സിങ്കത്തെ സര്‍ക്കാര്‍ പൂട്ടും; വേല വേണ്ടെന്ന് തിരുവഞ്ചൂര്‍

സിങ്കത്തെ പൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഗതാഗതമന്ത്രി സ്ഥാനം ആര്യാടനില്‍ നിന്നും തിരുവഞ്ചൂരിലെത്തിയപ്പോള്‍ തന്നെ ഋഷിരാജ്‌സിംഗ് തെറിക്കുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. മോട്ടോര്‍വാഹന വകുപ്പില്‍ നടത്തിയ ചില സസ്‌പെന്‍ഷനുകളുടെ പേരിലാണ് മന്ത്രിയും ഗതാഗതകമ്മീഷണറും തമ്മില്‍ ഉടക്കിയത്.
മോട്ടോര്‍ വാഹന വകുപ്പില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്‌തശേഷം അനര്‍ഹമായ കീഴുദ്യോഗസ്ഥര്‍ക്ക് പ്രൊമോഷന്‍ നല്‍കുന്നു എന്ന ഗുരുതരമായ ആരോപണമാണ് ഋഷിരാജ്‌സിംഗിന്റെ പേരില്‍ ഉന്നയിക്കുന്നത്. ഇതില്‍ പ്രകോപിതനായ മന്ത്രി ഋഷിരാജ്‌സിംഗിനെ ഓഫീസില്‍ വിളിച്ചു വരുത്തുകയായിരുന്നു. ഉദ്യോഗസ്ഥരുടെ താത്‌പര്യം സംരക്ഷിക്കാനല്ല താന്‍ മന്ത്രിയായിരിക്കുന്നതെന്ന് തിരുവഞ്ചൂര്‍ സിംഗിനെ അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് താന്‍ നടപടി സ്വീകരിച്ചതെന്ന് സിംഗ് പറഞ്ഞെങ്കിലും തന്നെ പഠിപ്പിക്കേണ്ടെന്ന നിലപാടാണ് തിരുവഞ്ചൂര്‍ സ്വീകരിച്ചത്.
ഋഷിരാജ്‌സിംഗിനെ വാര്‍ത്താതാരമാക്കിയ മലയാളമനോരമ തന്നെയാണ് സിംഗിനെതിരെ ആദ്യം വാര്‍ത്ത നല്‍കിയത്. ഗതാഗത കമ്മീഷണര്‍ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രൊമോഷന്‍ മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു വാര്‍ത്ത. ആര്യങ്കാവ് ചെക്ക് പോസ്റ്റിലെ ചില ഉദ്യോഗസ്ഥരെയാണ് സിംഗ് സസ്‌പെന്‍ഡ് ചെയ്‌തത്. ചട്ടങ്ങള്‍ ലംഘിച്ച് താന്‍ സ്ഥാന കയറ്റം നല്‍കിയ ഉദ്യോഗസ്ഥരെ തരമതാഴ്‌ത്തുന്നത് ഒഴിവാക്കാനാണ് ഋഷിരാജ്‌സിംഗ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുന്നത്. സസ്‌പെന്‍ഷന് മുമ്പ് ഉദ്യോഗസ്ഥരില്‍ നിന്നും വിശദീകരണം തേടിയിരുന്നില്ല. കുറ്റക്കാരെ കണ്ടെത്തി വിജിലന്‍സ് അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് നല്‍കിയത്. കഴിഞ്ഞയാഴ്‌ച വിജിലന്‍സ് ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ ആര്യങ്കാവ് ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥരില്‍ നിന്നും വിശദീകരണം വാങ്ങാനാണ് തീരുമാനിച്ചത്. ഇതിനിടയിലാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് വരുന്നത്.
ഋഷിരാജ്‌സിംഗിന്റെ വാദങ്ങളൊന്നും തിരുവഞ്ചൂര്‍ അംഗീകരിച്ചിട്ടില്ല. സിംഗ് ഓവര്‍സ്‌മാര്‍ട്ടാവുന്നു എന്ന പരാതി ആഭ്യന്തരമന്ത്രിയായിരിക്കെ തന്നെ തിരുവഞ്ചൂരിനുണ്ടായിരുന്നു. ആര്യാടന്‍ ഗതാഗത മന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിയോടുള്ള വിരോധത്താല്‍ സിംഗിനെ കയറൂരിവിട്ടിരുന്നു. എന്നാല്‍ സിംഗിന്റെ നടപടികള്‍ സര്‍ക്കാരിന് നേട്ടമുണ്ടാക്കുകയാണ് ചെയ്‌തത്. ആര്യാടന്‍ മാറിയതോടെ സിങ്കത്തിന് കഷിടകാലവും തുടങ്ങി.
മോട്ടോര്‍ വാഹന വകുപ്പില്‍ സ്വീകരിക്കുന്ന നടപടികള്‍ താനുമായി ചര്‍ച്ച ചെയ്യണമെന്നും താനറിയാതെ പുതിയ പദ്ധതികളൊന്നും നടപ്പിലാക്കേണ്ടതില്ലെന്നും തിരുവഞ്ചൂര്‍ സിംഗിനോട് പറഞ്ഞതായാണ് സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha