രമേശ് ആഭ്യന്തര മന്ത്രിയാവുമ്പോള്‍ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ തീരുമോ?

കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളെല്ലാം അവസാനിക്കുമോ? അതോ മറ്റ് പുതിയ പ്രശ്‌നങ്ങള്‍ തല പൊക്കുമോ? പ്രശ്‌നങ്ങളൊക്കെ തീര്‍ന്നുവെന്നു കരുതി ഘടകകക്ഷികള്‍ ആശ്വസിക്കുമ്പോള്‍, കോണ്‍ഗ്രസിനുള്ളില്‍ പുതിയ സംഘര്‍ഷത്തിനും ആശയക്കുഴപ്പത്തിനും വഴി തെളിയുകയാണ്.
രമേശ് ചെന്നിത്തലയ്‌ക്ക് ആഭ്യന്തരം നല്‍കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായതാണ് ഇതുവരെയുള്ള കോണ്‍ഗ്രസ് രാഷ്‌ട്രീയത്തിന്റെ വഴിയിലെ പ്രധാന ഘട്ടം. കോണ്‍ഗ്രസ് ഭരിക്കുമ്പോഴൊക്കെ ആഭ്യന്തരം മുഖ്യമന്ത്രിയുടെ കൈയ്യിലായിരുന്നു. കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലമൊക്കെയും- 1982 ല്‍ ചുരുങ്ങിയ കാലത്തേയ്‌ക്ക് വയലാര്‍ രവി ആഭ്യന്തരമന്ത്രിയായ തൊഴിച്ചാല്‍- ആഭ്യന്തരം അദ്ദേഹത്തിന്റെ കൈയിലായിരുന്നു. അതാവട്ടെ, കോണ്‍ഗ്രസില്‍ത്തന്നെ പലപ്പോഴും വിമര്‍ശിക്കപ്പെടുകയും ചെയ്‌തു. കരുണാകരന്‍ ആഭ്യന്തര വകുപ്പുപയോഗിച്ച് പാര്‍ട്ടിയിലെ എതിരാളികള്‍ക്കെതിരെ നീങ്ങുന്നുവെന്നായിരുന്നു ആന്റണി പക്ഷത്തിന്റെ പരാതി. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോഴും ആഭ്യന്തരം കൈയില്‍ വെച്ചു. എ.കെ. ആന്റണിയും എന്‍.എസ്. എസ്.ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും രമേശിനുവേണ്ടി ശക്തമായ നീക്കം നടത്തിയെങ്കിലും ഫലിച്ചില്ല. സ്വന്തം ഗ്രൂപ്പിലെ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനു വകുപ്പു കൈ മാറി ഉമ്മന്‍ചാണ്ടി ആന്റണിയുടെ നീക്കത്തില്‍ നിന്നു രക്ഷപ്പെടുകയായിരുന്നു. സോണിയാ ഗാന്ധിയുടെ മുന്നിലെത്തിയപ്പോഴും ഉമ്മന്‍ചാണ്ടി ആഭ്യന്തവകുപ്പു സംരക്ഷിച്ചു നിര്‍ത്തി. തന്റെതന്നെ ഓഫീസിലെ ചിലര്‍ സോളാര്‍ കേസില്‍പ്പെട്ട സംഭവം അന്വേഷണത്തിലായതിനാല്‍ ഇപ്പോള്‍ ആഭ്യന്തരവകുപ്പു തിരുവഞ്ചൂരില്‍ നിന്നു മാറ്റുന്നതു ശരിയല്ലെന്നാണ് ഉമ്മന്‍ചാണ്ടി അന്നു വാദിച്ചത്. സോണിയാ ഗാന്ധി അന്ന് അംഗീകരിക്കുകയും ചെയ്‌തു.
പക്ഷെ ഇന്നിപ്പോള്‍ കാര്യങ്ങള്‍ മാറിയിരിക്കുന്നു. രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലെടുക്കാതെ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ തീരില്ലെന്ന് ഉറപ്പായിരുന്നു. പ്രത്യേകിച്ച് ഘടകകക്ഷികള്‍ അകന്നു നിന്നും സമ്മര്‍ദ്ദം മുറുക്കിയും ശക്തി പ്രകടിപ്പിച്ചും നില കൊള്ളുന്ന സാഹചര്യത്തില്‍ പൊതുതെരഞ്ഞെടുപ്പ് അടുത്തുവരികയും ചെയ്‌തിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ഈയിടെ ഡല്‍ഹിയിലെത്തിയ ഉമ്മന്‍ചാണ്ടിക്കു മുമ്പാകെ ഹൈക്കമാന്റ് രമേശ് ചെന്നിത്തലയെ മന്ത്രി സഭയിലെടുക്കണമെന്ന നിര്‍ദ്ദേശം വെച്ചത്. അപ്പോള്‍ പഴയ കുതന്ത്രമൊന്നും പ്രയോഗിക്കാനാവുന്ന സ്ഥിതിയിലായിരുന്നില്ല ഉമ്മന്‍ചാണ്ടി. ഉപമുഖ്യമന്ത്രി പദത്തോടെ റവന്യൂ മന്ത്രിസ്ഥാനം എന്നതുപോലെയുള്ള പോംവഴികളും നിര്‍ദ്ദേശിക്കാന്‍ അദ്ദേഹത്തിനാവുമായിരുന്നില്ല. വളരെ പെട്ടെന്നു തന്നെ ഉമ്മന്‍ചാണ്ടി യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെട്ടു. ആഭ്യന്തരം രമേശിനു വിട്ടു കൊടുക്കുകയല്ലാതെ മറ്റു വഴികളൊന്നുമില്ലെന്ന് അദ്ദേഹം മനസ്സിലാക്കി. മാനസികമായി അതിനു തയ്യാറെടുക്കുകയും ചെയ്‌തു. രണ്ടാഴ്‌ചക്കാലമായി അതീവ രഹസ്യമായി നടന്ന ചര്‍ച്ചകള്‍ക്കും നീക്കങ്ങള്‍ക്കും ശേഷമാണ് എ.കെ.ആന്റണി തിരുവനന്തപുരത്തെത്തി തീരുമാനങ്ങള്‍ അന്തിമമാക്കിയത്. കാര്യങ്ങള്‍ രഹസ്യമാക്കിത്തന്നെ വെയ്‌ക്കാന്‍ ഉമ്മന്‍ചാണ്ടിയും രമേശും പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്‌തു. ഈ നീക്കങ്ങള്‍ പരസ്യമായാല്‍ തല്‍പരകക്ഷികള്‍ എല്ലാം തകര്‍ക്കുമെന്ന് ഇരുവര്‍ക്കും ആശങ്കയുണ്ടായിരുന്നു.
ഇനിയിപ്പോള്‍ എന്ത്? രമേശ് ആഭ്യന്തരമന്ത്രിയാവുന്നതോടെ കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഒഴിയേണ്ടിവരും. കുറച്ചുനാള്‍ കൂടി സാവകാശം കിട്ടുവെങ്കിലും പുതിയ കെ.പി.സി.സി പ്രസിഡന്റിനെ കണ്ടെത്തേണ്ടിവരും. സ്‌പീക്കര്‍ ജി. കാര്‍ത്തികേയന്റെ പേരാണ് മുന്തിയ പരിഗണനയിലുള്ളത്. പക്ഷെ വിശാല ഐ പക്ഷത്തിന് കാര്‍ത്തികേയനോട് താല്‍പര്യമില്ല. വി.എം.സുധീരന്റെ പേരും കേള്‍ക്കുന്നുണ്ട്. സുധീരനോട് പക്ഷെ ഉമ്മന്‍ചാണ്ടിക്ക് അത്ര താല്‌പര്യമില്ല. ഐ ഗ്രൂപ്പില്‍ പിന്നൊരാള്‍ കെ.പി.സി.സി അധ്യക്ഷനാവാനുള്ള സാദ്ധ്യത വളരെ കുറവാണ്. ഈ ഗ്രൂപ്പിന്റെ ഭാവിയിലേയ്‌ക്കാണ് ഈ ചോദ്യം വിരല്‍ ചൂണ്ടുന്നത്. കെ.പി.സി.സി അധ്യക്ഷനായശേഷം രമേശ് ചെന്നിത്തല തന്നെയാണ് ആന്റണി പക്ഷത്തെ എതിര്‍ത്തുവന്ന നേതാക്കളേയും ഗ്രൂപ്പുകളെയും ഏകോപിപ്പിച്ച് വിശാല ഐ ഗ്രൂപ്പുണ്ടാക്കിയത്. രമേശ് കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തു നിന്നും മാറിയാല്‍ ഐ ഗ്രൂപ്പ് ശിഥിലമാവാനാണ് സാധ്യത. ജി.കാര്‍ത്തികേയന്‍ അധ്യക്ഷനായാല്‍ ഐ ഗ്രൂപ്പിന്റെ തകര്‍ച്ച എളുപ്പമാവുകയും ചെയ്യും.
ആരാവും അടുത്ത കെ.പി.സി.സി പ്രസിഡണ്ട്?
1. ജി.കാര്‍ത്തികേയന്‍
2. വി.എം. സുധീരന്‍
3. വി.ഡി. സതീശന്‍
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha