മോനേ അബ്‌ദുള്ളക്കുട്ടി, ചിറ്റിലപ്പള്ളി ജസീറ വരുന്നു ഓടിക്കോ... സമരം പിന്‍വലിച്ച ജസീറ നേരെ പോകുന്നത് ചിറ്റിലപ്പള്ളിയുടെ വീട്ടിലേക്ക്

മണല്‍ മാഫിയയ്‌ക്കെതിരെ ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ നടത്തിയ ഏകാംഗ സമരം ജസീറ പിന്‍വലിച്ചു. രാജ്യ തലസ്ഥാനത്ത് 116 ദിവസമായി തുടരുന്ന സമരമാണ് കണ്ണൂര്‍ സ്വദേശിനി ജസീറ പിന്‍വലിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. മക്കളായ റിസ്വാന (12), ഷിഫാന (9), മുഹമ്മദ് (1.5) എന്നിവരെയും കൊണ്ടാണ് കനത്ത തണുപ്പിനെയും അവഗണിച്ച് ജസീറ തന്റെ സമരം തുടര്‍ന്നത്.
ഡല്‍ഹിയില്‍ നിന്നും കുട്ടികളേയും കൂട്ടി വണ്ടികയറുന്നത് നേരെ ചിറ്റിലപ്പള്ളിയുടെ വീട്ടിലേക്കാണ്. അതെ നമ്മുടെ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ വീട്ടിലേക്ക് തന്നെ. കുട്ടിയും കുറുമാലും കൂടിയുള്ള സത്യാഗ്രഹ സമരം ഇനി കൊച്ചു മുതലാളിയുടെ വീട്ടിലാണ്. കൊച്ചൗസേപ്പ് മണല്‍ കള്ളക്കടത്തു നടത്തിയിട്ടൊന്നുമല്ല വീട്ടു പടിക്കല്‍ സമരം ചെയ്യുന്നത്. പറഞ്ഞ വാക്ക് പാലിക്കാത്തതിന്.
പാവം കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. എന്താ ആ മനുഷ്യന്‍ ചെയ്‌ത തെറ്റ്. ക്ലിഫ് ഹൗസ് സമരത്തിനിടെ കമ്മ്യൂണിസ്റ്റ് നേതാക്കളെ മര്യാദ പഠിപ്പിച്ച സന്ധ്യയെ കണ്ട് നമ്മളുള്‍പ്പെടെയുള്ള എല്ലാ മുതലാളിമാരും തൊഴിലാളിമാരും കൈയ്യടിച്ചു. എന്നാല്‍ ചിറ്റിലപ്പള്ളിയാകട്ടെ ആവേശത്തിന് ഉടന്‍ പ്രഖ്യാപിച്ചു 5 ലക്ഷം രൂപ. 5 ലക്ഷം പ്രഖ്യാപിച്ച ചിറ്റിലപ്പള്ളിക്ക് 50 കോടിയുടെ പരസ്യം കിട്ടിയെന്ന് അടക്കം പറച്ചില്‍ വേറെ.
ങാഹാ... ചിറ്റിലപ്പള്ളിക്ക് അത്രയ്‌ക്ക് കാശുണ്ടോ. എങ്കില്‍ മണല്‍മാഫിയ്‌ക്കെതിരെ ഡല്‍ഹിയില്‍ സമരം നടത്തുന്ന ജസീറയ്‌ക്കാണ് 5 ലക്ഷം കൊടുക്കേണ്ടതെന്നായി പൊതു സമൂഹം. എന്തു ചെയ്യും ചിറ്റിലപ്പള്ളി. കൈയ്യില്‍ ഇഷ്‌ടം പോലെ കാശുണ്ട്. ഉടന്‍ പ്രഖ്യാപിച്ചു ജസീറയ്‌ക്കും 5 ലക്ഷം.
അഞ്ചും അഞ്ചും പത്തു ലക്ഷമാണ് സന്ധ്യയ്‌ക്കും ജസീറയ്‌ക്കുമായി കൊടുക്കാനുള്ളത്. ഇടതുമുന്നണിയുടെ ക്ലിഫ് ഹൗസ് സമരം കഴിഞ്ഞു. പട്ടിണി സമരം കഴിഞ്ഞു. എന്തിന് ജസീറയുടെ സമരവും കഴിഞ്ഞു. പക്ഷേ ചിറ്റിലപ്പള്ളി മാത്രം അനങ്ങിയില്ല. കൈയ്യില്‍ തുട്ടില്ലാത്തതല്ല കാരണം. വെറുതെ 10 ലക്ഷത്തിന്റെ തുട്ടിറക്കണമല്ലോ എന്നോര്‍ത്തിട്ടാ.
എന്തായാലും ജസീറ വിടാന്‍ ഭാവമില്ല. കൊച്ചുമുതലാളിയുടെ മുമ്പില്‍ ജസീറ കുട്ടികളോടൊപ്പം സമരമിരിക്കും. ഒന്നുകില്‍ പറഞ്ഞ 5 ലക്ഷം നല്‍കണം. അല്ലെങ്കില്‍ പരസ്യമായി പണം തരില്ലെന്നു ചിറ്റിലപ്പള്ളി പറയണം.
ചിറ്റിലപ്പള്ളി ചെറ്റിലപ്പള്ളിയാണെന്ന് പല നേതാക്കളും പറഞ്ഞത് വീണ്ടും പറയാതിരിക്കാന്‍ വി ഗാര്‍ഡിന്റെ 10 ഇന്‍വര്‍ട്ടറെങ്കിലും വിറ്റ് ജസീറയുടെ 5 ലക്ഷം കൊടുക്കും, തീര്‍ച്ച.
അങ്ങനെ 5 ലക്ഷവും വാങ്ങിച്ച് ജസീറ നേരെ പോകുന്നത് എപി അബ്‌ദുള്ളക്കുട്ടിയുടെ അടുത്താണ്. വെറും പോക്കല്ല. തന്നെ മോളെ ജസീറേ... എന്ന് വിളിച്ച് അപമാനിച്ച അബ്‌ദുള്ളക്കുട്ടിയെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ . ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അബ്‌ദുള്ളക്കുട്ടി എവിടെ നിന്നാലും ജസീറ എതിര്‍ സ്ഥാനാര്‍ത്ഥിയാകും. ജസീറക്കെതിരെ താന്‍ എഴുതിയ ലേഖനം വിവാദമാക്കാന്‍ അബ്ദുള്ളക്കുട്ടി പത്രപ്രവര്‍ത്തകരെ ബന്ധപ്പെട്ടെന്ന് ചില മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവിട്ടിരുന്നു.
എന്തായാലും ജസീറയ്‌ക്ക് 5 ലക്ഷം കൊടുക്കാമെന്നേറ്റ ചിറ്റിലപ്പള്ളിയും ജസീറയെ ഉപദേശ മട്ടില്‍ കളിയാക്കിയ അബ്‌ദുള്ളക്കുട്ടിയും വെള്ളം കുടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ചിറ്റിലപ്പള്ളിയ്‌ക്ക് 5 ലക്ഷം പോകും അബ്‌ദുള്ളക്കുട്ടിക്ക് 5 ലക്ഷത്തിന്റെ വോട്ടും പോകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha