ലക്ഷ്മി നായര്‍ ഇനി സ്റ്റാച്യുവില്‍ ഇരുന്ന് അക്കാദമി ഭരിക്കും

ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്നും മാറി നില്‍ക്കുന്ന ഡോ.ലക്ഷ്മി നായര്‍ ഇനി സ്റ്റാച്യു പുന്നന്‍ റോസിലുള്ള അക്കാദമി റിസര്‍ച്ച് സെന്ററില്‍ ഡയറക്ടറായി പ്രവര്‍ത്തിക്കുമെന്ന് സൂചന. അതേസമയം ലക്ഷ്മി നായരുടെ കാര്യത്തില്‍ ഇനി തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്ന നിലപാട് സമരക്കാരെ അറിയിക്കാന്‍ സര്‍ക്കാര്‍ തിരുവനന്തപുരം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.
പുന്നന്‍ റോഡിലുള്ള ഓഫീസിലിരുന്ന് ലക്ഷ്മി നായര്‍ അക്കാദമിയുടെ ഭരണം തുടരുമെന്നാണ് വിവരം. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ സമര രംഗത്തുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കനത്ത പ്രഹരമായി തീരും.ഇന്റണല്‍ മാര്‍ക്ക് ഉള്‍പ്പെടെയുള്ള ഒരു വിഷയത്തിലും കേരള സര്‍വകലാശാല തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല. അക്കാദമി സ്വകാര്യ സ്ഥാപനമാണ്. അവിടെത്തെ കാര്യങ്ങളില്‍ സജീവമായി ഇടപെടാന്‍ സര്‍ക്കാരിനും സര്‍വകലാശാലക്കും ധാരാളം പ്രതിബന്ധങ്ങളുണ്ട്. ഇതാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ചുണ്ടി കാണിക്കുന്ന വസ്തുത.
ലക്ഷ്മി നായര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രതികാര നടപടികള്‍ തുടര്‍ന്നാല്‍ പോലും സര്‍ക്കാരിന് ഒന്നും ചെയ്യാനാവില്ല. സര്‍ക്കാര്‍ ലക്ഷ്മി നായരുടെ പക്ഷത്താണ്. അതിനുള്ള സ്വാധീനവും അവര്‍ക്കുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വരെ അവര്‍ക്ക് വിശ്വസ്തരായ അനുയായികളുണ്ട്.ലക്ഷ്മി നായരുടെ വിഷയം സി പി എം ഏറ്റെടുത്തു കഴിഞ്ഞു.കൈരളി ചാനലില്‍ പ്രോഗ്രാം അവതരിപ്പിക്കുന്നതാണ് ലക്ഷ്മിയോട് മറ്റ് മാധ്യമങ്ങള്‍ക്കുള്ള അസൂയയുടെ കാരണമെന്ന് കോടിയേരി പറഞ്ഞതില്‍ നിന്നും ഇതാണ് മനസിലാക്കേണ്ടത്.
അക്കാദമി വിഷയം ബി ജെ പി മുതലാക്കിയ പശ്ചാത്തലത്തില്‍ സമരം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഒരിക്കലും തയാറാവില്ല. അതിന്റെ നേട്ടം ബി ജെ പി ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറല്ല .നിരാഹാരം കിടക്കുന്നവര്‍ തീരെ വിശക്കുമ്പോള്‍ എഴുന്നേറ്റ് പോകുമെന്ന നിലപാടിലാണ് സര്‍ക്കാര്‍. അക്കാദമിക്ക് മുമ്പിലെ സമരപ്പന്തല്‍ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് അക്കാദമി ഹൈക്കോടതിയില്‍ പോയത് സര്‍ക്കാര്‍ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണെന്നു കേള്‍ക്കുന്നു.
സമരക്കാരെ സര്‍ക്കാര്‍ നിഷ്‌ക്കരുണം നേരിട്ടെന്നുമിരിക്കും.. പഴയ കാല പോരാട്ട വീര്യമൊക്കെ സി പി എമ്മില്‍ അവസാനിച്ചുകഴിഞ്ഞു. ചിലപ്പോള്‍ പോലീസ് വിദ്യാര്‍ത്ഥികളെ കടന്നാക്രമിച്ചേക്കാം. അതിന്റെ ഭാഗമാണ് കളക്ടറുടെ സന്ദര്‍ശനം. ഏതായാലും ലക്ഷ്മി നായര്‍ തറവാട്ടില്‍ തന്നെ തുടരുന്ന പശ്ചാത്തലത്തില്‍ പാവപ്പെട്ട വിദ്യാര്‍ത്തികളുടെ ഭാവി കണ്ടു തന്നെയറിയാം.
https://www.facebook.com/Malayalivartha