അറുപതാം വാര്‍ഷികം അറംപറ്റി; അന്ന് ഫ്ലോറി, ഇന്ന് മഹിജ

തെരഞ്ഞെടുപ്പിലൂടെ കമ്മ്യൂണിസ്റ്റ് ഭരണം അധികാരത്തില്‍ വന്നതിന്റെ അറുപതാം വാര്‍ഷികത്തിലാണ് അത് സംഭവിച്ചത്, നീതി തേടിയെത്തിയ വീട്ടമ്മയെ പോലീസ് തെരുവില്‍ മര്‍ദ്ദിച്ചത്. ആദ്യ അധികാരമേല്‍ക്കലിന്റെ വാര്‍ഷികാഘോഷം തകര്‍ത്തത് പോലീസോ, പാര്‍ട്ടിക്കുള്ളിലെ സര്‍ക്കാര്‍ വിരുദ്ധരോ, പ്രതിപക്ഷമോ എന്ന് കണ്ടെത്താന്‍ ഒരു കമ്മീഷന്‍ വേണ്ടിവരുമോ എന്നാണിപ്പോള്‍ സംശയം.
അധികാരത്തിലേറുമ്പോഴെല്ലാം വിമോചന സമരം പേടിക്കുന്ന കമ്മ്യൂണിസ്റ്റുകള്‍ക്ക്, അന്ന് ഫ്‌ളോറി എന്ന ഗര്‍ഭിണി അങ്കമാലിയില്‍ വെടിയേറ്റു മരിച്ചപ്പോള്‍ ചിന്തിയ ചോര വിനയായതുപോലെ, മഹിജയുടെ ശാപം കിട്ടാതിരിക്കുമോ എന്ന് കണ്ടുതന്നെ അറിയണം. ഒന്നുറപ്പ്, കേരളത്തിലെ വനിതകളുടെ പ്രാക്കുണ്ടാകും. 1957 ഏപ്രില്‍ അഞ്ചിനായിരുന്നു ഇ.എം.എസ്. മന്ത്രിസഭ അധികാരമേറ്റത്. അല്‍പ്പായുസ്സായെങ്കിലും, ചരിത്രത്തിലിടം നേടി. ഇന്നലെ അതിന്റെ 60ാം ആഘോഷത്തിന് പലരും കാതുകൂര്‍പ്പിച്ചിരിക്കെയാണ് മഹിജയുടെ ദീന വിലാപം തലസ്ഥാനത്തുനിന്ന് കേരളത്തിനു കേള്‍ക്കേണ്ടിവന്നത്.
അങ്കമാലികല്ലറയിൽ
ഞങ്ങടെ സോദരരാണെങ്കിൽ
ആ കല്ലറയണേ കട്ടായം
പകരം ഞങ്ങൾ ചോദിക്കും
വിമോചന സമരക്കാർ ഏറ്റുപാടിയ മുദ്രാവാക്യം കേരളമാകെ പ്രകന്പനമായി.
മഹിജയും കൊല്ലപ്പെട്ട മകന്‍ ജിഷ്ണു പ്രണോയിയും കമ്മ്യൂണിസ്റ്റ് വിശ്വാസികള്‍. പോലീസില്‍നിന്ന് നീതി കിട്ടുന്നില്ലെന്ന ആക്ഷേപമാണ് ഇന്നലത്തെ സമരത്തിനു കാരണം. ജിഷ്ണുവിന്റെ മരണത്തിനു കാരണമായത് വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന പ്രശ്‌നം തന്നെയാണ്. വിമോചനസമരത്തിനും ഇതൊക്കെയായിരുന്നു അടിസ്ഥാന പ്രശ്‌നം.
കേരളത്തിലെ പോലീസ് ഗ്രൂപ്പ് തിരിഞ്ഞുകഴിഞ്ഞു. രണ്ടായല്ല, പലതായി. തലപ്പത്തുള്ളവരെ ആരും അനുസരിക്കുന്നില്ല. സിപിഎം വളര്‍ത്തിയ പോലീസ് ഗ്രൂപ്പ് സംഘടനകള്‍ അവര്‍ക്കു നേരേ തിരിഞ്ഞുകഴിഞ്ഞു.
പോലീസിനെ നയിക്കുന്ന ആഭ്യന്തര മന്ത്രിയോ പാര്‍ട്ടി നേതൃത്വമോ എന്ന സംശയം നാള്‍ക്കുനാള്‍ ശക്തിപ്പെടുന്നു. മഹിജയെ പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം കൂടി വന്നേക്കും, അന്നത്തെ അരിക്കുംഭകോണ അന്വേഷണത്തെ അനുസ്മരിപ്പിച്ചുകൊണ്ട്.
ഇന്ന് വിമോചനം നയിക്കുന്നത് പാര്‍ട്ടികളാവില്ല, മത സംഘടനകളുടെ പിന്തുണയുണ്ടാവില്ല. സിഐഎ, അമേരിക്ക തുടങ്ങിയവയെ പഴിക്കാനാവില്ല. ഈ സര്‍ക്കാരിനെ ഒരു തരത്തിലും സഹിക്കാനാവാത്തവര്‍ ചേര്‍ന്നു നയിക്കുന്ന ജനകീയ വിമോചന പ്രക്ഷോഭമാകും സംഭവിച്ചേക്കുക, തികച്ചും ജനാധിപത്യമാര്‍ഗത്തിലൂടെ.
https://www.facebook.com/Malayalivartha

























