മക്കള്‍ അച്ഛനെത്തേടി അലഞ്ഞു; ഒടുവില്‍ കണ്ട കാഴ്ചയാകട്ടെ....

തീവണ്ടിയാത്രക്കിടെ കാണാതായ അച്ഛനെത്തേടി മക്കള്‍ അലഞ്ഞത് ഒന്നരമാസം. ഈ സമയമത്രയും അച്ഛന്‍ ഒരജ്ഞാതമൃതദേഹമായി കോട്ടയം മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയില്‍ കിടക്കുകയായിരുന്നു. ഒന്നരമാസത്തോളം അന്വേഷിച്ചലഞ്ഞ മക്കള്‍ ഒടുവില്‍ മെഡിക്കല്‍ കോളേജില്‍ എത്തുമ്പോള്‍ അച്ഛന്‍ പഠനവസ്തുവായി കോളേജ് വിദ്യാര്‍ഥികളുടെ മേശപ്പുറത്തെത്തിയിരുന്നു. അല്പംകൂടി വൈകിയിരുന്നെങ്കില്‍ പഠനത്തിനായി കീറിമുറിച്ച മൃതദേഹമായിരുന്നേനെ അവര്‍ക്ക് തിരികെക്കിട്ടുക.
പത്തനംതിട്ട അടൂര്‍ മിത്രപുരം സുശാന്ത് ഭവനത്തില്‍ എം.കെ. ഭാസ്‌കരന്റെ (65) മൃതദേഹമാണ് റെയില്‍വേയുടെയും പോലീസിന്റെയും അനാസ്ഥയില്‍ അജ്ഞാത ജഡമായത്. 30 വര്‍ഷമായി ഛത്തീസ്ഗഢിലെ ബസ്തറില്‍ ജലഅതോറിറ്റി ജീവനക്കാരനായിരുന്നു ഭാസ്‌കരന്‍
ഏപ്രില്‍ അഞ്ചിന് മൂത്തമകന്റെ കുഞ്ഞിനെക്കാണാന്‍ മുംബൈ കൊല്ലം എക്‌സ്പ്രസില്‍ അദ്ദേഹം നാട്ടിലേക്കുതിരിച്ചു. സീറ്റ് റിസര്‍വ് ചെയ്തിരുന്നു. ആലുവയിലെത്തിയപ്പോള്‍ തീവണ്ടിയില്‍ കുഴഞ്ഞുവീണു. ആര്‍.പി.എഫ്. ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ ആലുവ സര്‍ക്കാര്‍ ആസ്പത്രിയിലാക്കി. സ്ഥിതി ഗുരുതരമായതിനെത്തുടര്‍ന്ന് എറണാകുളം ജനറല്‍ ആസ്പത്രിയിലേക്കും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്കും മാറ്റി. ഏപ്രില്‍ ഒമ്പതിന് രാത്രി 8.45ന് മരിച്ചു. അജ്ഞാതമൃതദേഹമായി മോര്‍ച്ചറിയിലേക്കുമാറ്റി.
ഒന്നരമാസത്തിനുശേഷം നടപടികള്‍ പൂര്‍ത്തിയാക്കി മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളുടെ പഠനവിഭാഗത്തിലേക്ക് കൈമാറി. അപ്പോഴും പേരക്കുട്ടിയെ കാണാന്‍ മടങ്ങിയ അച്ഛനെത്തേടി മക്കള്‍ അലയുകയായിരുന്നു. അച്ഛനെ കാണാതായെന്നുകാട്ടി ചെങ്ങന്നൂരിലും കോട്ടയം റെയില്‍വേ പോലീസിലും ഇവര്‍ പരാതി നല്‍കിയിരുന്നു. ഈ അന്വേഷണമാണ് ഒടുവില്‍ മെഡിക്കല്‍ കോളേജ് പഠനവിഭാഗത്തിലെത്തിയത്.
ആലുവയില്‍ ഭാസ്‌കരനെ ആസ്പത്രിയിലാക്കിയശേഷം ആര്‍പി.എഫ്. നല്‍കിയ വിവരമനുസരിച്ച് എറണാകുളം നോര്‍ത്ത് സ്‌റ്റേഷനിലാണ് തീവണ്ടിയില്‍ നിന്നുലഭിച്ച ബാഗ് എടുത്തുവെച്ചത്. ഇത് ദിവസങ്ങളോളം വരാന്തയില്‍ത്തന്നെ കിടന്നു. കഴിഞ്ഞ ദിവസം ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ബാഗ് പരിശോധിച്ചതാണ് വഴിത്തിരിവായത്.
ബാഗില്‍ നിന്നു ലഭിച്ച റിസര്‍വേഷന്‍ ഏജന്‍സിയുടെ നമ്പറിലേക്ക് വിളിച്ചപ്പോള്‍ ഭാസ്‌കരന്റെ രണ്ടാമത്തെ മകന്‍ സുമിത്തിന്റെ വിവരങ്ങള്‍ നല്‍കി. സുമിത്ത് കേരളത്തിലുണ്ടായിരുന്ന ചേട്ടന്‍ സന്ദീപിനെയും ബന്ധുവായ പ്രശാന്തിനെയും അറിയിച്ചു. ഇവര്‍ പ്രതീക്ഷയോടെ, എറണാകുളത്ത് എത്തിയപ്പോഴാണ് ഭാസ്‌കരനെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെന്നറിഞ്ഞത്.
അവിടെച്ചെന്നപ്പോള്‍ കേട്ട വാര്‍ത്ത ഹൃദയഭേദകമായിരുന്നു. ഏറെനേരത്തെ ശ്രമത്തിനുശേഷമാണ് മൃതദേഹം കാണാന്‍ അനുവദിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം തിരിച്ചറിയാന്‍ പ്രശാന്തിനോ ബന്ധുക്കള്‍ക്കോ കഴിഞ്ഞില്ല. വെള്ളിയാഴ്ച സുമിത്ത് എത്തി കാലിലെ അടയാളംവെച്ചാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
ഛത്തിസ്ഗഢില്‍ നിന്നു പുറപ്പെടുമ്പോള്‍ ബാഗില്‍ 15,000 രൂപയും എ.ടി.എം. കാര്‍ഡും ഫോണും ഉണ്ടായിരുന്നു. ഇതില്‍ നിന്ന് 2000 രൂപ മാത്രമേ ലഭിച്ചുള്ളൂ. അജ്ഞാതമൃതദേഹമായിരുന്നതിനാല്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ വാര്‍ത്ത നല്‍കിയിരുന്നു. പ്രാദേശികപേജുകളില്‍ ഒതുങ്ങിയതിനാല്‍ ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല.
സീറ്റ് റിസര്‍വ് ചെയ്താല്‍ വിലാസം റെയില്‍വേയുടെ പക്കലുണ്ടാകും. ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ അദ്ദേഹത്തെ രക്ഷിക്കാനാകുമായിരുന്നുവെന്ന് ബന്ധുവായ പ്രശാന്ത് പറഞ്ഞു. അവിടെ ആസ്പത്രിയിലെത്തിച്ചപ്പോള്‍പ്പോലും പോലീസ് ഉണ്ടായിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മൃതദേഹം ശനിയാഴ്ച ഉച്ചയ്ക്കുശേഷം ബന്ധുക്കള്‍ക്ക് കൈമാറി. മക്കള്‍ സന്ദീപ്, സുമിത്ത്, അനീഷ്. മരുമകള്‍ രാധ
https://www.facebook.com/Malayalivartha























