ന കോവളം സമുദ്രാബീച്ച്, ഗ്രോവ്ബീച്ച്, ഹവ്വാബീച്ച്, സീറോക്ക് ബീച്ച്, ലൈറ്റ് ഹൗസ് ബീച്ച്, കോക്കനട്ട് ബീച്ച്, ശംഖുംമുഖം, ആക്കുളം, വേളി ബോട്ട് ക്ലബ് തുടങ്ങിയ സ്ഥലങ്ങളിലും സിറ്റിയിലെ പ്രധാന ഹോട്ടലുകള്‍, ക്ലബുകള്‍, സ്റ്റാര്‍ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് പൊലീസ് പെട്രോളിംഗ് ശക്തിപ്പെടുത്തിയിട്ടുണ്ട്. മോട്ടോര്‍ സൈക്കിളുകളിലും ഓട്ടോറിക്ഷകളിലും യൂണിഫോമിലും മഫ്ടിയിലും പ്രത്യേകമായി പൊലീസ് പെട്രോളിംഗ് ഏര്‍പെടുത്തിയിട്ടുണ്ട്.
പ്രധാന സ്ഥലങ്ങളില്‍ ക്ലോസ്ഡ് സര്‍ക്യൂട്ട് കാമറകളും രഹസ്യ കാമറകളും സ്ഥാപിച്ചു. രാത്രി ഉപയോഗിക്കുന്ന തരത്തിലുള്ള ഡിജിറ്റല്‍ കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. മദ്യപിച്ച് അപകടകരമായി വാഹനം ഓടിക്കുന്നവരെ തടയുന്നതിനായി പ്രധാനസ്ഥലങ്ങളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കും. മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സിറ്റിപൊലീസ് കമ്മീഷണര്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് കുറ്റകൃത്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി c-br-c-e-l-tvm.po-l@k-er-a-l-a.gov.in, cp-tvm.po-l@k-er-a-l-a.gov.in, a-cp-sb-tvm.po-l@k-er-a-l-a.gov.in എന്നീ ഇ മെയില്‍ വിലാസങ്ങളില്‍ അയക്കാം.
അതേസമയം പുതുവര്‍ഷത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ നഗരത്തിലെ പ്രധാന ഹോട്ടലുകളും ക്ലബുകളും ആഘോഷം പൊടിപൊടിക്കാനുള്ള തയാറെടുപ്പിലാണ്. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ കോവളം, ശംഖുംമുഖം, വേളി എന്നിവിടങ്ങളില്‍ വിവിധ പരിപാടികള്‍ക്കും നിറപ്പകിട്ടാര്‍ന്ന ആഘോഷങ്ങള്‍ക്കും വേദിയൊരുങ്ങിക്കഴിഞ്ഞു. സംഗീതവും നൃത്തവും ഡിന്നറും അടക്കമുള്ള പരിപാടികളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. തീരത്തെത്തുന്ന ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ വിവിധ സംഘടനകള്‍ കലാപരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha