ഉമ്മന്‍ ചാണ്ടിക്ക് രണ്ടാം പരാജയം, ആധാറിനു വേണ്ടിയുളള സത്യവാങ്‌മൂലം കുഞ്ഞാലിക്കുട്ടി പൊളിച്ചു

മന്ത്രിസഭയിലോ വകുപ്പു മന്ത്രിയുമായോ ചര്‍ച്ച ചെയ്യാതെ ആധാറിനെ പിന്തുണക്കുന്ന സത്യവാങ്‌മൂലം സമര്‍പ്പിക്കാനുളള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പദ്ധതി ഐ.ടി. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഇടപെട്ട് പൊളിച്ചു. താന്‍ അറിയാതെ തന്റെ വകുപ്പില്‍ നിന്നും ഇത്തരമൊരു സത്യവാങ്‌മൂലം സമര്‍പ്പിക്കാനുളള നീക്കം നിര്‍ഭാഗ്യകരമായെന്നും മന്ത്രി കുഞ്ഞാലിക്കുട്ടി അഡ്വക്കേറ്റ് ജനറലിനെ അറിയിച്ചു. അങ്ങനെ ആധാര്‍ പിന്തുണാ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുളള ശ്രമം എ.ജി. ഉപേക്ഷിച്ചു. സാവകാശം അനുവദിക്കണമെന്ന് കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെടും.
ആധാറിനെ സംസ്ഥാനം പിന്തുണക്കുമെന്ന വാര്‍ത്ത മന്ത്രി കുഞ്ഞാലിക്കുട്ടി അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. ആധാര്‍ ആരുടെ വകുപ്പില്‍ പെടുന്ന കാര്യമാണെന്ന് മന്ത്രിക്ക് അറിയുമായിരുന്നില്ല. മുഖ്യമന്ത്രിയുടെ വകുപ്പായിരിക്കുമെന്നാണ് കുഞ്ഞാലിക്കുട്ടി ആദ്യം കരുതിയത്. മലപ്പുറത്ത് നിന്നും തിരുവനന്തപുരത്തെത്തിയ മന്ത്രി ഐ.ടി. സെക്രട്ടറിയുമായി ചര്‍ച്ച നടത്തി. ആധാര്‍ ഐ.ടിയുമായി ബന്ധപ്പെട്ട കാര്യമാണെന്നും അഡ്വക്കേറ്റ് ജനറലിന് തന്നോട് ആലോചിക്കാതെ സത്യവാങ്‌മൂലം നല്‍കാന്‍ അവകാശമില്ലെന്നും കുഞ്ഞാലിക്കുട്ടിക്ക് നിയമോപദേശം ലഭിച്ചു. ഉടന്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഫോണില്‍ ബന്ധപ്പെട്ട് വിവരം ധരിപ്പിച്ചു.
ആധാര്‍ സത്യവാങ്‌മൂലം സമര്‍പ്പിക്കേണ്ടതാണെന്നും യു.പി.എ സര്‍ക്കാരിന്റെ 'ഫ്‌ളാഗ്‌ഷിപ്പ്' പ്രോഗ്രാമിനെ പിന്തുണക്കേണ്ട ബാധ്യത കേരളസര്‍ക്കാരിനുണ്ടെന്നും ഉമ്മന്‍ചാണ്ടി കുഞ്ഞാലിക്കുട്ടിയെ അറിയിച്ചതായാണ് സൂചന. ഏതായാലും ആധാര്‍ പോലെ ജനസമ്മതി കുറഞ്ഞ വിഷയത്തില്‍ ചാടിക്കയറി അഭിപ്രായം പറയരുതെന്നാണ് തന്റെ പക്ഷമെന്ന് കുഞ്ഞാലിക്കുട്ടി ഉമ്മന്‍ചാണ്ടിയോട് പറഞ്ഞു. അപ്പീല്‍ കോടതിയില്‍ സാവകാശം ചോദിക്കാമെന്നായി ഉമ്മന്‍ചാണ്ടി.
രമേശ് ചെന്നിത്തലയുടെ മന്ത്രിലബ്‌ധിയോടെ സര്‍ക്കാരില്‍ ഒറ്റപ്പെട്ടിരിക്കുന്ന ഉമ്മന്‍ചാണ്ടിക്ക് ആധാറിലുളള കുഞ്ഞാലിക്കുട്ടിയുടെ നിലപാട് മറ്റൊരു തിരിച്ചടിയായി. നേരത്തെ തിരുവഞ്ചൂരിന് വിജിലന്‍സ് നിലനിര്‍ത്താനുളള നീക്കം പാളിയിരുന്നു. ആധാറിനെ പിന്തുണക്കണമെന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് സോണിയാഗാന്ധി നിര്‍ദ്ദേശം നല്‍കിയിരുന്നു. സുപ്രീംകോടതിയില്‍ സാവകാശം ചോദിച്ച വിവരം കോണ്‍ഗ്രസ് ഹൈക്കമാന്റിനെ അറിയിക്കേണ്ടി വരും. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിനേറ്റ പരാജയമായി ഇത് വിലയിരുത്തപ്പെടും. പൊതുവേ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിന് എതിരായ വികാരമാണ് കോണ്‍ഗ്രസ് ഹൈക്കമാന്റിനുളളത്. യു.ഡി.എഫിലെ ഘടകകക്ഷികള്‍ ഇപ്പോള്‍ രമേശ് ചെന്നിത്തലക്കൊപ്പമാണ്.
ചക്കിട്ടുപാറ ഖനനാനുമതി ഉത്തരവ് പിന്‍വലിച്ചതിനുശേഷം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ജനസമ്മതി വര്‍ദ്ധിപ്പിച്ച സംഭവമായി ആധാര്‍ വിവാദം മാറി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha